ന്യൂഡൽഹി∙ യുഎസ് പ്രസിഡന്റ്
സൃഷ്ടിച്ച അനിശ്ചിതത്വങ്ങൾക്കിടയിൽ കേന്ദ്ര ബജറ്റിൽ ഏവരും ഉറ്റുനോക്കുന്നത് വ്യാപാരരംഗത്തെ പരിഷ്കാരങ്ങൾക്കാണ്. ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിലെ (ഐഐഎഫ്ടി) പ്രഫസറും രാജ്യാന്തര വ്യാപാരവിദഗ്ധനുമായ ഡോ.റാം സിങ് ‘മനോരമ’യോട് സംസാരിക്കുന്നു.
കസ്റ്റംസ് രംഗത്താണ് അടുത്ത വലിയ പരിഷ്കാരമെന്ന് ധനമന്ത്രി പറഞ്ഞല്ലോ.
ബജറ്റിൽ എന്തൊക്കെ പ്രതീക്ഷിക്കാം?
അടിമുടി മാറ്റങ്ങൾക്കു വഴിവയ്ക്കുന്ന പ്രഖ്യാപനങ്ങൾക്കു പകരം നിലവിലെ കസ്റ്റംസ് സംവിധാനത്തിൽ മെച്ചപ്പെടുത്തലുകൾക്കായിരിക്കും സാധ്യത. ചിലയിനങ്ങൾക്ക് തീരുവ മാറ്റം പ്രതീക്ഷിക്കാം.
വ്യാപാരം എളുപ്പമാക്കാൻ ചട്ടങ്ങളിലും നിയമത്തിലും മാറ്റങ്ങളുമുണ്ടാകാം. തീരുവയിൽ വമ്പൻ മാറ്റങ്ങൾക്ക് സാധ്യതയില്ല, കാരണം വിവിധ വ്യാപാരക്കരാറുകളിലെ ഉറപ്പുകൾ പാലിക്കേണ്ടതുണ്ട്.
വമ്പൻ മാറ്റങ്ങൾ വ്യാപാരബന്ധങ്ങളെ ബാധിക്കാം.
യുഎസുമായുള്ള വ്യാപാരക്കരാറിന്റെ ഭാവി അവ്യക്തമാണല്ലോ.
ഇന്ത്യയ്ക്ക് സാധ്യമായ പരമാവധി ഓഫറുകൾ യുഎസിനു മുന്നിൽ വച്ചുകഴിഞ്ഞു. യുഎസിന്റെ ഭാഗത്താണ് അനിശ്ചിതത്വം.
വിവിധ കാരണങ്ങളാൽ യുഎസ് വ്യാപാരനയം മാറിക്കൊണ്ടേയിരിക്കുകയാണ്. ഇളവുകൾ നൽകുമ്പോൾ എപ്പോഴും തിരിച്ച് അതേ സമീപനം തിരികെ ലഭിക്കണമെന്ന് ഉറപ്പില്ല.
അതുകൊണ്ട് ഇന്ത്യയ്ക്ക് ഇതിലും കൂടുതൽ ഇളവുകൾ നൽകാൻ പരിമിതികളുണ്ട്. ഇനി നിലപാട് വ്യക്തമാക്കേണ്ടത് യുഎസ് ആണ്.
കാർഷിക, ക്ഷീര രംഗങ്ങൾ തുറന്നുകൊടുക്കാൻ യുഎസിന്റെ സമ്മർദമുണ്ടല്ലോ?
ശരിയാണ്.
95% താരിഫ് ഇനങ്ങളും തുറന്നുകൊടുക്കുമ്പോഴും കൃഷി, ക്ഷീര രംഗങ്ങൾ ഇന്ത്യ മനഃപൂർവം വ്യാപാരക്കരാറിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പക്ഷേ, കർഷകരുടെ താൽപര്യങ്ങൾ ബാധിക്കാതെ ചില കാര്യങ്ങളിൽ ഇളവിനു സന്നദ്ധത അറിയിച്ചിട്ടുമുണ്ട്.
ജനിതക വ്യതിയാന വരുത്തിയ സോയാബീൻ, ചോളം എന്നിവ പരിമിതമായ അളവിൽ എഥനോൾ ഉൽപാദനത്തിനായി ഇറക്കുമതി ചെയ്യാൻ ഇന്ത്യ സന്നദ്ധമാണ്. സാധാരണ ചോളം ഭക്ഷ്യഎണ്ണയുടെ ആവശ്യത്തിനായി വാങ്ങാനും ഒരുക്കമാണ്.
ഇന്ത്യയിൽ കാര്യമായി ഉൽപാദനമില്ലാത്ത ബദാം, വാൽനട്ട്, ചിലയിനം പഴങ്ങൾ എന്നിവയുടെ ഇറക്കുമതിക്കും ഒരുക്കമാണ്. ഇളവുകൾ കൊടുക്കുന്നത് വഴി കൂടുതൽ ഡിമാൻഡ് മറുതലയ്ക്കൽ നിന്നുണ്ടാകുമെന്നതാണ് മുൻകാല അനുഭവങ്ങൾ സൂചിപ്പിക്കുന്നത്.
ഇന്ത്യ ചെയ്യേണ്ടത്?
ഇന്ധനവും അവശ്യമായ അസംസ്കൃത വസ്തുക്കളും ഏറ്റവും സുരക്ഷിതവും ലാഭകരവുമായിടത്തു നിന്നു വാങ്ങാനുള്ള സ്വാതന്ത്ര്യം ഇന്ത്യ എന്തുവിലകൊടുത്തും കാത്തുസൂക്ഷിക്കണം.
തീരുവ ഭീഷണിയുയർത്തിയാൽ ഇക്കാര്യത്തിൽ വഴങ്ങരുത്. എന്തിനും വഴങ്ങിക്കൊടുക്കുന്നത് ആത്യന്തികമായി ബാഹ്യസമ്മർദം കുറയ്ക്കില്ലെന്നതാണ് പാഠം.
പരമാധികാരം ഉയർത്തിപ്പിടിക്കണം. ഉപരോധം നേരിടുന്ന രാജ്യങ്ങളുമായി നിലവിലെ ബാങ്കിങ് സംവിധാനം വഴിയുള്ള തടസ്സപ്പെട്ടാലും, വ്യാപാരം തുടരാൻ ബദൽ പേയ്മെന്റ് സംവിധാനങ്ങൾ (ഉദാ: ബ്രിക്സ്–സിബിഡിസി സെറ്റിൽമെന്റ്) വേഗം പ്രാബല്യത്തിലാക്കണം.
ഇസ്രയേൽ, യൂറോപ്യൻ യൂണിയൻ, പെറു തുടങ്ങിയവയുമായുള്ള വ്യാപാരക്കരാറുകൾ വേഗത്തിലാക്കണം. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

