കോട്ടയം∙ കാൽനട യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കാൻ റോഡുകളിലുള്ള സീബ്രാലൈനുകൾതന്നെ അപകടക്കെണിയാകുന്നു.
സീബ്രാലൈനിൽ ആളുണ്ടെങ്കിലും നിർത്താതെ കുതിക്കുന്ന വാഹനങ്ങളാണ് അപകടങ്ങൾക്ക് പിന്നിൽ. തിരക്കേറിയ ചില റോഡുകളിലാകട്ടെ, കാൽനടയാത്രക്കാരെ മറന്ന മട്ടിൽ സീബ്രാലൈനുകളില്ല. ഉള്ളവയാകട്ടെ മാഞ്ഞ നിലയിലുമാണ്.
ശ്രദ്ധയില്ലാതെ റോഡിലിറങ്ങുന്ന യാത്രക്കാരും അപകടത്തിന് കാരണക്കാരാകാറുണ്ട്. ചില അപകടങ്ങളിൽ മരണം വരെയുണ്ടായി.
ശരീരത്തിനേറ്റ മുറിവുകൾ ഉണങ്ങിയെങ്കിലും അപകടത്തിന്റെ ആഘാതം മനസ്സിൽ സൃഷ്ടിച്ച വേദനയിൽ നീറുന്നവരുമുണ്ട്.
നിയമലംഘകർക്കെതിരെ ശക്തമായ നടപടികളെടുക്കാനും സമൂഹത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താനും അധികൃതർ തയാറാകണം. ഒരു നിമിഷം കാത്തു നിൽക്കാൻ കഴിഞ്ഞാൽ വലിയ ദുരന്തം ഒഴിവാക്കാനാകുമെന്ന തിരിച്ചറിവ് വാഹനം ഓടിക്കുന്നവരിലും ഉണ്ടാകണം.
പൊൻകുന്നത്തെ അപകടം: സീബ്രാലൈനിലൂടെ നടന്നു; ആംബുലൻസ് കണ്ട് പെട്ടെന്ന് നിന്നു
സുരക്ഷ നോക്കി സീബ്രാലൈനിലൂടെ ആയിരുന്നു മുരുകദാസിന്റെ യാത്ര.
പക്ഷേ, മറ്റൊരു ജീവൻ രക്ഷിക്കാനുള്ള ആംബുലൻസിന്റെ ഓട്ടത്തിനു മുൻപിൽ വിധി അദ്ദേഹത്തിന്റെ ജീവൻ കവർന്നു. ഇന്നലെ രാവിലെ 7.50ന് ദേശീയപാതയിൽ പൊൻകുന്നം ടൗണിലായിരുന്നു ദാരുണമായ സംഭവം.
അധികം തിരക്കില്ലാത്ത സമയത്ത് സീബ്രാലൈനിലൂടെ നടന്നു വരുന്നതിനിടെയാണ് തമിഴ്നാട് തേനി ഭഗവത്സിങ് സ്ട്രീറ്റിലെ മുരുകദാസ് ശങ്കര പാണ്ഡ്യനെ (67) ആംബുലൻസ് ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ പലതവണ മലക്കം മറിഞ്ഞ ഇദ്ദേഹം 10 അടിയോളം അകലേക്ക് തെറിച്ചുവീണു.
ഉടൻതന്നെ വേറെ ആംബുലൻസ് എത്തിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽ ജീവൻ നഷ്ടപ്പെട്ടു. ആംബുലൻസ് വരുന്നത് കണ്ട് റോഡിന് നടുവിൽ മുരുകദാസ് പകച്ചു നിന്നുപോയതാണ് അപകട
കാരണം.
തമിഴ്നാട്ടിൽ നിന്നുമെത്തി തെരുവിൽ വസ്ത്ര വ്യാപാരം നടത്തുകയായിരുന്നു ഇദ്ദേഹം. കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നു ബന്ധുക്കൾക്ക് കൈമാറും. റോഡിന്റെ പകുതിയോളം നടന്നെത്തിയപ്പോഴാണ് ആംബുലൻസ് തൊട്ടടുത്തേക്ക് കുതിച്ചെത്തിയത് മുരുകദാസ് കണ്ടത്.
പകച്ചുപോയ അദ്ദേഹം കൈകളുയർത്തി ആംബുലൻസ് തടയാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ ആംബുലൻസിന്റെ ഡാഷ് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന് കേൾവിക്കുറവ് ഉണ്ടാകാമെന്നും കരുതുന്നു.
രാവിലെ ആയതിനാൽ ടൗണിന്റെ ഇരുവശങ്ങളും വിജനമായിരുന്നു.
വാഹനങ്ങൾ കുറവായതിനാൽ അലാം ഇട്ട് നല്ല വേഗത്തിലാണ് ആംബുലൻസ് എത്തിയത്. യാത്രക്കാരൻ ഓടി മാറുമെന്ന വിശ്വാസത്തിൽ ഡ്രൈവർ വേഗം കുറച്ചതുമില്ല. അപകടം നടക്കുമെന്ന് ഉറപ്പായപ്പോൾ ബ്രേക്ക് ചെയ്തെങ്കിലും മുരുകദാസിനെ ഇടിച്ചിട്ട
നിമിഷമാണ് വാഹനം നിന്നത്.
പിഴയും ക്ലാസും
പ്രതിയാക്കപ്പെട്ടിരിക്കുന്ന ഡ്രൈവർമാർ മോട്ടർ വാഹന വകുപ്പിന്റെ നിശ്ചിത ദിവസത്തെ ട്രെയ്നിങ്ങിൽ പങ്കെടുക്കണം. കൂടാതെ കനത്ത പിഴയും കോടതിയിൽ കെട്ടിവയ്ക്കേണ്ടി വരും.
ഒരു മാസം കേസ് 93
സീബ്രാ ക്രോസിങ് ലൈനുകളിലെ നിയമലംഘനങ്ങൾക്ക് ജില്ലയിൽ ഒരുമാസത്തിനിടെ മോട്ടർ വാഹനവകുപ്പ് റജിസ്റ്റർ ചെയ്തത് 93 കേസുകൾ.
കാൽനട യാത്രക്കാരെ കടന്നുപോകാൻ അനുവദിക്കാതെ വേഗത്തിൽ വണ്ടി ഓടിച്ചെത്തിയ കേസുകളും സീബ്രാലൈനിലേക്ക് വണ്ടി കയറ്റി നിർത്തിയെന്ന കേസുകളുമാണ് റജിസ്റ്റർ ചെയ്തത്.
കേസുകൾ കോടതിയിലേക്ക്
സീബ്രാലൈനിൽ കാൽനടയാത്രക്കാരെ പരിഗണിക്കാതെ അതിവേഗത്തിൽ വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുറ്റം ആവർത്തിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കണമെന്നുമാണ് ഹൈക്കോടതി മോട്ടർ വാഹനവകുപ്പിനും പൊലീസിനും നിർദേശം നൽകിയിരിക്കുന്നത്.
അതിനനുസരിച്ചാണ് സ്പെഷൽ ഡ്രൈവ് നടത്തി നിയമലംഘനങ്ങൾ വ്യാപകമായി പിടികൂടുന്നത്. കേസുകളെല്ലാം കോടതിക്ക് കൈമാറുമെന്നു മോട്ടർ വാഹനവകുപ്പ് അറിയിച്ചു.
‘അന്ന് അവളെ വണ്ടിയിടിച്ചത് സീബ്രാലൈനിൽ വച്ചായിരുന്നു’
‘സീബ്രാലൈൻ സുരക്ഷിതമാണെങ്കിൽ എന്റെ അനിയത്തി ഇന്ന് ഞങ്ങൾക്കൊപ്പം കാണുമായിരുന്നു’ – പാമ്പാടി കുന്നേറ്റുകര ശോശാമ്മ ഫിലിപ്പോസിന്റെ കണ്ണുകളിൽ നനവ് ഉരുണ്ടുകൂടി. ‘കഴിഞ്ഞ വർഷം മാർച്ച് 25ന് ആയിരുന്നു സംഭവം.
സാധനങ്ങൾ വാങ്ങാൻ സഹായിക്കൊപ്പം കടയിലേക്ക് പോയതായിരുന്നു അനിയത്തി മാക്കൽ വീട്ടിൽ സൂസൻ ഏബ്രഹാം (64). പാമ്പാടി വില്ലേജ് ഓഫിസിനു മുൻപിൽ സീബ്രാ ലൈൻ കടക്കുന്നതിനിടെ ഓട്ടോ ഇടിച്ചു.
എന്നും വിളിക്കുന്ന ആളാണ് അവൾ.
വിളി വരാതായപ്പോൾ ആശങ്കയായി. പിന്നെയാണ് അപകടം ഉണ്ടായത് അറിഞ്ഞത്.
ചികിത്സയിലിരിക്കെയാണ് മരിച്ചത്. വാഹനം ഓടിക്കുന്നവരും കാൽനടയാത്രക്കാരും റോഡ് നിയമങ്ങൾ കർശനമായി പാലിക്കാൻ ശ്രദ്ധിക്കണം എന്നുമാത്രമാണ് ഞങ്ങളുടെ അഭ്യർഥന.’– ശോശാമ്മ പറഞ്ഞു.
സീബ്രാലൈനുകളിൽ കാൽനടയാത്രക്കാർക്ക് തന്നെയാണ് മുൻഗണന. ഗതാഗതക്കുരുക്ക് ഉള്ളയിടങ്ങളിൽ അപകടം ഇല്ലാത്ത രീതിയിൽ ഏത് ദിശയിലും കയറിപ്പോകാം എന്നതാണ് ആംബുലൻസിനുള്ള ഇളവ്.
സീബ്രാലൈനിൽ ആളുണ്ടെങ്കിൽ വേഗം കുറച്ച് അല്ലെങ്കിൽ വാഹനം നിർത്തി കാൽനടയാത്രക്കാരുടെ സുരക്ഷയും ആംബുലൻസ് ഡ്രൈവർ ഉറപ്പാക്കേണ്ടതുണ്ട്.
എസ്.സഞ്ജയ്, ജോയിന്റ് ആർടിഒ കാഞ്ഞിരപ്പള്ളി
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

