ഏനാത്ത് ∙ ഭൂരഹിത– ഭവനരഹിതരായ കുടുംബങ്ങൾ അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീടിനായി കാത്തിരിക്കുമ്പോൾ ഇവരുടെ സ്വപ്നം യാഥാർഥ്യമാക്കാൻ ലൈഫ് പദ്ധതിയുടെ ഭാഗമായി നിർമാണം തുടങ്ങിയ കെട്ടിട സമുച്ചയം ഉപേക്ഷിക്കപ്പെട്ട
നിലയിൽ.നിർമാണം തുടങ്ങിയ ഭാഗങ്ങൾ കാടു മൂടിത്തുടങ്ങി. കോൺക്രീറ്റ് ചെയ്ത തറ ഇളകി കുഴി രൂപം കൊണ്ടു.
സംരക്ഷണമില്ലാത്തതു കാരണം നിർമാണം പൂർത്തിയായ ഭാഗങ്ങൾക്ക് നാശം നേരിട്ടു തുടങ്ങി. രാത്രി കാലത്ത് ഇവിടെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളാണെന്നു നാട്ടുകാർ.
ഭൂരഹിത– ഭവനരഹിത കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ഏഴംകുളം പഞ്ചായത്തിലെ ഏനാത്ത് വില്ലേജിൽ എംജി ജംക്ഷനു സമീപമാണ് കെട്ടിട
സമുച്ചയത്തിന് നിർമാണം തുടങ്ങിയത്. ലൈറ്റ് വെയ്റ്റ് സ്റ്റീൽ ഫ്രെയിം സാങ്കേതിക വിദ്യയിൽ നാലു നിലകളുള്ള 28 ഫ്ലാറ്റ് അടങ്ങിയ രണ്ട് കെട്ടിട
സമുച്ചയങ്ങളാണ് ഉയരേണ്ടിയിരുന്നത്. ഒരു കെട്ടിടത്തിന്റെ 60 ശതമാനത്തിലധികം നിർമാണ ജോലികൾ കഴിഞ്ഞപ്പോഴാണ് പണികൾ ഇഴഞ്ഞു നീങ്ങാൻ തുടങ്ങിയത്.
രണ്ടാമത്തെ കെട്ടിടത്തിനായി അടിത്തറ കെട്ടിയിട്ടു. 2020 സെപ്റ്റംബർ 24 ന് വിഡിയോ കോൺഫറൻസിലൂടെയാണ് മുഖ്യമന്ത്രി നിർമാണോദ്ഘാടനം നടത്തിയത്.
അഹമ്മദാബാദിലുള്ള കൺസ്ട്രക്ഷൻ കമ്പനിയുടെ നേതൃത്വത്തിലാണ് നിർമാണം തുടങ്ങിയത്.
കരാർ ഏറ്റെടുത്ത് സമ്മതപത്രം വച്ച് 6 മാസത്തിനുള്ളിൽ പണി പൂർത്തീകരിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ നിർമാണത്തിന് തുടക്കമിട്ടിട്ടു 5 വർഷവും 5 മാസവും പിന്നിട്ടു.
സാധന സാമഗ്രികളുടെ വില കൂടിയതിനാൽ കരാർ പുതുക്കണമെന്ന് കരാർ കമ്പനി ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇതിൽ നടപടിയുണ്ടാകാത്തതു നിർമാണത്തിൽ കാലതാമസമുണ്ടാക്കി.
ഭൂരഹിത– ഭവനരഹിതരായ 54 കുടുംബങ്ങളെ പാർപ്പിക്കുന്നതിനായിരുന്നു കെട്ടിട
സമുച്ചയം. രണ്ടു കിടപ്പുമുറികൾ, അടുക്കള, ഹാൾ, ശുചിമുറി എന്നിവ അടങ്ങുന്നതാണ് ഒരു താമസ കേന്ദ്രം.
ഇതിൽ ഒന്നിൽ അടിത്തറയിൽ നിന്ന് നാലു നിലകളിൽ സ്റ്റീൽ ഉറപ്പിക്കുന്ന പണികൾ 60 ശതമാനത്തോളം പൂർത്തിയായി. ഇനി സിമന്റ് ഭിത്തികൾ ഉറപ്പിച്ച് മേൽക്കൂരയും സ്ഥാപിക്കണം, വയറിങ്, ജല വിതരണ സംവിധാനം എന്നിവയും ഒരുക്കണം.
രണ്ടാമത്തെ കെട്ടിട സമുച്ചയത്തിനായി അടിത്തറ നിർമാണം പൂർത്തീകരിച്ചതേയുള്ളൂ.
7.27 കോടി രൂപ മുടക്കിയാണ് ഫ്ലാറ്റ് നിർമാണം. സ്വന്തമായി ഭൂമിയുള്ള ഭവനരഹിതരും ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടയിലാണ് ഭൂരഹിത ഭവനരഹിതർക്കുള്ള പദ്ധതിയും അധികൃതരുടെ അനാസ്ഥ കാരണം മുടങ്ങിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

