തിരുവനന്തപുരം ∙ ശശി തരൂർ സിപിഎമ്മിലേക്ക് പോകുന്നു എന്ന അഭ്യൂഹം വന്നപ്പോൾ മുതൽ അദ്ദേഹത്തെ വല്ലാതെ ചേർത്തുനിർത്താനാണ് കോൺഗ്രസ് നേതാക്കൾ ഇപ്പോൾ ശ്രമിക്കുന്നതെന്ന് കേരള ടൂറിസം വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് നായര്. സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പിലൂടെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘കപ്പിത്താൻ ഉലയുന്ന കപ്പലിലേക്ക് തരൂർ പോകില്ല’ എന്ന വിശ്വാസമാണ് കെ. മുരളീധരൻ ഉൾപ്പെടെ പങ്കുവച്ചത്.
തരൂരിനെപ്പോലെ ഒരു വിശ്വപൗരനെ പാർട്ടിയിൽ ഉറപ്പിച്ചു നിർത്താൻ കോൺഗ്രസിന് ആഗ്രഹമുണ്ടെങ്കിൽ അവർ ചെയ്യേണ്ടത് അദ്ദേഹത്തെ വ്രണപ്പെടുത്താതിരിക്കുക എന്നതാണെന്നും അദേഹം പറയുന്നു. അതേസമയം, സിപിഎമ്മിലേക്കു പോകുന്നുവെന്ന അഭ്യൂഹം വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നു ശശി തരൂർ വ്യക്തമാക്കിയിരുന്നു.
കുറിപ്പിന്റെ പൂർണ രൂപം
ഡോ: ശശി തരൂരിന്റെ പല നിലപാടുകളെയും നമ്മൾ വിലയിരുത്തുമ്പോൾ ഓർമ്മിക്കേണ്ട
ഒരു കാര്യം കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ ഒരു പ്രത്യേകതയാണ്. മറ്റു രാഷ്ട്രീയ പാർട്ടികൾക്കില്ലാത്ത ഒരു പ്രത്യേകത !. പാർട്ടിക്കുള്ളിൽ നിന്നുകൊണ്ടുള്ള പരസ്യമായ വിമർശനങ്ങളെ ഒരു പരിധിവരെ സഹിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്.
ആ പരിധി കഴിഞ്ഞാൽ മാത്രമേ അവർ നടപടികളിലേക്ക് പോകാറുള്ളൂ. അത് ഒരു പ്രസ്ഥാനത്തിന് ഒരേ സമയം ഗുണവും ആണ് ദോഷവും ആണ്.
വിവിധ ഘട്ടങ്ങളിൽ നമ്മൾ അത് സംസ്ഥാനതലത്തിലും ദേശീയതലത്തിലും കണ്ടിട്ടുള്ളതുമാണ്.
ഇവിടെ ഡോക്ടർ തരൂർ, മോദിയെയും കേന്ദ്ര ഗവൺമെന്റിനെയും പല പ്രവർത്തനങ്ങളിലും നിലപാടുകളിലും പുകഴ്ത്തിയിട്ടുണ്ട്. അത് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും മാതൃകയാകേണ്ട
ഒരു രീതിയാണ്. ആരു നല്ലത് ചെയ്താലും അത് പ്രശംസിക്കപ്പെടേണ്ടതാണ്, അംഗീകരിക്കപ്പെടേണ്ടതാണ്.
കേന്ദ്രസർക്കാരിന്റെ, കേരളത്തിന് ഉൾപ്പെടെയുള്ള ചില പദ്ധതികൾ, തിരുവനന്തപുരത്ത് മോദി ഉദ്ഘാടനം ചെയ്തപ്പോൾ പിണറായി വിജയൻ ചെയ്തതും അതാണ് .
പക്ഷേ ആ മാതൃക വിപുലീകരിക്കേണ്ടതുണ്ട് എന്നു മാത്രം.
തരൂർ ബിജെപിയിലേക്ക് പോകുന്നതായുള്ള അഭ്യൂഹങ്ങൾ വന്നപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ വലുതായി കുലുങ്ങിയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. കാരണം അങ്ങനെ വന്നാലും കോൺഗ്രസിന്റെ പ്രധാന ശക്തി കേന്ദ്രങ്ങളിൽ ഒന്നായ കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ അത് വലുതായി ബാധിക്കില്ല എന്ന് അവർക്കറിയാം.
പ്രത്യേകിച്ചും വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അത് കോൺഗ്രസിൽ നിന്നും വലിയ വോട്ട് ചോർച്ച ഉണ്ടാക്കില്ല എന്ന് അവർക്ക് നന്നായി ബോധ്യമുണ്ട്.
മാത്രമല്ല അങ്ങനെ സംഭവിച്ചാൽത്തന്നെ തരൂർ കൂടുതൽ ശ്രദ്ധേയമാവുക ദേശീയ തലത്തിൽ ആയിരിക്കും എന്നും അവർക്കറിയാം. പക്ഷേ ഇപ്പോൾ നോക്കൂ, തരൂർ സിപിഎമ്മിലേക്ക് പോകുന്നു എന്ന അഭ്യൂഹം വന്നപ്പോൾ അവർ അദ്ദേഹത്തെ വല്ലാതെ ചേർത്തുനിർത്തുന്നു.
‘കപ്പിത്താൻ ഉലയുന്ന കപ്പലിലേക്ക് തരൂർ പോകില്ല’ എന്ന വിശ്വാസമാണ് കെ. മുരളീധരൻ ഉൾപ്പെടെ പങ്കുവെച്ചത്.
ഇത് ശ്രദ്ധേയമാണ്.
‘അദ്ദേഹം തന്നെ അത് നിഷേധിച്ചിട്ടുണ്ട്– എന്നാണ് സണ്ണി ജോസഫ് പറഞ്ഞത്. ബിജെപിയിലേക്ക് തരൂർ പോകുന്നതു പോലെയല്ല സിപിഎമ്മിലേക്ക് അദ്ദേഹം പോകുന്നത്.
അത് ഒരു പക്ഷേ കോൺഗ്രസ്സിനെ ചെറുതായിട്ടായിരിക്കില്ല ദുർബലപ്പെടുത്തുക എന്നവർ കരുതുന്നുണ്ട്. പ്രത്യേകിച്ചും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഈ വക്കിൽ.
അതുകൊണ്ടാണ് ഈ പ്രതികരണങ്ങൾ. അത് വാസ്തവവും ആണ്.
താൻ സിപിഎമ്മിലേക്ക് പോയിക്കഴിഞ്ഞാൽ, കേന്ദ്രഭരണം കയ്യാളുന്ന ബിജെപിയിൽ പോകുമ്പോഴുള്ള ദേശീയ-അന്തർദ്ദേശീയ ശ്രദ്ധ ഒരിക്കലും ലഭിക്കില്ലെന്നും ഏറിയാൽ ഒരു എംപി എന്നതിനപ്പുറം വീണ്ടും പോകാൻ കഴിയില്ല എന്നും നന്നായി അറിയാത്ത ആളല്ലല്ലോ ഡോക്ടർ തരൂർ ! നിലവിൽ കോൺഗ്രസിൽ നിന്നുകൊണ്ടുള്ള സംഭാവനകളിൽ കൂടുതൽ ഒന്നും തന്നെ അദ്ദേഹത്തിന് അവിടെ നൽകാനുമില്ല.
ഒരു വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടിലേക്ക് മാറി എന്നു മാത്രം പറയാം.
ഒരു ഫുൾടൈം രാഷ്ട്രീയക്കാരനല്ല തരൂർ എന്നാണ് കെ. മുരളീധരൻ പറഞ്ഞത്.
അതാണ് അതിന്റെ വാസ്തവം. അദ്ദേഹം ഒന്നുകൂടി ചേർത്തു, ‘അതുകൊണ്ട് ചെറിയ ഇൻസൾട്ടുകൾ പോലും അദ്ദേഹത്തെ വ്രണപ്പെടുത്തും’.
ഇത് രണ്ടും വളരെ ശ്രദ്ധേയമായ വിലയിരുത്തലുകളാണ്. ഒരു ഫുൾടൈം രാഷ്ട്രീയക്കാരനല്ല എന്നതുകൊണ്ടുതന്നെ കേരളം പോലുള്ള ഒരു സംസ്ഥാനത്തിന്റെ ഭരണത്തിന്റെ അമരത്തിരിക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടായിരിക്കും.
അത് നല്ല രാഷ്ട്രീയ മെയ്വഴക്കം വേണ്ട ഒരു സ്ഥാനമാണ്.
ഒരു ഫുൾ ടൈം രാഷ്ട്രീയക്കാരൻ അല്ല തരൂർ എന്നു പറഞ്ഞതിലൂടെ കെ. മുരളീധരൻ അർത്ഥമാക്കിയത് അതു കൂടിയാണ് എന്ന് എനിക്ക് തോന്നുന്നു.
മറിച്ച് ഒരു കേന്ദ്രമന്ത്രി എന്നത് അദ്ദേഹത്തിന് ധാരാളം സംഭാവനകൾ ചെയ്യാൻ കഴിയുന്ന, ശോഭിയ്ക്കാൻ കഴിയുന്ന മേഖലയുമാണ്. അത് അദ്ദേഹവും ബിജെപിയും തീരുമാനിക്കേണ്ട
വിഷയവുമാണ്.
തരൂരിനെപ്പോലെ ഒരു വിശ്വപൗരനെ പാർട്ടിയിൽ ഉറപ്പിച്ചു നിർത്താൻ കോൺഗ്രസിന് ആഗ്രഹമുണ്ടെങ്കിൽ അവർ ചെയ്യേണ്ടത് അദ്ദേഹത്തെ വ്രണപ്പെടുത്താതിരിക്കുക എന്നതാണ്. അദ്ദേഹത്തിന് ദേശീയതലത്തിൽ സംഭാവനകൾ ചെയ്യാൻ പറ്റിയ ഏറ്റവും വലിയ ഒരു സ്ഥാനം നൽകുക എന്നതാണ്.
കേന്ദ്ര ഭരണം കയ്യിൽ ഇല്ലാത്ത കോൺഗ്രസിന് അതിന് എങ്ങനെ കഴിയും എന്നതാണ് പ്രശ്നം. അവിടെയാണ് തരൂരിന്റെ അന്തിമ തീരുമാനം പ്രസക്തമാകുന്നത്.
കോൺഗ്രസ്സ് പാർട്ടിയിൽ നിന്നുകൊണ്ടുതന്നെ താൻ ഭാരതത്തിന് നൽകേണ്ടുന്ന സംഭാവനകൾ തുടരും എന്നാണ് അദ്ദേഹം തീരുമാനിക്കുക എങ്കിൽ അതാണ് അതിൻറെ ശരി എന്ന് പറയാനേ നമുക്ക് കഴിയുകയുള്ളൂ. അല്ല, എനിക്ക് ഭാരതത്തിനു വേണ്ടി കൂടുതൽ ചെയ്യാനുണ്ട്, അതിന് ഇവിടെ നിന്നാൽ പോരാ, എന്നാണ് അദ്ദേഹത്തിന്റെ തീരുമാനമെങ്കിൽ അത് തെറ്റാണ് എന്ന് പറയാനും നമുക്ക് കഴിയുകയില്ല.
ഇനി രാഷ്ട്രീയ കാഴ്ചപ്പാടിലെ മാറ്റമാണ് പ്രധാനം എന്ന് അദ്ദേഹം തീരുമാനിക്കുകയാണെങ്കിൽ അത് തീർത്തും വ്യത്യസ്തമായ കാര്യവുമാണ്.
എന്തായാലും ആ അന്തിമ തീരുമാനം ഭാരതം കാത്തിരിക്കുന്നു. കാരണം അദ്ദേഹം നമുക്ക് ഒഴിച്ചുകൂടാൻ ആകാത്ത ഒരു മഹദ് വ്യക്തിത്വം ആണ് എന്നതുതന്നെ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

