തൊടുപുഴ ∙ അപകടങ്ങളുടെ എണ്ണം പെരുകുമ്പോഴും നെല്ലാപ്പാറയിലെ വളവുകളുടെ കാര്യത്തിൽ അധികൃതർക്ക് മൗനം. പത്തിലേറെ അപകടങ്ങളാണ് ഒരു വർഷത്തിനുള്ളിൽ ഈ ഭാഗത്ത് നടന്നത്.
ചെറിയ തട്ടും മുട്ടും ഇടികളും വീഴ്ചയും എണ്ണിയാൽ തീരില്ല. ശനിയാഴ്ച രാത്രി കുരിശുപള്ളി വളവിൽ ലോറി മറിഞ്ഞിരുന്നു.
തിങ്കളാഴ്ച രാത്രി എരുമേലിയിൽ നിന്ന് റോഡ് റോളറും കയറ്റി മൂവാറ്റുപുഴയിലേക്കു പോയ ലോറി ആനപ്പാറ വളവിൽ രണ്ടു വീടുകൾക്കിടയിലേക്ക് ഇടിച്ചു കയറിയതാണ് ഒടുവിലത്തേത്. നവംബറിൽ കുരിശുപള്ളി വളവിൽ കണ്ടെയ്നർ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ കൊല്ലപ്പെട്ടിരുന്നു.
ഡിസംബർ 3ന് അർധരാത്രി നെല്ലാപ്പാറ ചൂരപ്പട്ട വളവിൽ സ്കൂൾ വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് കുട്ടികൾക്ക് പരുക്കേറ്റിരുന്നു.
കരിങ്കുന്നത്തിനു സമീപം പ്ലാന്റേഷനിലെ വളവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ വാർത്ത കേട്ടാണ് പുതുവർഷം പിറന്നത്.
ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാൽ
∙ആനപ്പാറ വളവിലെ വാവൽകുന്നേൽ വീട്ടുകാരുടെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല. അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇടിമുഴക്കവും ഭൂമികുലുക്കവും ഒന്നിച്ചു വന്നതുപോലെയുള്ള ശബ്ദം കേട്ടത്.
ഓടി വന്നു നോക്കുമ്പോൾ വീടിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ലോറി ഇടിച്ചുകയറി മുറ്റത്തെ ആഞ്ഞിലി മരത്തിൽ ഇടിച്ചു കിടക്കുന്നതാണ് കണ്ടത്. അൽപം ഇടത്തോട്ടു മാറിയാൽ എന്തു സംഭവിക്കുമായിരുന്നെന്ന് ചിന്തിക്കാൻ വയ്യെന്ന് വീട്ടുകാർ.
ഈ വീടിന്റെ തൊട്ടു മുന്നിലായി മറ്റൊരു വീടുമുണ്ട്. അൽപം വലത്തോട്ടു മാറിയിരുന്നെങ്കിൽ ആ വീട് അപകടത്തിലാകുമായിരുന്നു.
ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഒന്നര മണിക്കൂർ നീണ്ട കഠിനശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേന പുറത്തെടുത്തത്.
ഒപ്പമുണ്ടായിരുന്നയാൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കെഎസ്ആർടിസി ബസ് അടക്കം ഒട്ടേറെ വാഹനങ്ങൾ ഇടിച്ചു കയറി ഇവിടെ അപകടമുണ്ടായിട്ടുണ്ട്.
ടൈൽ അത്ര വെടിപ്പായില്ല
∙ ഉറവശല്യം കാരണം അടിക്കടി റോഡ് തകരുന്നത് ഒഴിവാക്കാനാണ് ടൈൽ പാകിയത്.
എന്നാൽ ടാറിങ്ങും ടൈലും ചേരുന്ന ഭാഗം ഉയർത്തി നിർമിച്ചിരിക്കുന്നത് ഇറക്കമിറങ്ങി വരുന്ന വാഹനങ്ങളുടെ നിയന്ത്രണം തെറ്റാൻ കാരണമാകുന്നുണ്ടെന്ന് ഡ്രൈവർമാർ പറയുന്നു. പുതിയതായി ടൈൽ പാകിയ എല്ലായിടത്തും ഇതാണ് അവസ്ഥ.
തിങ്കളാഴ്ച രാത്രി ആനപ്പാറയിലുണ്ടായ അപകടവും ഇങ്ങനെയാകാമെന്നാണ് സൂചന. ഇറക്കമിറങ്ങി വന്ന ലോറി ടൈലിലേക്ക് ഇടിച്ചു കയറിയതോടെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന റോഡ് റോളറിന്റെ ഊട് തെന്നിമാറി ഉരുണ്ടുവന്ന് ക്യാബിനിൽ ഇടിച്ച് ഡ്രൈവർ സ്റ്റീയറിങ്ങിനിടയിൽ കുടുങ്ങിയെന്നു സമീപവാസികൾ പറയുന്നു.
വാഹനം അപകടത്തിൽ പെടുന്നതിനു മുൻപു തന്നെ വാഹനത്തിനുള്ളിൽ നിന്ന് നിലവിളി കേട്ടതായും അവർ പറയുന്നു.
ട്രോളുമായി നാട്ടുകാർ
∙ തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് ആനപ്പാറ വളവിലെ അപകടം. ശനിയാഴ്ച കുരിശുപള്ളി വളവിൽ മറിഞ്ഞ ലോറി ഉയർത്താൻ എത്തിയിരുന്ന ക്രെയിനും മണ്ണുമാന്തി യന്ത്രവും ഉടൻ സംഭവ സ്ഥലത്തെത്തിച്ച് രക്ഷാപ്രവർത്തനം തുടങ്ങി.
ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. നെല്ലാപ്പാറയ്ക്ക് സ്വന്തമായി ക്രെയിനും ജെസിബിയും അനുവദിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുമെന്ന ട്രോളും ഇറങ്ങി.
അപകടമെല്ലാം രാത്രി
∙ ഈ ഭാഗത്ത് നടക്കുന്ന അപകടങ്ങളിൽ ഭൂരിഭാഗവും രാത്രിയിലാണ്.
വെളിച്ചമില്ലായ്മ തന്നെ പ്രധാന കാരണങ്ങളിൽ ഒന്നാണെന്ന സൂചനയാണ് ഇത് നൽകുന്നത്. റോഡ് നിർമാണം കഴിഞ്ഞ് 2 വർഷം മാത്രമാണ് ഈ പാതയിൽ സോളർ ലൈറ്റുകൾ പ്രകാശിച്ചത്.
ഇപ്പോൾ എല്ലാം തകർക്കപ്പെട്ട നിലയിലാണ്.
ബാറ്ററികൾ ഒന്നും കാണാനില്ല. മോഷണം പോയതാണെന്ന് സംസാരമുണ്ട്.
വർഷങ്ങൾക്കു മുൻപ് ബാറ്ററി മോഷണത്തിന് രണ്ടുപേർ പിടിയിലാകുകയും ചെയ്തിരുന്നു. ആദ്യമായി ഇതുവഴി വരുന്നവർക്ക് വെളിച്ചക്കുറവു കാരണം റോഡിന്റെ സ്ഥിതി പിടികിട്ടുന്നില്ലെന്നാണ് മറിഞ്ഞ ലോറിയുടെ ഡ്രൈവർ പറഞ്ഞത്.
ഈ പേരുകൾ പ്രധാനം
∙ നെല്ലാപ്പാറയിലെ വളവുകളെക്കുറിച്ചു പറയുമ്പോൾ കോട്ടയം ജില്ലയുടെ പരിധിയിൽ വരുന്ന കുറിഞ്ഞിയിൽ നിന്ന് തുടങ്ങണം.
1. കുറിഞ്ഞിക്കു സമീപത്തെ കുഴിവേലി വളവ്, 2.
ചൂരപ്പട്ട വളവ്, 3.
ആനപ്പാറ വളവ്, 4. നെല്ലാപ്പാറ വളവ് എന്നറിയപ്പെടുന്ന കുരിശുപള്ളി വളവ്, 5.
കുഴിമറ്റം വളവ്, 6. കരിങ്കുന്നം ആശുപത്രി വളവ്, 7.
തവളക്കുഴി വളവ്, 8. പ്ലാന്റേഷൻ വളവ്, 9.
നടുക്കണ്ടം വളവ് എന്നിവയെല്ലാം ഒട്ടേറെ അപകട ചരിത്രമുള്ള സ്പോട്ടുകളാണ്.
പഠനം എന്നു കഴിയും?
∙ നെല്ലാപ്പാറയിലെ അപകട
വളവുകൾ ഡിസംബർ അവസാനത്തോടെ നാറ്റ്പാക് (നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്റർ) സംഘവും മോട്ടർ വാഹന വകുപ്പും സന്ദർശിച്ചിരുന്നു. അപകടം ഒഴിവാക്കാൻ സ്വീകരിക്കേണ്ട
നടപടികൾ സംബന്ധിച്ച് പഠിച്ചു സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും അടിയന്തരമായി പ്രദേശത്തു റിഫ്ലക്ടറുകളും സൈഡ് ബാരിയറുകളും സ്പീഡ് ബ്രേക്കറുകളും സ്ഥാപിക്കുമെന്നും സംഘം അറിയിച്ചിരുന്നു. എന്നാൽ ആകെ വന്നത് ഓരോ മുന്നറിയിപ്പു ബോർഡുകൾ മാത്രം.
നവംബറിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ തകർന്ന ബാരിയർ പുനഃസ്ഥാപിച്ചില്ല. ഡിസംബറിൽ ബസ് മറിഞ്ഞ ചൂരപ്പട്ട
വളവിലെ ബാരിയറും തകർന്നു കിടക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

