പിണറായി സർക്കാരിന്റെ 10 വർഷം. ഈ കാലയളവിൽ ടി.എം.തോമസ് ഐസക്കും കെ.എൻ.ബാലഗോപാലുമായി ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്ത് അവതരിപ്പിച്ചത് 11 ബജറ്റുകൾ.
ഈ ബജറ്റുകളിലൂടെ സർക്കാരിന്റെയും സംസ്ഥാനത്തിന്റെയും സാമ്പത്തിക മേഖല എത്രത്തോളം മെച്ചപ്പെട്ടു? നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ച് വിദഗ്ധർ വിലയിരുത്തുന്നു
സംസ്ഥാനത്തിന്റെ കടം ഏത് അവസ്ഥയിലേക്കെത്തി ?
1 MINUTE AGO
11 MINUTES AGO
40 MINUTES AGO
രവിരാമൻ:
ഏതു സംസ്ഥാന സർക്കാരിന്റെയും കടം വിലയിരുത്തേണ്ടത് കടവും സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനവും തമ്മിലെ അനുപാതം നോക്കിയാണ്. 2020-21ൽ 41.35 ശതമാനമായിരുന്ന ഈ അനുപാതം 2023-24ൽ 37.84 ശതമാനമായി.
പല സംസ്ഥാനങ്ങളുടെയും കടം വർധിച്ചപ്പോഴാണ് ഈ നേട്ടം. മറ്റു പല സംസ്ഥാനങ്ങളുടെയും കടത്തിന്റെ അനുപാതം കേരളത്തെക്കാൾ കൂടുതലാണ്.
വൈകാതെ കേരളത്തിന്റെ കടം 33.8% ആകുമെന്നു കണക്കാക്കുന്നു. സമ്പദ്വ്യവസ്ഥയുടെ സജീവ നിലനിൽപിനാവശ്യമായ കടം മാത്രമേ എടുക്കുന്നുള്ളൂ.
ബി.എ.പ്രകാശ്:
കേരളം ഇപ്പോൾ കടക്കെണിയിലാണ്.
2023-24ൽ കടമെടുപ്പ് റെക്കോർഡിലെത്തി. ആകെ കടമെടുത്തത് 1,04,354 കോടി രൂപ.
ഇതിൽ 53,306 കോടി റിസർവ് ബാങ്കിൽ നിന്നുള്ള താൽക്കാലിക വായ്പയാണ്.
ഒരു വർഷം 225 തവണയാണ് നിത്യനിദാനച്ചെലവുകൾക്കായി കടമെടുത്തത്. ഇതിനു പുറമേ 67 തവണ ഓവർഡ്രാഫ്റ്റും എടുത്തു.
നിത്യവും താൽക്കാലിക വായ്പയെടുക്കുന്ന പരിതാപസ്ഥിതിയിൽ സംസ്ഥാനമെത്തി.
2023-24ൽ 74,365 കോടി വായ്പ തിരിച്ചടയ്ക്കാനും 27,106 കോടി പലിശ നൽകാനും ചെലവിട്ടു. 2023-24ലെ ആകെ വരവായ 2,29,603 കോടിരൂപയിൽ (കൺസോളിഡേറ്റ് ഫണ്ട്) 45 ശതമാനവും വായ്പയായി സ്വരൂപിച്ചതാണ്.
കേന്ദ്രം സഹായിക്കാത്തതാണോ സാമ്പത്തികപ്രതിസന്ധിക്കു കാരണം?
രവിരാമൻ:
സാമ്പത്തിക പ്രതിസന്ധിയിലല്ല, സാമ്പത്തിക ഞെരുക്കത്തിലാണ് കേരളം.
ഇതിനു പ്രധാനകാരണം കേന്ദ്രസർക്കാരിന്റെ അവഗണനയാണ്. 2021-22ൽ കേന്ദ്രത്തിൽനിന്നുള്ള വിഹിതം 47,837.21 കോടി രൂപയായിരുന്നത് 2022-23ൽ 45,368.54 കോടിയായും 2023-24ൽ 33,811.18 കോടിയായും കുറഞ്ഞു.
നാലു വർഷത്തിനിടെ കേരളത്തിനുള്ള കേന്ദ്രവിഹിതം 34 ശതമാനത്തിൽനിന്ന് 25 ശതമാനമായി. എന്നാൽ, തനതു വരുമാനത്തിലുണ്ടായ വർധന കാരണം നമുക്കു പിടിച്ചുനിൽക്കാനായി.
ഈ അവസാന മൂന്നു മാസത്തേക്ക് കേന്ദ്രത്തിൽനിന്നു ലഭിക്കേണ്ട തുകയും വെട്ടിക്കുറച്ചു.
സംസ്ഥാനത്തോടുള്ള കേന്ദ്രത്തിന്റെ പക്ഷപാതത്തിന്റെ തെളിവാണിത്.
ബി.എ.പ്രകാശ്:
2016ൽ ധവളപത്രമിറക്കിയാണ് എൽഡിഎഫ് സർക്കാർ ഭരണം തുടങ്ങിയത്. ധനപ്രതിസന്ധി അതിരൂക്ഷമാണെന്നും ഇങ്ങനെ മുന്നോട്ടു പോയാൽ 2021ൽ ധനസ്ഥിതി തകരുമെന്നും ധവളപത്രം പ്രവചിച്ചു.
എന്നാൽ, ധനസ്ഥിതി മെച്ചപ്പെടുത്താൻ ബജറ്റുകളിൽ കാര്യമായി ഒന്നുമുണ്ടായില്ല. പകരം ബജറ്റിനുപുറത്ത് കിഫ്ബി, പെൻഷൻ കമ്പനി എന്നിവ വഴി കടമെടുപ്പും ധൂർത്തുമായി സർക്കാർ മുന്നോട്ടുപോയി.
ധനപ്രതിസന്ധിയുടെ കാരണം കേന്ദ്ര സർക്കാരിന്റെ സംസ്ഥാനവിരുദ്ധ ധനനയങ്ങളാണെന്നു പറയുന്നതിൽ കാര്യമില്ല.
15–ാം കേന്ദ്ര ധനകാര്യ കമ്മിഷന്റെ നികുതി വിഭവ മാനദണ്ഡങ്ങളിൽ മാറ്റമുണ്ടായതുമൂലം കേന്ദ്രത്തിൽനിന്നുള്ള നികുതി വിഹിതത്തിൽ കുറവുണ്ടായെന്നതു ശരിയാണ്. എന്നാൽ, റവന്യു കമ്മി ഗ്രാന്റ് ഏറ്റവും കൂടുതൽ ലഭിച്ച സംസ്ഥാനമാണ് കേരളം.
53,137 കോടി രൂപയാണ് കിട്ടിയത്.
തനതു വരുമാനം വർധിപ്പിക്കുന്നതിൽ സർക്കാർ വിജയിച്ചോ?
രവിരാമൻ:
കേന്ദ്രത്തിൽനിന്നുള്ള പ്രതികൂല സാഹചര്യം നിലനിൽക്കുമ്പോൾപോലും സംസ്ഥാനത്തിന്റെ സാമ്പത്തികഭദ്രത നിലനിർത്താൻ കഴിയുന്നു എന്നതാണ് സംസ്ഥാന ധനകാര്യ മാനേജ്മെന്റിന്റെ പ്രത്യേകത. സംസ്ഥാനത്തിന്റെ സ്വന്തം നികുതിവരുമാനം 2019-20ലെ 50,323.14 കോടിയിൽ നിന്ന് 2023-24 ആയപ്പോൾ 74,329.01 കോടിയായി വർധിച്ചു.
ഇതിന്റെ ഫലമായി, ആകെ റവന്യു വരുമാനത്തിൽ സ്വന്തം നികുതി വരുമാനത്തിന്റെ വിഹിതം 2020-21ലെ 48.82 ശതമാനത്തിൽ നിന്നു 2023-24ൽ 59.71 ശതമാനമായി ഉയർന്നു. നികുതിയിതര വരുമാനം 2019-20ലെ 12,265.22 കോടിയിൽനിന്ന് 2023-24ൽ 16,345.96 കോടിയായി.
നികുതിയിതര വരുമാനത്തിൽ ഏറ്റവും വലിയ പങ്ക് ഇപ്പോഴും സംസ്ഥാന ലോട്ടറികളിൽ നിന്നാണ്.
ബി.എ.പ്രകാശ്:
2024-25 സാമ്പത്തികവർഷത്തെക്കാൾ 2025-26ലെ ധനസ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നാണ് സിഎജിയുടെ 2025 നവംബർ വരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. 2024-25ലെ മൊത്തം റവന്യു കമ്മി 28,227 കോടിയായിരുന്നു.
2025 നവംബറായപ്പോൾത്തന്നെ റവന്യു കമ്മി 27,788 കോടിയായി. ഈ സാമ്പത്തികവർഷം അവസാനം അത് 42,000 കോടിയിലേക്ക് ഉയരാനാണു സാധ്യത.
സർക്കാർ ജീവനക്കാർക്ക് 5 ഗഡു ക്ഷാമബത്ത നൽകാനുണ്ട്.
അതായത് 13%. ഇതു നൽകാൻ ഇന്നത്തെ സ്ഥിതിയിൽ സർക്കാരിനു കഴിയില്ല.
കേന്ദ്രസർക്കാർ 10 വർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണം നടത്തുന്നെങ്കിൽ കേരളത്തിൽ 5 വർഷത്തിലൊരിക്കൽ നടത്തുന്നു. വരവിന് അനുസരിച്ചു മാത്രമേ ചെലവു നടത്താവൂ എന്ന പാഠം ഇതുവരെ സർക്കാർ പഠിച്ചിട്ടില്ല.
വികസന പദ്ധതികൾക്കു വേണ്ടത്ര വേഗമുണ്ടോ? കിഫ്ബി വിജയിച്ചോ?
രവിരാമൻ:
കേരളത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ സ്കൂളുകൾ, ആശുപത്രിക്കെട്ടിടങ്ങൾ, പാർക്കുകൾ, റോഡുകൾ എന്നിവയിൽ സംഭവിച്ച പുരോഗതി ആർക്കെങ്കിലും നിഷേധിക്കാൻ കഴിയുമെന്നു തോന്നുന്നില്ല.
2016ൽ ഭരണത്തിൽ വന്ന എൽഡിഎഫ് സർക്കാർ കിഫ്ബിക്കു രൂപം നൽകിയാണ് ഇതൊക്കെ സാധ്യമാക്കിയത്. ഇതു സെക്കൻഡ് ടേൺ എറൗണ്ട് ആണ്.
1980കളിലുണ്ടായ നിർണായക സാമ്പത്തികമുന്നേറ്റം ഒന്നാം ടേൺ എറൗണ്ടായി കണക്കാക്കാം. ഇപ്പോൾ 20,000 കോടി രൂപയുടെ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ ആകെ 90,562 കോടി രൂപയുടെ 1190 പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയിട്ടുള്ളത്.
ഇതിൽ 21881 കോടിയുടെ പദ്ധതികൾ പൂർത്തീകരിച്ചു. 27,273 കോടിയുടെ പദ്ധതികൾ പുരോഗമിക്കുകയും ചെയ്യുന്നു.
ഇന്നു കിഫ്ബിയിലൂടെ ലഭ്യമാക്കിയ പശ്ചാത്തലവികസനത്തിന്റെ നേട്ടം എത്രയോ മുകളിലാണ്.
ബി.എ.പ്രകാശ്:
കേരളത്തിന്റെ വികസനപരിപാടികൾ ലോകത്തിനും മാതൃകയാണെന്നാണല്ലോ നമ്മുടെ മന്ത്രിമാർ ദിവസവും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതിൽ എത്രത്തോളം വസ്തുതയുണ്ടെന്നു നോക്കാം.
ഇന്ത്യയിലെ സംസ്ഥാനങ്ങൾ ചില വികസനയിനങ്ങൾക്ക് ആകെ ചെലവിന്റെ എത്ര ശതമാനം 2022-23ൽ ചെലവാക്കി എന്ന കണക്ക് സിഎജി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതനുസരിച്ച് പ്രധാന നിർമാണങ്ങൾക്കു കേരളം ചെലവാക്കിയത് മൊത്തം സംസ്ഥാന ചെലവിന്റെ 1.18% മാത്രമാണ്.
കേരളം ഇതിൽ അവസാന സ്ഥാനത്താണ്. യന്ത്രങ്ങൾക്കും മറ്റ് ഉപകരണങ്ങൾക്കും ചെലവാക്കിയത് 0.04%.
24-ാം സ്ഥാനത്താണ് കേരളം. ചുരുക്കത്തിൽ, കേരളത്തിന്റെ വികസനച്ചെലവ് വളരെ പരിതാപകരമാണ്.
ക്ഷേമപ്രവർത്തനങ്ങളിലും ആരോഗ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും എത്രത്തോളം മുന്നേറാനായി?
രവിരാമൻ:
2016ൽ 600 രൂപ മാത്രമുണ്ടായിരുന്ന സാമൂഹിക സുരക്ഷാ പെൻഷനുകൾ 2000 രൂപയിലേക്ക് എത്തിച്ചത് ഈ സർക്കാരാണ്.
അതുപോലെ തന്നെ അതിദാരിദ്ര്യ നിർമാർജനം, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ, റേഷൻ കാർഡുകളുടെ വിതരണം, ദുർബല വിഭാഗങ്ങൾക്കായുള്ള പ്രത്യേക പാക്കേജുകൾ, അംബേദ്കർ ഗ്രാമം, ന്യൂനപക്ഷ ക്ഷേമപദ്ധതികൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയുള്ള വികസനത്തിനാണ് കഴിഞ്ഞ 10 വർഷം കേരളം സാക്ഷ്യം വഹിച്ചത്. യഥാർഥത്തിൽ കേരളത്തിന്റെ വികസന ദശാബ്ദമാണ് കഴിഞ്ഞത്.
ഒരേസമയം സാമൂഹിക വികസനവും സാമ്പത്തിക വികസനവും സാധ്യമായി. ഇത്തരം പ്രത്യേകതകളാണ് കേരളത്തെ മിറക്കിൾ സ്റ്റേറ്റ് ആക്കിമാറ്റുന്നത്.
ബി.എ.പ്രകാശ്:
സംസ്ഥാനത്തെ വികസനപദ്ധതികൾ നടത്താൻ ബജറ്റിനു പുറത്ത് പണം സമാഹരിക്കുന്ന പരിപാടി ഗുണത്തെക്കാൾ ദോഷമാണുണ്ടാക്കിയത്.
ഈ സാമ്പത്തിക വർഷത്തെ അവസാനപാദത്തിൽ സംസ്ഥാനത്തിന് 12,516 കോടി രൂപ വായ്പയെടുക്കാൻ അർഹതയുണ്ടായിരുന്നു. എന്നാൽ കിഫ്ബി, പെൻഷൻ കമ്പനി വായ്പയെടുപ്പുകൾ മൂലം 5,090 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു.
കഴിഞ്ഞ 10 വർഷത്തിനിടെ രൂക്ഷമായ ധനപ്രതിസന്ധിയിൽനിന്നു തുടങ്ങി അതിരൂക്ഷമായ പ്രതിസന്ധിയിലേക്കാണ് കേരളം സഞ്ചരിച്ചത്. വ്യക്തമായ ഒരു ലക്ഷ്യമോ നയമോ മാനേജ്മെന്റ് സംവിധാനമോ ഉണ്ടായില്ല.
ബജറ്റിനു പുറത്ത് ധനസമാഹരണം നടത്തി മുന്നേറാമെന്ന പദ്ധതിയും പാളി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

