ഇന്ത്യ – യുഎസ് വ്യാപാര കരാറിലെ നിർണായക നിബന്ധനകളിൽ മയപ്പെടുത്തലുമായി അമേരിക്ക. വൈറ്റ് ഹൗസ് പുറത്തിറക്കിയ ഫാക്ട് ഷീറ്റിലാണ് ഇക്കാര്യമുള്ളത്.
500 ബില്യൻ ഡോളറിന്റെ ഉൽപന്നങ്ങൾ വാങ്ങാൻ ഇന്ത്യ ഉറപ്പു നല്‍കിയെന്ന ഭാഗത്തില്‍ മാറ്റം വരുത്തിയെന്നതാണ് ശ്രദ്ധേയം. പകരം ഇത്രയും തുകയ്ക്കുള്ള ഉൽപന്നങ്ങൾ വാങ്ങാൻ ഇന്ത്യ ഉദ്ദേശിക്കുന്നുണ്ടെന്ന് മാറി.
ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ പട്ടികയിൽ നിന്ന് കാർഷിക ഉൽപന്നങ്ങൾ എന്ന വിഭാഗം ഒഴിവാക്കിയെന്നതും ശ്രദ്ധേയം. ഇതോടെ മൂന്ന് ദിവസമായി ലാഭത്തിലായ ഇന്ത്യൻ ഓഹരി വിപണി ഇന്നും നേട്ടത്തിലാകുമെന്നാണ് സൂചന.
നിർണായക കൂടിക്കാഴ്ച
ഇറാൻ യുഎസ് സംഘർഷത്തിൽ നിർണായകമായേക്കാവുന്ന കൂടിക്കാഴ്ച്ച ഇന്ന് വാഷിങ്ടണിൽ നടക്കും.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചര്‍ച്ച നടത്തും. യുഎസ് ഇറാൻ അനൗദ്യോഗിക ചർച്ചകളുടെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തും.
ഖത്തറിലെ അൽ ഉദൈദ് സൈനിക കേന്ദ്രത്തിൽ യുഎസ് കൂടുതൽ വ്യോമപ്രതിരോധ മിസൈലുകൾ സ്ഥാപിച്ചതായി റിപ്പോർട്ട്.
ഇറാൻ ആക്രമണമുണ്ടായാൽ പ്രതിരോധിക്കാൻ ട്രക്കുകളിൽ സ്ഥാപിച്ച പാട്രിയറ്റ് മിസൈൽ ലോഞ്ചറുകളാണ് വിന്യസിച്ചിരിക്കുന്നത്. യുഎസ് ആക്രമണമുണ്ടായാൽ മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക കേന്ദ്രങ്ങളിൽ തിരിച്ചടിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
ഖത്തറിന് പുറമെ ഇറാഖ്, ജോർദൻ, കുവൈത്ത്, സൗദി അറേബ്യ, ബഹറിൻ, യുഎഇ, ഒമാൻ, തുർക്കി, ഡീഗോ ഗാർഷ്യ എന്നിവിടങ്ങളിലാണ് മേഖലയിലെ യുഎസ് സേനാ കേന്ദ്രങ്ങളുള്ളത്.
കുതിക്കാൻ വിപണി
ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ മൂന്നാം ദിവസവും നേട്ടത്തിലാണ് അവസാനിച്ചത്. യുഎസ് – ഇന്ത്യ വ്യാപാര കരാറിനെക്കുറിച്ചുള്ള പ്രതീക്ഷകളും വിദേശ നിക്ഷേപകരുടെ തിരിച്ചു വരവും ആഗോള സൂചനകൾ പോസിറ്റീവായതുമാണ് സൂചികകൾക്ക് കരുത്തായത്.
67.85 പോയിന്റ് കയറിയ നിഫ്റ്റി ക്ലോസിങിൽ 25,935.15 ലെത്തി. 208.17 പോയിന്റുകള്‍ നേട്ടത്തിൽ 84,273.92 ലാണ് സെൻസെക്സ് ക്ലോസ് ചെയ്ത്.
ഇന്നലെ വിദേശ നിക്ഷേപകര്‍ 69.45 കോടി രൂപയുടെ മൊത്ത വാങ്ങലുകാരായി.
എന്നാൽ പ്രാദേശിക നിക്ഷേപകരും സ്ഥാപനങ്ങളുമാണ് വാങ്ങലില്‍ മുന്നിലെത്തിയത്. 1,174.21 കോടി രൂപയുടെ ഓഹരികളാണ് ഇവർ വാങ്ങിയതെന്നും കണക്ക്.
ഇന്ന് ഗിഫ്റ്റ് നിഫ്റ്റി നേട്ടത്തിലാണ്.
ഇന്ത്യൻ ഓഹരി വിപണി പോസിറ്റീവായി വ്യാപാരം തുടങ്ങുമെന്നാണ് കരുതുന്നത്. ഇത് നിലനിർത്താനായാൽ തുടർച്ചയായ നാലാം ദിവസവും വിപണി നേട്ടത്തിലാകും.
അമേരിക്കൻ ഓഹരി ഇന്നലെ കാര്യമായ നേട്ടമുണ്ടാക്കാതെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഡോ 0.10 ശതമാനം മാത്രം നേട്ടത്തിലായി. എസ് ആൻഡ് പി 0.33 ശതമാനവും നാസ്ഡാക്ക് 0.59 ശതമാനവും ഇടിഞ്ഞു.
ഡിസംബർ മാസത്തെ ചില്ലറ വിൽപന കണക്കുകൾ ഇന്നലെ പുറത്തുവന്നിരുന്നു. ഇത് വിപണി പ്രതീക്ഷിച്ചതിനേക്കാൾ കുറവാണ്.
ആളുകളുടെ ചെലവിടൽ കുറഞ്ഞുവെന്ന സൂചനയാണ് ഇതിന് പിന്നിൽ. ഇതോടെ ഇക്കൊല്ലം ഒന്നിലധികം തവണ യുഎസ് അടിസ്ഥാന പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയും ശക്തമായി.
വിപണിയുടെ നഷ്ടത്തിലേക്ക് നയിച്ച കാരണമിതാണെന്നാണ് വിദഗ്ധർ പറയുന്നത്.
കമ്പനികളുടെ പാദഫലങ്ങൾ പുറത്തുവരുന്നതിനിടെ യൂറോപിലെ പല ഓഹരി സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫ്രഞ്ച് ഓഹരികൾ മാത്രമാണ് പിടിച്ചു നിന്നത്.
യുഎസ് ചില്ലറ വിൽപന– തൊഴില്‍ കണക്കുകൾക്ക് വേണ്ടി നിക്ഷേപകർ കാത്തിരിക്കുന്നതും വിപണിയെ സ്വാധീനിച്ചെന്നാണ് വിലയിരുത്തൽ.
ഏഷ്യൻ ഓഹരികളിൽ പലതും ഇന്ന് നേട്ടത്തിലാണ്. പൊതു അവധിയെ തുടർന്ന് ജപ്പാനിലെ നിക്കെയ് സൂചികയിൽ ഇന്ന് വ്യാപാരം ഇല്ല.
ഹോങ് കോങ് സൂചിക 0.14 ശതമാനം കയറി. ഷാന്‍ഹായ് സൂചികയും നേട്ടത്തിലാണ്.
സ്വർണം
യുഎസ് ട്രഷറി ബോണ്ടുകളിൽ നിന്നുള്ള വരുമാനം കുറഞ്ഞതോടെ രാജ്യാന്തര വിപണിയിൽ സ്വർണവില ഉയര്‍ന്നു.
ഔൺസിന് 5,054 ഡോളറിലേക്ക് വരെ ഉയർന്ന വില നിലവിൽ നേരിയ നഷ്ടത്തിൽ 5,046 ഡോളറിലാണ്. സംസ്ഥാനത്ത് ഇന്നലെ ഗ്രാമിന് 80 രൂപ വർധിച്ച് 14,555 രൂപയിലായിരുന്നു സ്വർണവില.
രാജ്യാന്തര വിപണിയിൽ ഔൺസിന് 82 ഡോളറെന്ന നിലയിലാണ് വെള്ളി വ്യാപാരം നടക്കുന്നത്. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

