ന്യൂഡൽഹി ∙ വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരക്കരാറുകളുടെ പശ്ചാത്തലത്തിൽ കൃഷി മേഖലയ്ക്കു ലഭിക്കാവുന്ന പരിഗണനയെക്കുറിച്ച് ആകാംക്ഷയും ആശങ്കയുമുണ്ട്. പ്രധാന കർഷകക്ഷേമ പദ്ധതികളുടെ ലയനം ബജറ്റിൽ പ്രഖ്യാപിച്ചേക്കും.
കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ വളം ക്ഷാമം ഉന്നയിക്കുന്ന പശ്ചാത്തലത്തിൽ പുതിയ വളം പ്ലാന്റുകൾ ഉൾപ്പെടെ പ്രതീക്ഷിക്കുന്നു. വിത്ത് നിയമ ഭേദഗതി ബിൽ, കീടനാശിനി നിയന്ത്രണ ബിൽ എന്നിവയും ബജറ്റ് സമ്മേളനത്തിൽ പാർലമെന്റിലെത്തും.
കൃഷി മേഖലയുടെ പ്രാധാന്യത്തെയും ആവശ്യങ്ങളെയും കുറിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച് (ഐസിഎആർ) ഇമെരിറ്റസ് പ്രഫസർ ഡോ.പി.ഇന്ദിരാ ദേവി സംസാരിക്കുന്നു.
കാർഷിക മേഖലയുടെ പ്രതീക്ഷയും ആവശ്യങ്ങളും?
മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ 16% ആണ് കാർഷിക മേഖലയുടെ സംഭാവന.
എന്നാൽ, തൊഴിൽ മേഖലയിൽ കാർഷിക മേഖലയുടെ പങ്ക് 46% വരും. അതിനാൽ ബജറ്റിൽ കാർഷിക, അനുബന്ധ മേഖലകളുടെ പ്രാധാന്യം കുറച്ചുകാണാനാവില്ല.
യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരക്കരാർ ഉൾപ്പെടെ പരിഗണിക്കുമ്പോൾ ഉൽപാദനത്തിലും കയറ്റുമതിയിലും ഭക്ഷ്യ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിലും കൂടുതൽ ശ്രദ്ധയുണ്ടാവും.
കിസാൻ ക്രെഡിറ്റ് കാർഡ്?
കേരളത്തിൽ ഉൾപ്പെടെ കിസാൻ ക്രെഡിറ്റ് കാർഡ് ആനുകൂല്യത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നവരുടെ എണ്ണം കുറവാണ്. ബാങ്കുകൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്നതാണു പ്രധാന കാരണം.
ഇതിൽ മാറ്റമുണ്ടാകണം.
പ്രതീക്ഷിക്കുന്ന നിയന്ത്രണങ്ങൾ ?
പൗരരുടെ ആരോഗ്യം മുൻനിർത്തിയുള്ള നിയന്ത്രണ നടപടികൾ വേണം. ഭക്ഷ്യ ഗുണനിലവാരം ഉറപ്പു വരുത്താൻ മണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിനു പ്രാധാന്യം നൽകണം. അശാസ്ത്രീയ വളപ്രയോഗം രാജ്യത്തെ ‘സോയിൽ ഫെർട്ടിലിറ്റി’ ഗണ്യമായി കുറയ്ക്കുന്നെന്ന ആശങ്ക കമ്മിഷൻ ഫോർ അഗ്രികൾചറൽ കോസ്റ്റ്സ് ആൻഡ് പ്രൈസസ് (സിഎസിപി) സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
എല്ലാ വിളകൾക്കും മിനിമം താങ്ങുവില?
അങ്ങനെയൊരു തീരുമാനം പ്രതീക്ഷിക്കുന്നില്ല.
പകരം, കർഷക അക്കൗണ്ടുകളിൽ നേരിട്ടു പണമെത്തിക്കുന്ന പിഎം കിസാൻ പദ്ധതിയുടെ വിഹിതം കൂട്ടിയേക്കും. വിള വൈവിധ്യം സർക്കാരിന്റെ പ്രഖ്യാപിത നയമാണ്.
പയർവർഗങ്ങളെ താങ്ങുവില പരിധിയിൽ കൊണ്ടുവന്നേക്കാം.
കാർഷിക രംഗത്ത് സാങ്കേതിക വിദ്യയുടെ വ്യാപനം ?
അതിലാണ് ഇനി ഏറ്റവും ശ്രദ്ധ വേണ്ടത്. കേരളത്തിൽ ഉൾപ്പെടെ കൃഷിയിടങ്ങളിൽ ഡ്രോൺ ഉപയോഗം വ്യാപിക്കുന്നു.
കർഷകർക്കും കർഷകത്തൊഴിലാളികൾക്കും സാങ്കേതിക പരിശീലനവും അതിനായി കൂടുതൽ സ്ഥാപനങ്ങളും വേണം. സ്റ്റാർട്ട് അപ്, കർഷക ഉൽപാദക സംഘങ്ങൾക്കും അനുകൂല സാഹചര്യങ്ങളൊരുക്കണം.
സംഭരണം, കോൾഡ് ചെയ്ൻ, സംസ്കരണം എന്നിവയിലെ പോരായ്മകൾ വിളവെടുപ്പിനുശേഷം കർഷകരുടെ നഷ്ടം ഇരട്ടിയാക്കുന്നു. അതിനും പരിഹാരമുണ്ടാകണം.
കൃഷിമേഖലയിലെ വനിതകളുടെ പ്രാധാന്യം ?
കാർഷികരംഗത്തുള്ള ബഹുഭൂരിപക്ഷം വനിതകൾക്കും സ്വന്തം പേരിൽ ഭൂമിയില്ല, അതിനാൽ ആനുകൂല്യങ്ങൾ കിട്ടുന്നില്ല.
എം.എസ്. സ്വാമിനാഥൻ ഉൾപ്പെടെ ഉന്നയിച്ചിട്ടുള്ള വിഷയമാണിത്.
കാർഷിക രംഗത്തെ വനിതകളുടെ അധ്വാനം പലപ്പോഴും ഗാർഹിക ജോലിയുടെ പരിധിയിൽ ഒതുക്കുന്നു. ഇതിൽ മാറ്റമുണ്ടാകണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

