കുമ്പള ∙ ‘ഒരു ദുർഭരണത്തിന് അവസാനം കുറിക്കുകയാണ്. പുതിയ യുഗത്തിനു തിരശീല ഉയരുകയാണ്.
നമ്മൾ ഒരു മഹായുദ്ധം ജയിക്കാനൊരുങ്ങുന്നു. ഇനി നമ്മൾ വെറും പ്രതിപക്ഷമല്ല.
ടീം യുഡിഎഫാണ്.’ ആവേശം വിതറുന്ന വാക്കുകളോടെ ജാഥാനായകൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ‘ടീം യുഡിഎഫ്’ എന്ന ആശയത്തെക്കുറിച്ചു പ്രഖ്യാപിച്ചുകൊണ്ടാണ് ഇന്നലെ യുഡിഎഫ് പുതുയുഗയാത്രയ്ക്ക് കാസർകോട്ട് തുടക്കമിട്ടത്.തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന സ്വപ്നപദ്ധതികളെക്കുറിച്ചും കരുനീക്കങ്ങളെക്കുറിച്ചും ഉദ്ഘാടനസമ്മേളനത്തിൽ വി.ഡി.സതീശൻ സൂചന നൽകി.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള മലയാളി വിദഗ്ധരെ ഉൾപ്പെടുത്തി കമ്മിഷനുകൾ രൂപീകരിക്കുമെന്നും ഇവരുടെ റിപ്പോർട്ട് പുതുയുഗയാത്രയുടെ വിവിധഘട്ടങ്ങളിലായി അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യവിദഗ്ധൻ ഡോ.എസ്.എസ്.ലാലിന്റെ നേതൃത്വത്തിൽ ഹെൽത്ത് കമ്മിഷനും ഡോ.അച്യുത് ശങ്കറിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ കമ്മിഷനും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
താഴെത്തട്ട് മുതൽ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ ‘ടീം യുഡിഎഫി’ന്റെ പ്രവർത്തനം ശക്തമാക്കുമെന്നും വിശദീകരിച്ചു.
കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ അനൂപ് ജേക്കബ്, സിഎംപി നേതാവ് സി.പി.ജോൺ, ആർഎസ്പി നേതാവ് എൻ.കെ.പ്രേമചന്ദ്രൻ, കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ എംപി, എ.പി.അനിൽ കുമാർ എംഎൽഎ, പി.സി.വിഷ്ണുനാഥ് എംഎൽഎ, എംപിമാരായ ബെന്നി ബഹനാൻ, ആന്റോ ആന്റണി, എം.കെ.രാഘവൻ, ജെഎസ്എസ് നേതാവ് എ.എൻ.രാജൻ ബാബു, ടി.സിദ്ദിഖ്, രമ്യ ഹരിദാസ്, വി.എസ്.ശിവകുമാർ, വി.പി.സജീന്ദ്രൻ, ഷാനിമോൾ ഉസ്മാൻ, ടി.ശരത്ചന്ദ്ര പ്രസാദ്, സന്ദീപ് വാരിയർ, വി.എ.നാരായണൻ, സോണി സെബാസ്റ്റ്യൻ, എ.ഗോവിന്ദൻ നായർ, എ.അബ്ദുറഹ്മാൻ, ജെബി മേത്തർ, ഒ.ജെ.ജനീഷ്, ഹക്കീം കുന്നിൽ, കെ.നീലകണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു.
പി.വി.അൻവർ വേദിയിൽ
മുൻ എംഎൽഎ പി.വി.അൻവർ ബേപ്പൂരിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ‘യുഡിഎഫ് ചർച്ച ചെയ്തിട്ടില്ല’ എന്നായിരുന്നു രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രതികരണം. ബേപ്പൂരിൽ അൻവറിന്റെ പ്രചാരണം യുഡിഎഫിന്റെ അറിവോടെയല്ലെന്നും പറഞ്ഞു.
എന്നാൽ, ഒളിപ്പിച്ചുവച്ച സസ്പെൻസ് പോലെ പുതുയുഗയാത്രയുടെ ഉദ്ഘാടനവേദിയിൽ അൻവറെത്തി. സതീശൻ തന്നെ അൻവറിന് വേദിയിലേക്കു കയറാനുള്ള വഴി കാണിച്ചു കൊടുക്കുകയും വേദിയിലേക്കു ക്ഷണിക്കുകയും ചെയ്തു.
‘പിണറായിസത്തിനും മരുമോനിസത്തിനും അന്ത്യംകുറിക്കുന്നതിന് യുഡിഎഫ് ഭരണം വരും’ എന്നായിരുന്നു അൻവറിന്റെ പ്രസംഗം.
എസ്എൻഡിപിക്കും എൻഎസ്എസിനും എന്നെ ഇഷ്ടമില്ലാത്തതിന്റെ കാരണമറിയില്ല; സതീശൻ
എൻഎസ്എസും എസ്എൻഡിപിയും വിമർശിക്കുന്നത് കോൺഗ്രസിനെയല്ല തന്നെ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പുതുയുഗ യാത്രയുടെ ഉദ്ഘാടനത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നെ അവർക്ക് ഇഷ്ടമല്ല. അതിന് എനിക്കൊന്നും ചെയ്യാനാവില്ല.
എന്നെ വിമർശിക്കുന്നതുകൊണ്ട് അവരോട് വെറുപ്പോ വിദ്വേഷമോ ഇല്ല. എല്ലാവർക്കും എല്ലാവരെയും ഇഷ്ടപ്പെടണമെന്നില്ലല്ലോ.
അവർക്കെന്നെ ഇഷ്ടമല്ലാത്തതിന്റെ കാരണം അറിയില്ല. എന്റെ പെരുമാറ്റമോ രൂപമോ അങ്ങനെയെന്തെങ്കിലുമോ ആകാം അവർക്ക് ഇഷ്ടമില്ലാത്തത്.
ഇഷ്ടമില്ലാത്തവരോടൊക്കെ നമുക്ക് വിരോധം കാണിക്കാനാകില്ലല്ലോ. വർഗീയത ആരുപറഞ്ഞാലും എതിർക്കും.
അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല. വർഗീയതെ ചെറുക്കുകയാണ് ഞങ്ങളുടെ പ്രധാന അജൻഡ – സതീശൻ പറഞ്ഞു.
പുതുയുഗയാത്രഇന്ന് കണ്ണൂരുംകാസർകോടും
യുഡിഎഫ് പുതുയുഗയാത്രയ്ക്ക് ഇന്ന് രാവിലെ 10ന് ഉദുമയിലും 11ന് കാഞ്ഞങ്ങാട്ടും 12ന് തൃക്കരിപ്പൂരിലും സ്വീകരണം നൽകും.
പിന്നീട് കണ്ണൂർ ജില്ലയിൽ പ്രവേശിക്കും. ഉച്ചയ്ക്കുശേഷം ജില്ലാ അതിർത്തിയായ ഒളവറ പാലത്തിൽ യുഡിഎഫ് നേതാക്കൾ യാത്രയെ സ്വീകരിച്ചാനയിക്കും.
വൈകിട്ട് 3ന് പയ്യന്നൂരിലാണ് ആദ്യ സ്വീകരണം. 4ന് തളിപ്പറമ്പ്, 4.30ന് കണ്ണൂർ എന്നിവിടങ്ങളിലും സ്വീകരണം നൽകും.
കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടക്കുന്ന സ്വീകരണ സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
ഇന്ത്യയിൽ മതരാഷ്ട്ര വാദമില്ലെന്ന് ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കി: വി.ഡി.സതീശൻ
ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ മതരാഷ്ട്ര വാദമെന്ന നിലപാട് ഇല്ലെന്ന് ജമാഅത്തെ ഇസ്ലാമി അമീർ വ്യക്തതയോടെ പറഞ്ഞിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കാസർകോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മതരാഷ്ട്രവാദ നിലപാട് ഉണ്ടായിരുന്ന 4 പതിറ്റാണ്ട് ജമാഅത്തെ ഇസ്ലാമി സിപിഎമ്മിനും എൽഡിഎഫിനും ഒപ്പമായിരുന്നു.
സിപിഎമ്മിനൊപ്പം നിൽക്കുമ്പോൾ മതനിരപേക്ഷവാദികളും പുറത്തുപോയാൽ വർഗീയവാദികളുമെന്ന നിലപാട് അംഗീകരിക്കാനാകില്ല. പിണറായി വിജയൻ പണ്ട് അവരെ സ്വീകരിച്ച വാക്കുകളോ പാർട്ടിപ്പത്രം എഡിറ്റോറിയലിൽ എഴുതിയതോപോലെ അവരെ ഞാൻ പുകഴ്ത്തിയിട്ടില്ല.
ഞങ്ങളെ പിന്തുണച്ചപ്പോഴാണ് കുഴപ്പമായത്. മുസ്ലിം ലീഗ് ജനാധിപത്യ മതനിരപേക്ഷ പാർട്ടിയാണെന്ന് എം.വി.ഗോവിന്ദൻ ഉൾപ്പെടെ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.
പക്ഷേ, ഇപ്പോൾ കുഴപ്പമാണ്. ലീഗ് ദുർബലമായാൽ തീവ്രനിലപാടുള്ളവർ ശക്തമാകും.
അതുകൊണ്ടാണ് ലീഗിനെ ചേർത്തു പിടിക്കുന്നത് –സതീശൻ പറഞ്ഞു.
കേരളത്തെ അനാഥത്വത്തിലേക്കു തള്ളിവിട്ട പിണറായി സർക്കാരിനെ താഴെയിറക്കാൻ ജനം കാത്തിരിക്കുകയാണ്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് എന്തൊക്കെ വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടന്നത്. കൊച്ചി മെട്രോ, വിഴിഞ്ഞം പദ്ധതി, കണ്ണൂർ വിമാനത്താവളം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പദ്ധതികളാണ് എടുത്തുകാട്ടാനുള്ളത്.
എന്നാൽ ഈ സർക്കാർ കേരളത്തെ സാമ്പത്തിക തകർച്ചയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇടതുസർക്കാർ ആകെ ചെയ്തിരിക്കുന്നത് സഹകരണ ബാങ്കുകളുടെ പണം കവർന്നെടുക്കുകയാണ്.
രമേശ് ചെന്നിത്തല
പോറ്റിയെ കേറ്റിയേ എന്ന പാട്ട് പോറ്റിയെ ഇറക്കിയേ എന്നു പാടേണ്ട
സ്ഥിതിയാണ്. ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികൾ ഓരോന്നായി ഇപ്പോൾ ജയിലിൽനിന്ന് പുറത്തിറങ്ങിക്കൊണ്ടിരിക്കുകയാണ്.
അയ്യപ്പന്റെ സ്വർണം കട്ട കേസ് ഒതുക്കിത്തീർത്തെന്ന് ആർക്കണറിയാത്തത്.
10 വർഷം തുടർച്ചയായി ഭരിച്ചിട്ടും പിണറായി വിജയൻ സർക്കാരിന് ചൂണ്ടിക്കാണിക്കാൻ ഒരു അടയാളം പോലുമില്ല. ഇവിടെ കുട്ടികൾ നാട് വിടുകയാണ്.
എങ്ങനെ നിൽക്കും?. പഠിക്കാൻ അനുയോജ്യമായ നല്ല ക്യാംപസുകൾ വേണ്ടേ.
ഇതിനൊക്കെ ഞങ്ങളുടെ കയ്യിൽ പരിപാടികളുണ്ട്. യുഡിഎഫ് വന്നാൽ ചെയ്തു കാണിക്കാം.
കുഞ്ഞാലിക്കുട്ടി
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

