തളിപ്പറമ്പ് ∙ അധ്യാപന രംഗത്തുനിന്ന് പൊലീസിലെത്തി അന്വേഷണരംഗത്ത് മികവുതെളിയിച്ച ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രനെ (55) തേടി രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. പാരലൽ കോളജ് അധ്യാപകനായിരുന്ന കാസർകോട് ചീമേനിയിലെ കെ.ഇ.പ്രേമചന്ദ്രൻ 2003ൽ ആണ് എസ്ഐ ആയി കേരള പൊലീസിന്റെ ഭാഗമാകുന്നത്.
എറണാകുളം, കൊല്ലം മേഖലകളിലായിരുന്നു ആദ്യകാലം. പിന്നീട് തളിപ്പറമ്പിൽ എസ്ഐ ആയി എത്തി.
ഇൻസ്പെക്ടറായും ഇപ്പോൾ ഡിവൈഎസ്പിയായും തളിപ്പറമ്പിൽതന്നെ തുടരുമ്പോഴാണ് രാഷ്ട്രപതിയുടെ മെഡൽ നേട്ടം.സർവീസ് കാലയളവിൽ ഒട്ടേറെ കേസുകൾക്ക് തുമ്പുണ്ടാക്കി. 2018ൽ വീട്ടുകാർ ഉൾപ്പെടെ 3 പേരെ വിഷംകൊടുത്ത് കൊന്ന പിണറായിയിലെ സൗമ്യ കേസ് ഉൾപ്പെടെ പ്രേമചന്ദ്രന്റെ അന്വേഷണ മികവിന്റെ ഉദാഹരണമാണ്.
കേസിൽ അറസ്റ്റിലായ പ്രതി സൗമ്യ പിന്നീട് ജയിലിൽ ജീവനൊടുക്കി.
കേരളം ഏറെ ചർച്ച ചെയ്ത ചെറുവത്തൂരിലെ വിജയ ബാങ്ക് കവർച്ചയുടെ ചുരുളഴിച്ചത് പ്രേമചന്ദ്രനായിരുന്നു. പറശ്ശിനിക്കടവ് യുപി സ്കൂൾ ജീവനക്കാരനായിരുന്ന രജീഷിനെ കുത്തിക്കൊന്ന കേസിൽ പ്രതിയെ കണ്ടെത്തിയതും തളിപ്പറമ്പ് മാർക്കറ്റിൽ കൂവേരി സ്വദേശിയായ കാനാമഠത്തിൽ പ്രഭാകരന്റെ മരണം കൊലപാതകമാണെന്നു കണ്ടെത്തിയതും പ്രേമചന്ദ്രൻ തളിപ്പറമ്പ് ഇൻസ്പെക്ടർ ആയപ്പോഴാണ്.
2011ൽ തളിപ്പറമ്പ് കുറ്റിക്കോലിൽ 10 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി പ്രതികളെ കണ്ടെത്തിയത് പ്രേമചന്ദ്രന്റെ മറ്റൊരു അന്വേഷണ മികവിന്റെ ഉദാഹരണമാണ്.
ഈ കേസ് പിന്നീട് എൻഐഎ ഏറ്റെടുത്തു. പട്ടുവത്ത് ലീഗ് പ്രവർത്തകൻ അൻവർ കൊലചെയ്യപ്പെട്ട
കേസിലും മാഹിയിൽ ബിജെപി പ്രവർത്തകനായ സമേജ് കൊല്ലപ്പെട്ട കേസിലും പ്രതികളെ അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റും പ്രേമചന്ദ്രനു സ്വന്തം.
അന്വേഷണമികവിന് മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചതിനൊപ്പം 2020ൽ അന്വേഷണ മികവിന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡലും ലഭിച്ചിട്ടുണ്ട്.
അന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണർ 3 തവണ ലഭിച്ചു. 60 ഗുഡ് സർവീസ് എൻട്രികളും ലഭിച്ചിട്ടുണ്ട്.
ദീപയാണ് ഭാര്യ. മകൾ: ഗൗരി കൃഷ്ണ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

