കാസർകോട് ∙ ജില്ലാ രൂപീകരണത്തിനു മൂന്നു വർഷം മുൻപ് ഭൂമി അനുവദിച്ചിട്ടും കാസർകോട് എക്സൈസ് ടവർ നിർമാണം ഇനിയും യാഥാർഥ്യമായില്ല. പലയിടങ്ങളിലായുള്ള എക്സൈസ് വകുപ്പിന്റെ എല്ലാ ഓഫിസുകളും ഒരു കുടക്കീഴിൽ എത്തിക്കുക എന്നതായിരുന്നു ടവർ നിർമിക്കുന്നതിനു പിന്നിലെ ലക്ഷ്യം. 43 വർഷം പിന്നിട്ടിട്ടും അത് യാഥാർഥ്യമായില്ല.
കാസർകോട് പുലിക്കുന്നിൽ ടൗൺഹാൾ സമീപമാണ് 50 സെന്റ് സ്ഥലം റവന്യു വകുപ്പ് അനുവദിച്ചിരുന്നത്. 1981 ഡിസംബർ 31ന് ആണ് കണ്ണൂർ കലക്ടർക്ക് സർക്കാർ ഇതുസംബന്ധിച്ച് അനുമതി ഉത്തരവ് അയച്ചത്.
39 വർഷത്തിനുശേഷം 2020 മാർച്ച് 2ന് കാസർകോട് എക്സൈസ് ടവർ നിർമാണത്തിനു ഭരണാനുമതി ലഭിച്ചു. 5.2 കോടി രൂപ ചെലവിൽ കെട്ടിടം നിർമിക്കാൻ ലഭിച്ച ഭരണാനുമതി 6 വർഷം ആകാറായിട്ടും നിലം തൊട്ടില്ല.
മണ്ണു പരിശോധനയ്ക്കുള്ള കാത്തിരിപ്പ്, വിവിധ സർവേ നമ്പറുകളിലായുള്ള സ്ഥലത്തിന്റെ കിടപ്പ് തുടങ്ങിയവയായിരുന്നു തുടക്കത്തിലെ തടസ്സങ്ങൾ. ലിഫ്റ്റ് ഉൾപ്പെടെയുള്ളതാണ് കെട്ടിടത്തിന്റെ പ്ലാൻ.
എക്സൈസ് ഡിവിഷനൽ ഓഫിസ്, സ്പെഷൽ സ്ക്വാഡ് ഓഫിസ്, ഇന്റലിജൻസ് ഓഫിസ്, സർക്കിൾ ഓഫിസ്, റേഞ്ച് ഓഫിസ് തുടങ്ങിയവ ആണ് ഇതിൽ ഉൾപ്പെട്ടിരുന്നത്.
അടിത്തറഒരുക്കാൻപോലും തുക തികയില്ല
5 വർഷം മുൻപ് അനുവദിച്ച 5.2 കോടി രൂപ കെട്ടിടത്തിന്റെ അടിത്തറയും സംരക്ഷണഭിത്തിയും ഒരുക്കാൻപോലും ഇപ്പോൾ തികയില്ല. ഇതിനുതന്നെ ഏഴു കോടിയോളം രൂപ വേണ്ടിവരും. ഗ്രൗണ്ട് ഫ്ലോറും 4 നിലകളും ചേർന്ന് 4737.30 ചതുരശ്രമീറ്റർ വിസ്തീർണമാണ് എക്സൈസ് ടവർ നിർമാണത്തിന്റെ രൂപരേഖ.
കോഴിക്കോട് പിഡബ്ല്യുഡി ഡിസൈൻ വിങ് നിർദേശപ്രകാരം സ്ഥലം ചരിവ് പ്രദേശമായതിനാൽ 10 മീറ്ററോളം ആഴത്തിൽ മണ്ണ് കട്ട് ചെയ്ത് താഴ്ത്തി സൈറ്റ് ലവൽ വരുത്തി രണ്ടു വശങ്ങളിലായി ആകെ 80 മീറ്റർ നീളത്തിൽ സൈഡ് പ്രൊട്ടക്ഷൻ വേണം. സ്ട്രക്ചറിൽ എല്ലാ ഭാഗത്തും അടിത്തറ ഒരുക്കണം.
സാങ്കേതികാനുമതി പ്രകാരം എസ്റ്റിമേറ്റ് തയാറാക്കി വരുമ്പോൾ 80 മീറ്റർ നീളത്തിൽ 5 മീറ്റർ മുതൽ 9.60 മീറ്റർ വരെ ഉയരത്തിൽ സംരക്ഷണ ഭിത്തിയും അടിത്തറ നിർമാണവും മാത്രമാണ് ഭരണാനുമതി തുകയിൽ ഉൾക്കൊള്ളിക്കാൻ സാധിക്കുക എന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.സംരക്ഷണഭിത്തി നിർമിക്കുന്നതിന് 1.90 കോടി രൂപ, അടിത്തറ നിർമാണം 4.90 കോടി രൂപയുമാണ് ചെലവ് വരിക.
ഈ സാഹചര്യത്തിൽ ബിൽഡിങ് സ്ട്രക്ചർ പൂർത്തീകരിക്കാൻ സാധിക്കില്ലെന്നാണ് കഴിഞ്ഞ ഡിസംബറിൽ പൊതുമരാമത്ത് വിഭാഗം അധികൃതർ നൽകിയ വിവരം. 43 വർഷം പിന്നിടുമ്പോഴും രൂപരേഖയിൽ തന്നെയാണ് എക്സൈസ് ടവർ നിർമാണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

