വിഷയമേതായാലും ആഴത്തിലുള്ള അറിവു ലഭിക്കാൻ നാടാകെ തൃത്താലയിൽ എത്തിയിരുന്ന കാലമുണ്ടായിരുന്നു. വാദ്യം, വൈദ്യം, സാഹിത്യം, വേദം, തന്ത്രം എന്നിങ്ങനെ സമസ്ത അറിവിന്റെ തമ്പുരാന്മാരുടെ നാട്.
വി.ടി.ഭട്ടതിരിപ്പാട്, അക്കിത്തം, എം.ടി.വാസുദേവൻ നായർ, പൂമുള്ളി ആറാം തമ്പുരാൻ തുടങ്ങി മഹാരഥൻമാരുടെ വലിയ നിര തന്നെയുണ്ട്. സാഹിത്യത്തോടുള്ള വാസന രാഷ്ട്രീയത്തോടും കാണിക്കുന്ന മണ്ണിൽ യുഡിഎഫും എൽഡിഎഫും ശക്തം.
വിജയിക്കാനായില്ലെങ്കിലും സജീവസാന്നിധ്യമായി ബിജെപി. പക്ഷേ, രാഷ്ട്രീയ പിന്തുണ ഉറച്ച താലത്തിൽ ഒരു മുന്നണിക്കും തൃത്താല നൽകിയിട്ടില്ല.
കഥ ഇതുവരെ
വിജയിച്ചവരുടെ അമിത ആത്മവിശ്വാസം അവർക്കു തന്നെ വിനയായ ചരിത്രമുണ്ട് തൃത്താലയിൽ.
20 വർഷം സിപിഎം തുടർച്ചയായി വിജയിച്ച മണ്ഡലത്തെ 2011ൽ കോൺഗ്രസിലെ വി.ടി.ബൽറാം പിടിച്ചെടുത്തു. 10 വർഷത്തോളം തൃത്താലയെ നയിച്ച ബൽറാമിനെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അട്ടിമറിച്ച് സിപിഎമ്മിലെ എം.ബി.രാജേഷ് മണ്ഡലം പിടിച്ചെടുത്തു.
1965 മുതൽ 1970 വരെ സിപിഎമ്മിലെ ഇ.ടി.കുഞ്ഞനായിരുന്നു എംഎൽഎ. 1970 മുതൽ 1977 വരെ കോൺഗ്രസിലെ വെള്ള ഈച്ചരൻ എംഎൽഎയായി.
1977ൽ കെ.ശങ്കരനാരായണൻ, 1980ലും 1987ലും എം.പി.താമി, 1982ൽ കെ.കെ.ബാലകൃഷ്ണൻ, 1991ൽ ഇ.ശങ്കരൻ എന്നീ കോൺഗ്രസ് എംഎൽഎമാരുണ്ടായി
. 1996 മുതൽ 2006 വരെ വി.കെ.ചന്ദ്രനും 2006ൽ ടി.പി.കുഞ്ഞുണ്ണിയും സിപിഎം പ്രതിനിധികളായി ജയിച്ചു. 2011ൽ ബൽറാം വിജയിച്ചത് അമിത പ്രതീക്ഷയിൽ സിപിഎമ്മിനുണ്ടായ അലസത മുതലെടുത്താണ്.
2016ൽ ബൽറാം ഭൂരിപക്ഷം 10,547 വോട്ടായി വർധിപ്പിച്ചു. എകെജിക്ക് എതിരായ പരാമർശത്തിന്റെ പേരിൽ പൊതുവേദികളിൽ ബഹിഷ്കരണം ഉൾപ്പെടെ ബൽറാമിനെതിരെ സിപിഎം പോരാട്ടം കടുപ്പിച്ചു.
ഉറപ്പായും തോൽപിക്കേണ്ടവരുടെ പട്ടികയിൽ ബൽറാമിന്റെ പേരും എഴുതിച്ചേർത്താണ് 2021ലെ തിരഞ്ഞെടുപ്പ് സിപിഎം നേരിട്ടത്.
പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ പരാജയപ്പെട്ടതിന്റെ തൊട്ടുപിന്നാലെ രാജേഷിനെ തൃത്താലയിൽ നിർത്തിയതു രാഷ്ട്രീയ പരീക്ഷണത്തിനല്ല, വിജയത്തിനാണ് എന്നു ഫലം വന്നപ്പോൾ തെളിഞ്ഞു. 3016 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വി.ടി.ബൽറാമിനെ രാജേഷ് തോൽപിച്ചു.
കണക്കിലെ കാര്യം
സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ സിൽവർലൈൻ വന്നാൽ കുട്ടയിൽ നിറച്ച അപ്പം മിന്നൽവേഗത്തിൽ കൊച്ചിയിലെത്തിച്ചു വിറ്റ് മടങ്ങിയെത്താമെന്നു തൃത്താലയിലെ കൂറ്റനാട് വച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രസംഗിച്ചതു ട്രോളുകളായതാണ്.
പക്ഷേ, അതിവേഗം രാജേഷ് മണ്ഡലത്തിന്റെ മർമമറിഞ്ഞു. സുസ്ഥിര തൃത്താല ഉൾപ്പെടെ ദേശീയതലത്തിൽ ശ്രദ്ധേയമായ ഒട്ടേറെ വികസനപദ്ധതികൾ രണ്ടാം പിണറായി സർക്കാരിൽ ആദ്യ ഘട്ടത്തിൽ സ്പീക്കറും പിന്നീടു മന്ത്രിയുമായ എം.ബി.രാജേഷ് മണ്ഡലത്തിൽ നടപ്പാക്കി.
3016 വോട്ടുകൾക്കാണ് എം.ബി.രാജേഷ് വിജയിച്ചത്.
അമിതമായ ആത്മവിശ്വാസമാണു പരാജയത്തിനു കാരണമായതെന്നു യുഡിഎഫ് തന്നെ പിന്നീടു വിലയിരുത്തി. എന്നാൽ അതിനു ശേഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ലീഡ് 9203 ആയി.
തദ്ദേശ തിരഞ്ഞെടുപ്പിലെ ലീഡ് 6321 വോട്ടുകളാണ്.പലയിടത്തും ബിജെപി പാർട്ടി കരുത്ത് വർധിപ്പിച്ചപ്പോഴും കഴിഞ്ഞ തവണ തൃത്താലയിലെ കാഴ്ച മറ്റൊന്നായിരുന്നു. 2016ലെ തിരഞ്ഞെടുപ്പിൽ ബിജെപിയിലെ വി.ടി.രമ 14,510 വോട്ടുകൾ നേടിയപ്പോൾ കഴിഞ്ഞ തവണ ബിജെപി സ്ഥാനാർഥിയായ ശങ്കു ടി.ദാസ് നേടിയത് വെറും 12,851 വോട്ടുകൾ മാത്രം.
മന്ത്രിമണ്ഡലമെന്ന ഖ്യാതിയും വികസനനേട്ടങ്ങളും ഇത്തവണയും വിജയിപ്പിക്കുമെന്നു സിപിഎം കരുതുന്നു.
രാജേഷിനു തന്നെ രണ്ടാമൂഴം നൽകിയേക്കും. അതേസമയം, പിആർ വർക്കുകളല്ലാതെ മണ്ഡലത്തിൽ എടുത്തുപറയത്തക്ക വികസനം ഇല്ലെന്നു യുഡിഎഫ് പറയുന്നു.
കഴിഞ്ഞതവണ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിച്ചതും ബിജെപിയിൽ നിന്നു വോട്ടുകൾ സിപിഎമ്മിനു ചോർന്നതുമാണ് പരാജയകാരണമായി യുഡിഎഫ് വിലയിരുത്തുന്നത്. വി.ടി.ബൽറാം വീണ്ടും മത്സരിക്കണമെന്ന് ആവശ്യമുയരുമ്പോൾ മുൻ ഡിസിസി പ്രസിഡന്റ് സി.വി.ബാലചന്ദ്രന്റെ പേരും ഉയരുന്നു.
ബിജെപി കരുത്തുള്ള സ്ഥാനാർഥിയെ തേടുന്നു.
തൃത്താല നിയമസഭാ മണ്ഡലം പഞ്ചായത്തുകൾ
ആനക്കര, കപ്പൂർ, പട്ടിത്തറ, പരുതൂർ, തൃത്താല,
തിരുമിറ്റക്കോട്, നാഗലശ്ശേരി, ചാലിശ്ശേരി
2021 നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുനില
ഭൂരിപക്ഷം 3016 (എൽഡിഎഫ്)
എം.ബി.രാജേഷ് (എൽഡിഎഫ്): 69,814
വി.ടി.ബൽറാം (യുഡിഎഫ്): 66,798
ശങ്കു ടി.ദാസ് (എൻഡിഎ): 12,851
എം.കെ.അബ്ദുൽ നാസർ (എസ്ഡിപിഐ): 1,582
രാജഗോപാൽ തൃത്താല (ബിഎസ്പി): 333
തദ്ദേശ തിരഞ്ഞെടുപ്പ് ഭൂരിപക്ഷം: യുഡിഎഫ് (6,321)
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകൾ: തൃത്താല, ചാലിശ്ശേരി, ആനക്കര, കപ്പൂർ, പട്ടിത്തറ. എൽഡിഎഫ്: പരുതൂർ, തിരുമിറ്റക്കോട്, നാഗലശ്ശേരി
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

