പാലക്കാട് ∙ വാളയാർ–വടക്കഞ്ചേരി ദേശീയപാത യാക്കരയിൽ മിനിലോറിയിൽ നിന്നു സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തമിഴ്നാട്ടിലേക്ക്. അറസ്റ്റിലായ ലോറി ഡ്രൈവർ ധർമപുരി ഹരൂർ സ്വദേശി സെന്തിൽ കുമാറിൽ നിന്നു നിർണായക വിവരം സൗത്ത് പൊലീസിനു ലഭിച്ചു.
അതേസമയം ലോറി പാലക്കാട് ഒരു സ്ഥലത്തു നിർത്തിയിട്ടും പോകണമെന്നും അവിടെ നിന്നു മറ്റൊരു ഡ്രൈവർ കയറുമെന്നുമാണു തനിക്കു മൊബൈൽ ഫോൺ വഴി നിർദേശം ലഭിച്ചതെന്നു സെന്തിൽ കുമാർ പൊലീസിനു മൊഴി നൽകി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.
തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഏതെങ്കിലും ക്വാറിയിലേക്ക് ഇവ കടത്താൻ ശ്രമിച്ചതാണെന്നാണു പൊലീസിന്റെ നിഗമനം.
കൂടുതൽ അന്വേഷണത്തിനു ശേഷമേ എവിടേക്കാണെന്നു വ്യക്തമാകൂ. ക്വാറി ആവശ്യങ്ങൾക്കായാണു സാധാരണ ഇത്തരം സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നത്.
മറ്റ് ആവശ്യങ്ങൾക്കാണോ ഇവ കടത്താൻ ശ്രമിച്ചതെന്നു പരിശോധിക്കുമെന്നും ഇൻസ്പെക്ടർ വിപിൻ കുമാർ അറിയിച്ചു.
90 പെട്ടികളിൽ നിന്നായി 18,000 ജലറ്റിൻ സ്റ്റിക്കുകളും 4,800 ഡിറ്റനേറ്ററുകളുമാണു പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്നു സൗത്ത് പൊലീസ് നടത്തിയ പരിശോധനയിലാണു 4നു രാത്രി ഒൻപതോടെ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്.
തണ്ണിമത്തൻ കൊണ്ടുപോകുന്ന ലോറിയിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾക്കു ലക്ഷങ്ങൾ വില വരും.
മൂന്നു ഡ്രൈവർമാർ; ലക്ഷ്യം തകർത്ത് പൊലീസ്
ധർമപുരിയിൽ നിന്നു സ്ഫോടകവസ്തുക്കളുമായി മിനി ലോറി പാലക്കാട് എത്തിയതുവരെ 3 ഡ്രൈവർമാർ മാറി, മാറി കയറിയിരുന്നതായി പൊലീസ്.
ഡ്രൈവർമാർക്കു പരസ്പരം അറിയില്ല. മൊബൈൽ ഫോണിൽ ലഭിക്കുന്ന നിർദേശാനുസരണം ഡ്രൈവർമാർ ഒഴിഞ്ഞ സ്ഥലത്തു വാഹനം പാർക്ക് ചെയ്ത്, താക്കോൽ വാഹനത്തിൽ വച്ചു മടങ്ങും.
അവിടെ നിന്നു മറ്റൊരു ഡ്രൈവർ കയറും. ഇയാൾക്കും എവിടെ നിർത്തണമെന്നതു സംബന്ധിച്ചു നിർദേശം നൽകിയിട്ടുണ്ടാകും.
പൊലീസ് പിടിച്ചാലും സ്ഫോടക വസ്തുക്കൾ എവിടെ നിന്നു കൊണ്ടുവരുന്നുവെന്നൊ, എവിടേക്കു കൊണ്ടു പോകുന്നെന്നോ ഡ്രൈവർമാരിൽ നിന്ന് അറിയാതിരിക്കാനാണിത്.
സ്ഫോടക വസ്തുക്കളുടെ ഉടമകളെ കണ്ടെത്താനും ബുദ്ധിമുട്ടാണ്. ധർമപുരിയിൽ നിന്നു സ്ഫോടക വസ്തുക്കളുമായി പുറപ്പെട്ട
ലോറി ഈറോഡ്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിർത്തിയിട്ടുണ്ട്. അറസ്റ്റിലായ സെന്തിൽ കുമാർ കോയമ്പത്തൂരിൽ നിന്നാണു കയറിയത്.
പാലക്കാട് ഒരു സ്ഥലത്തു നിത്തിയിടാനായിരുന്നു നിർദേശം. പക്ഷേ അതിനു മുൻപ് പൊലീസ് പിടിച്ചു.
ഇത്തരം സംഘങ്ങളെക്കുറിച്ചു പൊലീസിനു നേരത്തെ വിവരം ലഭിച്ചിരുന്നു. മാസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

