കോഴിക്കോട് ∙ കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടുമൊരു സമരത്തിനിറങ്ങുന്നു. ജനുവരി 28ന് രാവിലെ 10 മണിക്ക് ആരോഗ്യ മന്ത്രി വീണ ജോർജിന്റെ വസതിക്ക് മുൻപിൽ സത്യാഗ്രഹമിരിക്കുമെന്ന് സമര സമിതി നേതാക്കൾ അറിയിച്ചു.
സർക്കാരിന്റെ ഗുരുതരമായ വീഴ്ചയെ തുടർന്ന് ഹർഷിന നിത്യരോഗിയായി മാറിയിട്ടും തിരിഞ്ഞു നോക്കാൻ തയാറാവാത്ത നടപടിക്കെതിരെയാണ് ആരോഗ്യമന്ത്രിയുടെ വസതിക്കു മുന്നിലെ സമരം.
കുന്നമംഗലം കോടതിയിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ തുടർ നടപടികൾ ആരംഭിക്കാനിരിക്കെയാണ് കേസിൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. ഇതിനു കാരണം പ്രോസിക്യൂഷൻ ഹർഷിനക്ക് ഒപ്പമല്ല എന്നതു കൊണ്ടാണെന്ന് സമരസമിതി ആരോപിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകിയ തുക ഉപയോഗിച്ചാണ് നിലവിൽ ഹർഷിനയുടെ ചികിത്സ നടക്കുന്നത്.
ഈ അവഗണനക്കെതിരെയാണ് ആരോഗ്യമന്ത്രിയുടെ വസതിക്കു മുന്നിലെ സമരം. സത്യാഗ്രഹ സമരം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
മുൻ മന്ത്രി വി.സി.കബീർ, രമ്യ ഹരിദാസ്, ജോസഫ്.എം.പുതുശ്ശേരി, റസാഖ് പാലേരി തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഹർഷിന സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ കൺവീനർ, മുസ്തഫ പാലാഴി എന്നിവർ അറിയിച്ചു.
2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) കുടുങ്ങിയത്. പ്രസവശേഷം അസ്വസ്ഥത വിട്ടുമാറാതിരുന്ന ഹർഷിനയുടെ വയറ്റിൽനിന്ന് ഈ കത്രിക 2022 സെപ്റ്റംബർ 17ന് നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു.
തുടർന്ന് കേസിൽ രണ്ടു ഡോക്ടർമാരെയും രണ്ടു നഴ്സുമാരെയും പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണറായിരുന്ന കെ.സുദർശനന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്.
മൂന്നു പ്രസവ ശസ്ത്രക്രിയ നടത്തിയ ഹർഷിനയുടെ വയറ്റിൽ എവിടെ നിന്നാണ് കത്രിക കുടുങ്ങിയതെന്ന് കണ്ടെത്താൻ കഴിയില്ലെന്നായിരുന്നു മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്.
എന്നാൽ, ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഉപകരണം മെഡിക്കൽ കോളജിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയതും തുടർ നടപടികളുമായി മുന്നോട്ടു പോയതും. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം 2 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് കേസിൽ ചുമത്തിയത്.
കുന്നമംഗലം കോടതിയിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ 2024 ജൂലൈയിൽ വിചാരണ തുടങ്ങുന്നതിനു രണ്ടു ദിവസം മുൻപ് ഹൈക്കോടതി കേസ് സ്റ്റേ ചെയ്യുകയായിരുന്നു.
ഒന്നും രണ്ടും പ്രതികളായ ഡോ.സി.കെ.രമേശൻ, ഡോ.എം.ഹഷ്നി എന്നിവരുടെ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ സ്റ്റേ. പ്രോസിക്യൂഷൻ മൗനം പാലിച്ചത് സർക്കാർ നിലപാട് കാരണമാണെന്നും ഇത്തരത്തിൽ സർക്കാർ ഹൈക്കോടതിയിൽ കേസ് അട്ടിമറിക്കാനുളള നീക്കമാണ് നടത്തിയതെന്നുമാണ് സമരസമിതിയുടെ ആരോപണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

