ദുബായ്: സ്വർണവില റോക്കറ്റ് പോല്‍ കുതിക്കുമ്പോൾ അബദ്ധത്തില്‍ സ്വര്‍ണം നഷ്ടമായാലോ? ദുബായിലാണ് സംഭവം. അബദ്ധവശാൽ പ്രവാസി മാലിന്യക്കൂമ്പാരത്തിൽ എറിഞ്ഞത് ഏകദേശം 12 ലക്ഷത്തിലധികം രൂപ (50,000 ദിർഹം) വിലവരുന്ന സ്വർണം.
ദിവസങ്ങൾ നീണ്ട ആശങ്കക്ക് ഒടുവിൽ സ്വർണം ഇവർക്ക് തിരികെ ലഭിക്കുകയും ചെയ്തു.
ദുബായ് പൊലീസിന്റെ കൃത്യമായ ഇടപെടലിലൂടെയാണ് സ്വർണം തിരികെ ലഭിച്ചത്. 23 വർഷം യുഎഇയിൽ താമസിച്ച ശേഷം 2021-ൽ ഇന്ത്യയിലേക്ക് മടങ്ങിയ കാമിനി കണ്ണൻ ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് വീണ്ടും ദുബായിൽ എത്തിയത്.
സ്വർണവില ഉയരുന്ന സാഹചര്യത്തിൽ തന്റെ പക്കലുള്ള ശേഖരം അവർ പരിശോധിച്ചു. ഇതിനിടെയാണ് സ്വർണം സൂക്ഷിച്ച പൗച്ച് കീറിയ കാര്യം അവർ ശ്രദ്ധിച്ചത്.
തുടർന്ന് 8 ഗ്രാം വീതമുള്ള നാല് സ്വർണ നാണയങ്ങളും 50 ഗ്രാമിന്റെ ഒരു സ്വർണ ബിസ്ക്കറ്റും അവർ പഴയ പൗച്ചിൽ നിന്ന് മാറ്റി ഡൈനിംഗ് ടേബിളിലെ ഒരു താൽക്കാലിക പൗച്ചിൽ വെച്ചു. എന്നാൽ വീട് വൃത്തിയാക്കുന്നതിനിടയിൽ മകൻ ഇതിൽ സ്വർണം ആണെന്ന് അറിയാതെ അബദ്ധത്തിൽ ഈ പൗച്ച് ചവറ്റുകൊട്ടയിൽ എറിയുകയായിരുന്നു.
പ്രതീക്ഷ കൈവിട്ട കുടുംബം പിറ്റേന്ന് രാവിലെയാണ് സ്വർണം കാണാനില്ലെന്ന വിവരം കാമിനി അറിയുന്നത്.
മാലിന്യ കൂമ്പാരത്തിൽ പോയ സ്വർണം ഇനി തിരികെ ലഭിക്കില്ലെന്ന് അവർ ഉറപ്പിച്ചു. എങ്കിലും ബിൽഡിംഗ് സെക്യൂരിറ്റിയെ വിവരം അറിയിച്ചു.
കടുത്ത നിരാശക്കിടെ സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷം മകൻ അഭിമന്യുവിനെ തേടി ഒരു അപ്രതീക്ഷിത കോൾ എത്തി. തങ്ങൾ കളഞ്ഞുപോയ വസ്തുക്കളെക്കുറിച്ച് അന്വേഷിച്ച് ആരോ വന്നിട്ടുണ്ടെന്നായിരുന്നു സന്ദേശം.
അത് ദുബായ് പൊലീസായിരുന്നു. മാലിന്യക്കൂമ്പാരത്തിൽ എറിഞ്ഞ സ്വർണം ഒരു ശുചീകരണ തൊഴിലാളിക്ക് ലഭിച്ചു.
ഇയാള്‍ ഈ സ്വർണം ഗോൾഡ് സൂക്കിലെത്തിച്ചപ്പോൾ, എവിടെ നിന്ന് കിട്ടിയതാണെന്ന ചോദ്യത്തിന് മാലിന്യത്തിൽ നിന്ന് ലഭിച്ചതാണെന്ന് അദ്ദേഹം സത്യസന്ധമായി മറുപടി നൽകി. ഉടൻ തന്നെ സംഭവം പൊലീസില്‍ അറിയിക്കുകയും പൊലീസ് ഇടപെടുകയും ശാസ്ത്രീയമായ രീതിയിൽ ആ മാലിന്യ സഞ്ചി ഏത് കെട്ടിടത്തിൽ നിന്നാണ് വന്നതെന്ന് കണ്ടെത്തുകയും ചെയ്തു.
ഓരോ മാലിന്യ സഞ്ചിയും എവിടെ നിന്ന് വരുന്നു എന്ന് ട്രാക്ക് ചെയ്യാനുള്ള ദുബായിലെ സംവിധാനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് അഭിമന്യു പറഞ്ഞു. സ്വർണത്തിന്റെ ഫോട്ടോകളും ബില്ലുകളും നായിഫ് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയതോടെ സ്വർണ്ണം ഉടമസ്ഥർക്ക് കൈമാറി.
പൊലീസ് ഉദ്യോഗസ്ഥരുടെ ദയപൂർവ്വമായ പെരുമാറ്റത്തെയും കാര്യക്ഷമതയെയും കുടുംബം വാനോളം പുകഴ്ത്തി. ടാക്സി ഡ്രൈവർമാർ പേഴ്സ് തിരികെ നൽകുന്നതും വിമാനത്താവളങ്ങളിൽ കളഞ്ഞുപോയ ബാഗുകൾ ഉടമസ്ഥരിലെത്തുന്നതും ദുബായിൽ നിത്യസംഭവമാണെങ്കിലും, ചവറ്റുകുട്ടയിൽ പോയ സ്വർണ്ണം തിരികെ ലഭിച്ചത് ഈ കുടുംബത്തിന് മറക്കാനാവാത്ത അനുഭവമായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

