പുതുശ്ശേരി ∙ കഴിഞ്ഞ ദിവസം പിടിയിലായ ജിഎസ്ടി എൻഫോഴ്സ്മെന്റ് ഓഫിസർ സുമനെതിരെ മുൻപും കൈക്കൂലി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിനു താക്കീതും വിജിലൻസ് നടപടിയും നേരിട്ടെങ്കിലും മാമൂൽ പിരിവ് നിർത്തിയില്ല.
ചരക്കുലോറിക്കാരെ ഭീഷണിപ്പെടുത്തുന്നതും കൈക്കൂലി വാങ്ങുന്നതും പതിവായിരുന്നെന്നാണ് ആരോപണം. ഇദ്ദേഹത്തിന്റെ നിരന്തരമായ ശല്യം സഹിക്കാനാവാതെയാണു ലോറി ജീവനക്കാരും ഉടമകളും വീണ്ടും വിജിലൻസിനു മുന്നിൽ പരാതിയുമായെത്തിയത്.
ലോറി ഉടമകളുടെ സംഘടനയും ഒട്ടേറെ തവണ പരാതി നൽകിയിരുന്നു.
ഇതോടെയാണ് മണിക്കൂറുകളോളം നീണ്ട ആസൂത്രണത്തിനും നിരീക്ഷണത്തിനുമൊടുവിൽ വിജിലൻസ് കെണിയൊരുക്കിയത്.
കുരുടിക്കാട് പുഴയോരത്ത് ലോറി ജീവനക്കാരുടെ വേഷത്തിലാണ് ഉദ്യോഗസ്ഥ സംഘം നിലയുറപ്പിച്ചിരുന്നത്. രാവിലെ മുതൽ പ്രദേശം ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു.
ഇതിനിടെ ചരക്കുലോറി ഉടമകൾ അറിയിച്ചതു പ്രകാരം സുമൻ സ്ഥലത്തെത്തി. കൂടുതൽ സംസാരത്തിനു നിൽക്കാതെ പണം കൈമാറാൻ ആവശ്യപ്പെട്ടു.
പണം കൈമാറിയ ഉടൻ വിജിലൻസ് സംഘം കയ്യോടെ പൊക്കി.
വിജിലൻസ് ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞതോടെ സ്ഥലത്തു നിന്നു കടക്കാൻ ശ്രമിച്ച സുമനെ വളഞ്ഞിട്ടാണു പിടികൂടിയത്. തുടർന്ന് ഇയാളുടെ വീട്ടിലെത്തി ഒരു മണിക്കൂറോളം പരിശോധന നടത്തി.
ഇവിടെ നിന്നു പണമോ മറ്റു സാധനങ്ങളോ കണ്ടെത്താനായിട്ടില്ല. കൂടുതൽ അന്വേഷണത്തിനു നിർദേശം നൽകിയെന്ന് പാലക്കാട് വിജിലൻസ് ഡിവൈഎസ്പി ബെന്നി ജേക്കബ് അറിയിച്ചു.
ലോറികൾ വിട്ടുനൽകാൻ 3.5 ലക്ഷം രൂപ കൈക്കൂലി ജിഎസ്ടി എൻഫോഴ്സ്മെന്റ് ഓഫിസർ പിടിയിൽ
വാളയാർ ∙ അനധികൃതമായി പഴയ ഇരുമ്പ് കടത്തിയെന്ന് ആരോപിച്ചു പിടികൂടിയ ചരക്കുലോറികളുടെ ഉടമകളിൽ നിന്നു 3.5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജിഎസ്ടി എൻഫോഴ്സ്മെന്റ് ഓഫിസർ വിജിലൻസിന്റെ പിടിയിൽ.
പാലക്കാട് ജിഎസ്ടി ഓഫിസിനു കീഴിലുള്ള വാളയാർ സ്ക്വാഡിലെ എൻഫോഴ്സ്മെന്റ് ഓഫിസറായ പുതുശ്ശേരി ജവാഹർ നഗർ സ്വദേശി പി.എൻ.സുമനെയാണ് (55) ലോറി ജീവനക്കാരുടെ വേഷത്തിലെത്തിയ പാലക്കാട് വിജിലൻസ് ടീം കൈക്കൂലി പണവുമായി പിടികൂടിയത്.
രണ്ടാഴ്ച മുൻപ് പഴയ ഇരുമ്പ് കയറ്റി വന്ന, പട്ടാമ്പി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള 2 ലോറികൾ ജിഎസ്ടി എൻഫോഴ്സ്മെന്റ് വിഭാഗം ദേശീയപാതയിൽ പരിശോധനയ്ക്കിടെ പിടിച്ചിരുന്നു. കുഴൽമന്ദത്തുള്ള ഗോഡൗണിൽ നിന്ന് സ്ക്രാപ്പുമായി പൊള്ളാച്ചിയിലെ ഇരുമ്പുരുക്ക് കമ്പനിയിലേക്കു പോകുന്നതിനിടെയാണു പിടിയിലായത്.
സുമന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അനധികൃതമായും അമിതഭാരം കയറ്റിയും അസംസ്കൃത വസ്തുക്കൾ കൊണ്ടുപോകുകയാണെന്ന് ആരോപിച്ചാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.
23 ലക്ഷം രൂപ പിഴയടയ്ക്കണമെന്നാണ് സുമൻ ലോറി തൊഴിലാളികളോടു പറഞ്ഞത്.
വാഹനങ്ങൾ വാളയാറിലെ ജിഎസ്ടി വകുപ്പ് യാഡിൽ പിടിച്ചിട്ട ശേഷം ഉടമസ്ഥർക്കു ബന്ധപ്പെടാൻ ഫോൺ നമ്പറും നൽകി തൊഴിലാളികളെ തിരിച്ചയച്ചു.
ഉടമസ്ഥർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ രേഖകളുമായി നേരിട്ടെത്താൻ നിർദേശിച്ചു. ഉടമസ്ഥർ എല്ലാ രേഖകളും ബില്ലുകളും പിറ്റേദിവസം തന്നെ നൽകിയെങ്കിലും സുമൻ അംഗീകരിച്ചില്ല.
തുടർന്ന് 8 ലക്ഷം രൂപ പിഴയടച്ചു. എന്നാൽ, ഇതുകൂടാതെ 4 ലക്ഷം രൂപ തനിക്കു നൽകണമെന്നായിരുന്നു സുമന്റെ ആവശ്യം.
ഉടമസ്ഥർ 3.5 ലക്ഷം നൽകാമെന്നു സമ്മതിച്ചതോടെ വാഹനങ്ങൾ വിട്ടുനൽകി.
ശനിയാഴ്ച വാഹന ഉടമകൾ വിജിലൻസിനെ വിവരം അറിയിച്ചു. വിജിലൻസിന്റെ നിർദേശപ്രകാരം തുകയുമായി ഇന്നലെ ഉച്ചയോടെ പുതുശ്ശേരി കുരുടിക്കാട് എത്തി.
ഇവിടെ വച്ച് തുക കൈമാറുന്നതിനിടെയാണ് ലോറി ജീവനക്കാരുടെ വേഷത്തിലെത്തിയ വിജിലൻസ് സംഘം സുമനെ പിടികൂടിയത്. സുമന്റെ പുതുശ്ശേരി ജവാഹർ നഗറിലുള്ള വീട്ടിലും പരിശോധന നടത്തി.
വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പാലക്കാട് വിജിലൻസ് ഡിവൈഎസ്പി ബെന്നി ജേക്കബിന്റെ നേതൃത്വത്തിൽ, വിജിലൻസ് ഇൻസ്പെക്ടർമാരായ ടി.ഷിജു ഏബ്രഹാം, എസ്. അരുൺ പ്രസാദ്, എസ്ഐമാരായ കെ.മോഹൻദാസ്, വി.ബൈജു, എഎസ്ഐ എസ്.രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.സുഭാഷ്, ആർ.രാജേഷ്, ആർ.മനോജ്, വി.വിനോദ്, കെ.രഞ്ജിത്ത്, ആർ.ബാലകൃഷ്ണൻ, കെ.സുജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ വി.സന്തോഷ്, എ.സിന്ധു എന്നിവരും ഗസറ്റഡ് ഉദ്യോഗസ്ഥരായ പി.പി.രമേഷ് (എഇഒ പാലക്കാട്), റോണി ജോയ് (അസി.എൻജിനീയർ, ജലസേചന വകുപ്പ്, വാളയാർ ഡാം സെക്ഷൻ) എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

