ചെർപ്പുളശ്ശേരി ∙ മകരം മുഴുവൻ നീളുന്ന രാമായണം തോൽപാവക്കൂത്തുത്സവത്തിന്റെ സമാപനഭാഗമായുള്ള പുത്തനാൽക്കൽ കാളവേല ഇന്ന് ആഘോഷിക്കും. രാവിലെ 9നു പാലും വെള്ളരിയും നിവേദ്യത്തോടെയാണു തുടക്കം.
തന്ത്രി അണ്ടലാടി മനയ്ക്കൽ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യകാർമികനാകും. 8 മുതൽ കഞ്ഞിസദ്യയുമുണ്ട്.
9.30ന് കലാമണ്ഡലം ജിനേഷും സംഘവും ഓട്ടൻതുള്ളൽ അവതരിപ്പിക്കും.
വൈകിട്ട് 3നു കരിവേലയ്ക്കും സ്കൂൾ വേലയ്ക്കും പിന്നാലെ കാവുവട്ടത്തുനിന്ന് ഇണക്കാളകളുടെ തുടർപ്രയാണം രാത്രി 11.30 വരെ നീളും. അർധരാത്രിയോടെ ഇണക്കാളകൾ കാളവേലപ്പറമ്പിൽ എത്തുമ്പോൾ ക്ഷേത്രം ഊരാളരായ മോഴിക്കുന്നത്ത് മനയുടെ ഒറ്റക്കാള ഒന്നാം സ്ഥാനത്തു നിലയുറപ്പിക്കും.
മറ്റു കേന്ദ്രങ്ങളിലെ കാളകളും ക്രമമനുസരിച്ചു സ്ഥാനം അലങ്കരിക്കും. പാനച്ചടങ്ങുകളുടെ അകമ്പടിയിൽ വേലപ്പറമ്പിലെത്തുന്ന വെളിച്ചപ്പാട് ഇണക്കാളകളെ വലംവച്ച് അരിയെറിഞ്ഞു കഴിയുന്നതോടെയാണ് ആവേശവും ആഹ്ലാദവും അലതല്ലുന്ന കാളയിറക്കം തുടങ്ങുക.
രാത്രി 7ന് തിരുവനന്തപുരം പാർഥസാരഥിയുടെ ‘പഴനി ആണ്ടവൻ’ ബാലെ അരങ്ങേറും.
കാളകളെല്ലാം ഭഗവതിയെ പ്രണമിച്ചു പിൻവാങ്ങുന്നതോടെ കൂത്തുമാടത്തിൽ കൂനത്തറ കെ.വിശ്വനാഥപുലവരുടെ നേതൃത്വത്തിൽ നടത്തി വന്നിരുന്ന രാമായണം തോൽപ്പാവക്കൂത്തു സമാപിക്കും. കൂത്തുമാടത്തിനു സമീപത്ത് അടുക്കത്ത് ഗോപിയുടെ നേതൃത്വത്തിൽ ചവിട്ടുകളിക്കും ഇതോടെ തുടക്കമാകും.
പട്ടണപ്രദക്ഷിണത്തിന്റെ പകിട്ടിൽ പൂരം
∙ പുത്തനാൽക്കൽ ഭഗവതിക്ഷേത്രത്തിലെ കാളവേലയുടെ വരവറിയിച്ചുള്ള പൂരം പട്ടണപ്രദക്ഷിണത്തിന്റെ പകിട്ടിൽ പൂത്തുലഞ്ഞു.
വൈകിട്ട് മൂന്നു ഗജവീരന്മാരുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയിൽ കാവുവട്ടത്തുനിന്നു പട്ടണപ്രദക്ഷിണമായി അരങ്ങേറിയ പകൽപൂരത്തിനു പതിനായിരങ്ങൾ സാക്ഷ്യം വഹിച്ചു. കാഞ്ഞങ്ങാട് മുരളീധര മാരാരുടെ പ്രമാണത്തിൽ പാണ്ടിമേളവുമുണ്ടായി.
തകിൽ, നാഗസ്വരം, തെയ്യം, ഫിലിംസ്റ്റാർ ഫ്ലോട്ട് വേഷം, പീലിക്കാവടി, പൊയ്ക്കുതിരത്തെയ്യം, നാസിക് ഡോൾ, ഒലക്ക ഡാൻസ് എന്നിവ പൂരക്കാഴ്ചയ്ക്കു പൊലിമയേകി.
സന്ധ്യയോടെ എഴുന്നള്ളിപ്പുകൾ പ്രദക്ഷിണം പൂർത്തിയാക്കി കാവിറങ്ങിയതോടെ പകൽപൂരത്തിനു സമാപനമായി. രാത്രിയിൽ പനമണ്ണ ശശിയും ചെറുതാഴം വിഷ്ണുരാജും നയിച്ച ഇരട്ടത്തായമ്പകയും കോഴിക്കോട് മില്ലനിയം സ്റ്റാർ ഓർക്കസ്ട്രയുടെ ഗാനമേളയും നടന്നു.
താലപ്പൊലി നാളെ
∙ പുത്തനാൽക്കൽ ക്ഷേത്രത്തിൽ താലപ്പൊലി നാളെ ആഘോഷിക്കും.
രാവിലെ 9ന് കലാമണ്ഡലം ശർമിളയുടെ ഓട്ടൻതുള്ളൽ അരങ്ങേറും. രാവിലെ 8 മുതൽ കഞ്ഞിസദ്യ.
വൈകിട്ട് ഭഗവതിയെ മോഴിക്കുന്നത്ത് മനയിലേക്ക് എഴുന്നള്ളിക്കും. മനയുടെ നടുമുറ്റത്ത് ഇറക്കി പൂജയ്ക്കു ശേഷം മൂന്നു ഗജവീരന്മാരുടെയും ചെർപ്പുളശ്ശേരി ശിവനും കരിയന്നൂർ നാരായണൻ നമ്പൂതിരിയും നയിക്കുന്ന പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ നടക്കുന്ന തിരിച്ചെഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തി പ്രദക്ഷിണം പൂർത്തിയാക്കും.
രാത്രി 7ന് തിരൂർ ഹംസധ്വനിയുടെ ഭക്തിഗാനസുധയും അരങ്ങേറും.
ചെർപ്പുളശ്ശേരിയിൽ ഇന്ന് ഗതാഗതനിയന്ത്രണം
∙ പുത്തനാൽക്കൽ ഭഗവതിക്ഷേത്രത്തിലെ കാളവേല പ്രമാണിച്ച് ഇന്നു വൈകിട്ട് 3 മുതൽ നാളെ പുലർച്ചെ 4 വരെ ചെർപ്പുളശ്ശേരിയിൽ ഗതാഗതം നിയന്ത്രിക്കുമെന്നു പൊലീസ് ഇൻസ്പെക്ടർ പി.കെ.കവിരാജൻ അറിയിച്ചു.
പണിമുടക്ക് ബാധിക്കില്ല
∙ സംയുക്ത ട്രേഡ് യൂണിയന്റെ അഖിലേന്ത്യാ പണിമുടക്ക് പുത്തനാൽക്കൽ കാളവേലാഘോഷത്തെ ബാധിക്കില്ല. ചെർപ്പുളശ്ശേരി നഗരസഭാ പരിധിയിലും അയൽപ്രദേശങ്ങളിലും ഇളവു നൽകും.
തുറന്നു പ്രവർത്തിക്കുന്ന കടകളെയും വാഹന സർവീസുകളെയും തടയില്ലെന്നും സിഐടിയു ചെർപ്പുളശ്ശേരി ഡിവിഷൻ പ്രസിഡന്റ് ഇ.ചന്ദ്രബാബു അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

