റിസർവ് ബാങ്കിന്റെ നടപ്പു സാമ്പത്തിക വർഷത്തെ (2025-26) അവസാന പണനയ നിർണയ യോഗം ഇന്ന്. ഡിസംബറിലെ യോഗത്തിൽ റീപ്പോനിരക്ക് 0.25% കുറച്ച് സാധാരണക്കാർക്കും സാമ്പത്തിലോക ലോകത്തിനും ആശ്വാസം സമ്മാനിച്ച പണനയ നിർണയ സമിതി (എംപിസി) പക്ഷേ, ഇന്ന് പലിശയിളവ് നൽകാൻ സാധ്യത 50:50.
കഴിഞ്ഞവർഷം നടന്ന യോഗങ്ങളിലായി ഒരുശതമാനത്തിലേറെ പലിശയിളവ് വരുത്തിയിട്ടും അതിന്റെ ആനുകൂല്യം പൂർണമായി ബാങ്കുകൾ ഉപഭോക്താക്കൾക്ക് കൈമറിയിട്ടില്ലെന്ന പരിഭവവും റിസർവ് ബാങ്കിനുണ്ട്.
ഇതും പലിശയിറക്കത്തിന് തടസ്സമാണ്. പലിശ കുറയാനുള്ള സാധ്യതയ്ക്ക് തടയിട്ടു നിൽക്കുന്ന മറ്റു കാര്യങ്ങൾ ഇങ്ങനെ:
∙ രൂപ നേരിടുന്ന ചാഞ്ചാട്ടം
∙ കേന്ദ്രസർക്കാരിന്റെ കടപ്പത്ര യീൽഡുകൾ (കടപ്പത്രത്തിൽ നിക്ഷേപിക്കുന്നവർക്ക് കിട്ടുന്ന നേട്ടം) നേരിടുന്ന ഇടിവ് – എന്നിവയാണ് പലിശയിറക്കത്തിന് വഴിമുടക്കി നിൽക്കുന്നത്.
യൂറോപ്യൻ യൂണിയൻ, യുഎസ് എന്നിവയുമായി ഇന്ത്യ വമ്പൻ വ്യാപാരക്കരാറുകൾ ഉറപ്പിച്ചിരിക്കേ, രാജ്യത്തിന്റെ ജിഡിപി സമീപഭാവിയിൽ മെച്ചപ്പെടുമെന്ന വിലയിരുത്തലുകളും ശക്തം.
ഇന്ത്യയുടെ ആഭ്യന്തര വളർച്ചാനിർണയ മേഖലകളെല്ലാം സമീപകാലത്ത് ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്.
വളർച്ചയെക്കുറിച്ച് ആശങ്ക റിസർവ് ബാങ്കിനില്ല. പണപ്പെരുപ്പവും ഏറെക്കാലമായി നിയന്ത്രിത പരിധിയിലാണെന്നിരിക്കേ, പലിശനിരക്ക് കുറച്ചേതീരൂ എന്ന സാഹചര്യവുമില്ല.
അതുകൊണ്ടുതന്നെ ഇന്നത്തെ പണനയത്തിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനിടയില്ലെന്നാണ് പൊതുവിലയിരുത്തൽ. ∙ പലിശനിരക്ക് കുറച്ചില്ലെങ്കിൽ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ഇഎംഐയും മാറ്റമില്ലാതെ നിൽക്കും.
അമേരിക്കൻ ഓഹരികൾ ചോരപ്പുഴ, നഷ്ടക്കാറ്റ് ഏഷ്യയിലും
അമേരിക്കൻ ഓഹരി വിപണിയെ വീണ്ടും പിടികൂടി ‘ടെക്, എഐ ഭൂതങ്ങൾ’.
എഐ അഥവാ നിർമിതബുദ്ധി വികസനത്തിനായി നടത്തുന്ന ശതകോടികളുടെ നിക്ഷേപം വെള്ളത്തിലാകുമോ എന്ന ഭയം ‘എഐ കുമിള’ പോലെ പല ടെക്, നിക്ഷേപ കമ്പനികളുടെയും തലയ്ക്കുമീതെ നിൽക്കുന്നു.
ടെക് ഭീമനായ അമസോൺ മോശം പ്രവർത്തനഫലം പുറത്തുവിട്ടതും ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ നേരിടുന്ന കനത്ത തകർച്ചയും ഓഹരി നിക്ഷേപകരുടെ ആത്മവിശ്വാസത്തിന് വിള്ളൽവരുത്തി. യുഎസ് ഓഹരി വിപണിയിൽ നാസ്ഡാക് 1.59%, ഡൗ ജോൺസ് 1.20%, എസ് ആൻഡ് പി500 സൂചിക 1.23% എന്നിങ്ങനെ ഇടിഞ്ഞു.
ആമസോൺ ഓഹരി 10% നഷ്ടം നേരിട്ടത് തിരിച്ചടിയായി. യുഎസ് സ്റ്റോക്ക് ഫ്യൂച്ചേഴ്സ് ഒരു ശതമാനം വരെ ഇടിഞ്ഞത് ഏഷ്യൻ ഓഹരികളെയും ഉലച്ചു.
ഇത് ഇന്ത്യൻ വിപണിയെയും ഇന്ന് സ്വാധീനിക്കാം.
ജാപ്പനീസ് നിക്കേയ് 0.36%, ഷാങ്ഹായ് 0.63%, ഹോങ്കോങ് 1.64% എന്നിങ്ങനെയാണ് ഇടിഞ്ഞത്. ഹോങ്കോങ് വിപണിയിലെ ചൈനീസ് ടെക് കമ്പനികളുടെ ഓഹരികൾ വിറ്റൊഴിയൽ സമ്മർദത്തിൽപ്പെട്ടു.
ഇന്റർനെറ്റ് സേവനങ്ങൾക്ക നികുതി കൂട്ടുമെന്ന ആശങ്കയും തിരിച്ചടിയായി.
ലാഭമെടുപ്പിൽ വീണ് ഇന്ത്യൻ വിപണി
യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവയുമായുള്ള ഡീലുകൾ ഉറപ്പായും ഇന്ത്യൻ സമ്പദ്മേഖലകൾക്ക് കരുത്താകും. കയറ്റുമതി അധിഷ്ഠിതവും ആഭ്യന്തര ഉപഭോക്തൃവിപണി കേന്ദ്രീകൃതവുമായ കമ്പനികളുടെ ഓഹരികൾ ഇന്നലെയും ഭേദപ്പെട്ട
പ്രകടനമാണ് നടത്തിയത്. ഇന്നലെ നിഫ്റ്റി 133 പോയിന്റും സെൻസെക്സ് 500 പോയിന്റും (0.5% വീതം) ഇടിഞ്ഞിരുന്നു.
എന്നാൽ റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ, ബാങ്കുകൾ തുടങ്ങി ആഭ്യന്തര വിപണിക്ക് ഊന്നൽ നൽകുന്ന കമ്പനികൾ പൊതുവേ നേട്ടത്തിലായിരുന്നു.
ഐടി കമ്പനികളുടെ ഓഹരികളിലാണ് ലാഭമെടുപ്പ് കണ്ടത്. അതിനുവഴിയൊരുക്കിയതാകട്ടെ യുഎസ് ടെക് കമ്പനിയായ ആന്ത്രോപിക്സിന്റെ പുതിയ എഐ ടൂൾ ആണ്.
നിലവിൽ വൻകിട കമ്പനികൾ അവർക്കുവേണ്ട
ഐടി സേവനങ്ങൾ ഇന്ത്യൻ ഐടി കമ്പനികൾക്കും മറ്റും പുറംകരാർ ആയി നൽകിയിരിക്കുകയാണ്. പുതിയ എഐ ടൂൾ വരുമ്പോൾ ഇനി പുറംകരാറിന്റെ ആവശ്യമില്ലെന്ന വിലയിരുത്തലാണ് ഐടി ഓഹരികളിൽ വിറ്റൊഴിയൽ സമ്മർദം സൃഷ്ടിച്ചത്.
∙ ഗിഫ്റ്റ് നിഫ്റ്റി രാവിലെ 100 പോയിന്റോളം താഴ്ന്നു.
സെൻസെക്സും നിഫ്റ്റിയും ഇന്നും നഷ്ടത്തിലേക്ക് വീണേക്കും. ∙ രൂപ ഇന്നലെ ഡോളറിനെതിരെ 13 പൈസ കയറി 90.34ൽ എത്തി.
∙ വിദേശ നിക്ഷേപകർ (എഫ്ഐഐ) ഇന്നലെ 2,150 കോടിയുടെ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞു.
ക്രിപ്റ്റോയിൽ വിശ്വാസത്തകർച്ച
ക്രിപ്റ്റോകറൻസികളിൽ നിക്ഷേപകർക്ക് വിശ്വാസം നഷ്ടപ്പെടുകയാണോ? ആണെന്നാണ് പ്രമുഖ ജർമൻ ബാങ്കായ ഡോയിച്ച് ബാങ്കിലെ അനലിസ്റ്റുകൾ ഉൾപ്പെടെ വിലയിരുത്തുന്നത്. നേരത്തേ ആഗോള സാമ്പത്തിക അനിശ്ചിതത്വം, പണപ്പെരുപ്പ ഭീഷണി തുടങ്ങിയ സാഹചര്യങ്ങളിൽ സുരക്ഷിത നിക്ഷേപമെന്നോണം ക്രിപ്റ്റോകറൻസികളിലേക്ക് നിക്ഷേപകർ ചേക്കേറിയിരുന്നു.
ആ വിശ്വാസം ഇപ്പോഴില്ലെന്നാണ് ചില നിരീക്ഷകർ പറയുന്നത്.
നിക്ഷേപക താൽപര്യം നഷ്ടപ്പെട്ടതാണ് നിലവിലെ ക്രിപ്റ്റോത്തകർച്ചയ്ക്ക് പിന്നിലെന്നും കരുതുന്നു. ‘ഡിജിറ്റൽ സ്വർണം’ എന്നുവിളിപ്പേരുള്ള ബിറ്റ്കോയിൻ വില കഴിഞ്ഞ ഒക്ടോബറിൽ 1,26,000 ഡോളർ ആയിരുന്നു.
ഇപ്പോൾവില 63,000 ഡോളർ. പാതിയായി ഇടിഞ്ഞു.
2024ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. കഴിഞ്ഞ ഒക്ടോബറിന് ശേഷം ഇതുവരെ ക്രിപ്റ്റോ വിപണിയിൽ നിന്ന് 2 ട്രില്യൻ ഡോളറിന്റെ നിക്ഷേവും കൊഴിഞ്ഞുപോയി.
സ്വർണം നടത്തുന്ന കുതിപ്പും ബിറ്റ്കോയിന്റെ നിലതെറ്റിച്ചു. 2025ൽ ബിറ്റ്കോയിൻ വില 30% ഇടിഞ്ഞപ്പോൾ സ്വർണം മുന്നേറിയത് 68%.
നിക്ഷേപകർ ബിറ്റ്കോയിനെ കൈവിട്ട് സ്വർണത്തിലേക്ക് ചുവടുമാറ്റാനും തുടങ്ങി.
കൂടുതൽ താഴ്ചയിലേക്ക് സ്വർണവും എണ്ണയും
ലാഭമെടുപ്പ് സമ്മർദത്തിൽപ്പെട്ട് സ്വർണവില കൂടുതൽ താഴ്ചയിലേക്ക്. രാജ്യാന്തരവില നിലവിൽ 135 ഡോളർ ഇടിഞ്ഞ് 4,789 ഡോളറിലാണുള്ളത്.
കേരളത്തിൽ ഇന്നുരാവിലെ സ്വർണവില കുറയാനാണ് സാധ്യത. വെള്ളിക്കും വില താഴും.
ഇറാൻ-യുഎസ് സമാധാന ചർച്ച ഇന്ന് ഒമാനിൽ നടക്കാനിരിക്കേ ക്രൂഡ് ഓയിൽ വിലയും കൂടുതൽ താഴ്ന്നു.
സംഘർഷം ഒഴിവാകുന്നത് എണ്ണവിപണിയിലെ പ്രതിസന്ധികളെയും അകറ്റും. വിതരണത്തിനോ ഉൽപാദനത്തിനോ തടസ്സവുമുണ്ടാകില്ല.
ഇതാണ് വില കുറയാൻ കാരണം. ഡബ്ല്യുടിഐ ക്രൂഡ് വില 0.77% താഴ്ന്ന് 62.80 ഡോളറിലും ബ്രെന്റ് വില 0.74% കുറഞ്ഞ് 67.05 ഡോളറിലുമെത്തി.
ശ്രദ്ധയിൽ ഇവർ
∙ എൽഐസി ഡിസംബർപാദ പ്രവർത്തനഫലം പുറത്തുവിട്ടു. സംയോജിത ലാഭം 17% ഉയർന്നു.
അറ്റ പ്രീമിയം വരുമാനത്തിലും 17% വളർച്ച.
∙ ടാറ്റാ സ്റ്റീൽ, ഐആർഇഡിഎ, കല്യാൺ ജ്വല്ലേഴ്സ്, ഷിപ്പിങ് കോർപറേഷൻ, സൺടിവി, ബെമൽ തുടങ്ങിയവ ഇന്ന് പ്രവർത്തനഫലം പുറത്തുവിടും.
∙ ഭാരതി എയർടെലിന്റെ ലാഭം 55% കുറഞ്ഞു. വരുമാനം 15.2% കൂടി.
എബിറ്റ്ഡ മെച്ചപ്പെട്ടെങ്കിലും എബിറ്റ്ഡ മാർജിൻ താഴ്ന്നു.
∙ ഫെഡറൽ ബാങ്കിന്റെ 9.99% ഓഹരികൾ വാങ്ങാൻ ബ്ലാക്ക്റോക്കിന് റിസർവ് ബാങ്കിന്റെ അനുമതി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

