കൽപറ്റ ∙ തീവ്ര വോട്ടർ പട്ടിക (എസ്ഐആർ) പരിഷ്കരണവുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിൽ 63,027 പേരുടെ ഹിയറിങ് പൂർത്തിയായി. എസ്ഐആർ നടപടികളുടെ ഭാഗമായി ആകെ 63027 ഹിയറിങ് നോട്ടിസുകളാണ് ജില്ലയിൽ തയാറാക്കിയത്.
നോട്ടിസ് നൽകിയ മുഴുവൻ പേരും ഹിയറിങ്ങിൽ പങ്കെടുക്കുകയും അന്തിമ കരട് വോട്ടർ പട്ടിക വേഗത്തിൽ പൂർത്തീകരിക്കുമെന്നും കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ അറിയിച്ചു.
ജില്ലയിലെ ആകെ വോട്ടർമാരിൽ 3,26,935 പേർ 2002-ലെ വോട്ടർ പട്ടികയിൽ പേരുള്ളവരാണെന്ന് എസ്ഐആർ നടപടികളിലൂടെ ബിഎൽഒമാർ സ്ഥിരീകരിച്ചു. 2,58,775 പേരുടെ അടുത്ത ബന്ധുക്കൾ 2002-ലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവരാണ്.
18,777 വോട്ടർമാർക്കാണ് 2002- ലെ വോട്ടർ പട്ടികയിൽ സ്വന്തം പേരോ, അടുത്ത ബന്ധുക്കളുടെ പേരോ ഇല്ലാത്തത്. ജില്ലയിൽ ആകെ 37223 പേരാണ് എഎസ്ഡി ലിസ്റ്റിൽ ഉൾപ്പെട്ട് കരട് വോട്ടർ പട്ടികയിൽ നിന്നും പുറത്തായത്.
നിലവിൽ വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
23016 പേരാണ് വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാൻ ഫോം 6 പ്രകാരം ഇതുവരെ അപേക്ഷ നൽകിയത്. പ്രവാസികളായ 1781 പേരാണ് ഫോം 6 എ യിൽ അപേക്ഷിച്ചത്.
ഫോം 7 ൽ 155 അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്. കരട് പട്ടികയിൽ ജില്ലയിലെ ആകെ വോട്ടർമാരുടെ എണ്ണം 6,04,487ആയി.
ഇതിൽ 2,96,036 പുരുഷൻമാരും 3,08,449 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡർ വോട്ടർമാരുമാണ് ഉൾപ്പെടുന്നത്. കരട് വോട്ടർ പട്ടിക സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിൽ എന്യൂമറേഷൻ ഫോമുകളിലെ തീരുമാനങ്ങൾ, പരാതി തീർപ്പാക്കൽ എന്നിവ ഫെബ്രുവരി 14 വരെ നടക്കും.
ഫെബ്രുവരി 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഇതിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പിന് നാമ നിർദേശ പത്രിക സമർപ്പിക്കുന്ന അവസാന തീയതി വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനും മാറ്റങ്ങൾ വരുത്താനും അവസരമുണ്ടാകും.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ റോൾ ഒബ്സർവറും റവന്യു സെക്രട്ടറിയുമായ എം.ജി.രാജമാണിക്യം, സബ് കലക്ടർ അതുൽ സാഗർ, അസിസ്റ്റന്റ് കലക്ടർ പി.പി.അർച്ചന, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ നിജു കുര്യൻ, എൽആർ ഡെപ്യൂട്ടി കലക്ടർ കെ.
മനോജ് കുമാർ, എൽഎ ഡെപ്യൂട്ടി കലക്ടർ എം.കെ ഇന്ദു, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

