മികച്ച പ്രേക്ഷകാഭിപ്രായം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ നദികളിൽ സുന്ദരി യമുന എന്ന ചിത്രം. നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ ചേർന്നാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ചിത്രം വിജയക്കുതിപ്പ് തുടരവേ ഇതിൽ സന്തോഷം പ്രകടിപ്പിച്ച് ധ്യാൻ ശ്രീനിവാസൻ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധനേടുകയാണ്.
ഫെയ്സ്ബുക്കിലാണ് ധ്യാൻ നദികളിൽ സുന്ദരി യമുനയേക്കുറിച്ച് രസകരമായ വരികൾ കുറിച്ചത്. ഒടുക്കം ഒരെണ്ണം ഓടുന്നുണ്ട്. ബോംബ് നിർവീര്യമായി എന്നാണ് ധ്യാൻ ശ്രീനിവാസൻ പോസ്റ്റ് ചെയ്തത്. നിരവധി പ്രതികരണങ്ങളാണ് താരത്തിന്റെ ഈ സെൽഫ് ട്രോളിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തുറന്ന് പറയാനുള്ള ആർജവം അത് ധ്യാനിന്റെ മാത്രം പ്ലസ് പോയിന്റ് ആണെന്നായിരുന്നു ഒരു കമന്റ്. ധ്യാൻ ധ്യാനത്തിൽ നിന്ന് ഉണർന്നെന്നും വിജയപാതയിൽ തിരിച്ചെത്തിയെന്നുമെല്ലാം നീളുന്നു കമന്റുകൾ.
കണ്ണൂരിലെ നാട്ടിൻപുറങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യർ, അവർക്കിടയിലെ കണ്ണൻ, വിദ്യാധരൻ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനെ ധ്യാൻ ശ്രീനിവാസനും വിദ്യാധരനെ അജു വർഗീസും അവതരിപ്പിക്കുന്നു. സുധീഷ്, നിർമ്മൽ പാലാഴി, കലാഭവൻ ഷാജോൺ, നവാസ് വള്ളിക്കുന്ന്, അനീഷ്, പാർവ്വണ, ആമി, ഉണ്ണിരാജ, ഭാനു പയ്യന്നൂർ, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടൻ, സോഹൻ സിനുലാൽ, ശരത് ലാൽ, കിരൺ രമേശ്, വിസ്മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു. ശങ്കർ ശർമയാണ് ബി.ജി.എം. ഫൈസൽ അലി ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഒ.ടി.ടി റൈറ്റ്സ് പ്രമുഖ ഒ.ടി.ടി. കമ്പനിയായ HR OTT-യാണ് സ്വന്തമാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]