ഇന്ത്യയും യുഎസുമായി ധാരണയിലെത്തിയ വ്യാപാര കരാറിലെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് ശശി തരൂർ എംപി. വ്യാപാര കരാറിലെത്തിയെന്ന വാർത്ത സ്വാഗതാർഹമാണ്.
ഇക്കാര്യത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്താൽ മാത്രം പോര. കാർഷിക, വ്യാപാര രംഗത്ത് കരാർ എന്തു മാറ്റമുണ്ടാക്കുമെന്ന കാര്യത്തിൽ കേന്ദ്രസർക്കാർ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
” കരാറിലെ ഉള്ളടക്കം എന്താണെന്ന് അറിയണം.
കരാറിനെക്കുറിച്ച് വ്യക്തത വരുത്തണമെന്ന് മാത്രമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കരാറിലെ വ്യവസ്ഥകൾ എന്താണെന്ന് ഇനിയും നമുക്ക് അറിയില്ല.
മുന്നിലുള്ളത് ട്രംപിന്റെയും മോദിയുടെയും ട്വീറ്റുകൾ മാത്രമാണ്. പാർലമെന്ററി ജനാധിപത്യത്തിൽ ഇത് മാത്രം മതിയോ? കരാറിലെ ഉള്ളടക്കമെന്താണെന്ന കാര്യത്തിൽ സർക്കാരിന് ജനങ്ങളോട് വിശദീകരണം നൽകേണ്ട
ബാധ്യതയില്ലേ?” – അദ്ദേഹം ചോദിച്ചു.
കാർഷിക മേഖലയെക്കുറിച്ചുള്ള പരാമർശങ്ങൾ കരാറിലുണ്ടെന്നാണ് ട്രംപ് പറയുന്നത്. അപ്പോൾ ഇന്ത്യയിലെ കർഷകർക്ക് എന്തു സംരക്ഷണമാണ് ലഭിക്കുന്നതെന്നും തരൂർ ചോദിച്ചു.
500 ബില്യൻ ഡോളറിന്റെ ഇറക്കുമതിയുടെ കണക്കാണ് ട്രംപ് പറയുന്നത്. ഇന്ത്യയുടെ ആകെ ഇറക്കുമതി 700 ബില്യൻ ഡോളർ മാത്രമാണ്.
എന്നുവച്ചാൽ ഇന്ത്യ മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരം അവസാനിപ്പിക്കുകയാണോ? ഇന്ത്യ–യുഎസ് കരാർ മികച്ചതാണെങ്കിൽ ആഘോഷിക്കാൻ ഞങ്ങളും ഒരുക്കമാണ്. എന്നാൽ ആദ്യം കരാറിനെക്കുറിച്ചുള്ള അവ്യക്തതകൾ അവസാനിക്കണം.
കരാറിലെ വ്യവസ്ഥകൾ എന്താണെന്ന് പാർലമെന്റിനെ വിശ്വസത്തിലെടുത്ത് സർക്കാർ വിശദീകരിക്കാൻ തയാറാകണം. കേന്ദ്രസർക്കാർ ഔദ്യോഗിക വിശദീകരണം നൽകാത്തതാണ് ഈ വിവാദങ്ങൾക്കെല്ലാം കാരണമെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തതയില്ലാത്ത വിശദീകരണം
അതേസമയം, ഇന്ത്യ–യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന് ട്രംപ് ട്വീറ്റ് ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ പൂർണ വ്യക്തത വരുത്തിയിട്ടില്ല.
വൈകുന്നേരം കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ വ്യാപാര കരാർ വിശദീകരിക്കാൻ വാർത്താ സമ്മേളനം വിളിച്ചിരുന്നു. ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും വ്യവസായങ്ങൾക്കും ഗുണം ചെയ്യാൻ കരാറിനാകുമെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്.
കാർഷിക – ക്ഷീര മേഖലയുടെ താൽപര്യം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കരാറിലെ കൂടുതൽ വ്യവസ്ഥകൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.
പകരം പ്രതിപക്ഷ നേതാക്കൾക്കെതിരെ ആരോപണം കടുപ്പിക്കുക മാത്രമാണ് മന്ത്രി ചെയ്തത്.
യുപിഎ സർക്കാരിന്റെ കാലത്ത് രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ പൂർണമായും തകർന്നതായും മോദിയുടെ നയങ്ങളാണ് ഇതിൽ നിന്ന് രക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

