മാനന്തവാടി ∙ നഗരസഭയിലെ പിലാക്കാവ് പ്രദേശത്ത് വനം വകുപ്പ് നടപ്പിലാക്കുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിക്കെതിരെ നാട്ടുകാർ രംഗത്ത്. പുനരധിവാസ പദ്ധതിക്ക് എതിരെ ജനകീയ കൂട്ടായ്മ രൂപീകരിക്കുകയും പ്രക്ഷോഭം ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു.
ജനങ്ങളുടെ ആശങ്ക അകറ്റാൻ അധികൃതർ തയാറാകണം എന്ന ആവശ്യവും ഇന്നലെ പിലാക്കാവ് മദ്രസ ഹാളിൽ നടന്ന ജനകീയ കൂട്ടായ്മയുടെ യോഗത്തിൽ ഉയർന്നു. നിലവിലെ രൂപത്തിൽ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രദേശവാസികൾ വ്യക്തമാക്കി.
മലയാള മനോരമയാണ് പദ്ധതി നടപ്പിലാക്കാനുള്ള വനം വകുപ്പ് നീക്കം പുറത്ത് കൊണ്ടുവന്നത്.
പഞ്ചാരക്കൊല്ലി, ജെസി ഡിവിഷനുകളിൽ ഉൾപ്പെടുന്ന പ്രദേശത്താണ് വനം വകുപ്പ് സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഇവിടെ താമസിച്ച് വരുന്ന ഒരു കുടുംബത്തിന് സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുടെ മാനദണ്ഡ പ്രകാരം ഭാര്യയ്ക്കും ഭർത്താവിനും ചേർന്ന് ഒരു യൂണിറ്റ്, പ്രായപൂർത്തിയായ മക്കൾക്ക് ഓരോ യൂണിറ്റ് എന്ന രീതിയിലാണ് പരിഗണിക്കുക. ഒരു യൂണിറ്റിന് 15 ലക്ഷം രൂപ വീതം നൽകും.
താമസം ഇല്ലാത്തവരുടെ സ്ഥലം ഒരു യൂണിറ്റായി കണക്കാക്കി 15 ലക്ഷം രൂപ വീതം നൽകും. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
500 ഓളം കുടുംബങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും എന്നതിനാൽ പദ്ധതിക്ക് എതിരെ ആദ്യഘട്ടം മുതൽ തന്നെ പ്രതിഷേധം ഉയർന്നിരുന്നു.
വിവിധ രാഷ്ട്രീയ പാർട്ടികളും പദ്ധതിക്ക് എതിരെ രംഗത്ത് വന്നു. ഇതേ തുടർന്നാണ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്നലെ വിപുലമായ യോഗം ചേർന്നത്.
കക്ഷി രാഷ്ട്രീയത്തിന് അതീതമായി നിരവധി പേരാണ് തങ്ങളുടെ ആശങ്കകൾ യോഗത്തിൽ പങ്കുവച്ചത്. വർഷങ്ങളായി ജീവിക്കുന്ന മണ്ണ് വിട്ട് പോകാൻ തയാറല്ല എന്ന് നാട്ടുകാർ ഒരേ സ്വരത്തിൽ പറഞ്ഞു.
മാനന്തവാടി നഗരസഭാ അധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
നഗരസഭാ കൗൺസിലർ കെ.വി.ജുബൈർ, മുൻ മന്ത്രി പി.കെ.ജയലക്ഷ്മി, എൻ.കെ.വർഗീസ്, മുജീബ് കൊടിയോടൻ, എ.കെ.റൈഷാദ്, സീമന്തിനി സുരേഷ്, സിസ്റ്റർ ഗ്രേസി ഇഗ്നേഷ്യസ്, എം.ഹംസ എന്നിവർ പ്രസംഗിച്ചു. നഗരസഭാ അധ്യക്ഷൻ ചെയർമാനായും, പ്രദേശത്തെ 5 ഡിവിഷനുകളിലെ കൗൺസിലർമാർ കൺവീനർമാരുമായാണ് കർമസമിതി രൂപീകരിച്ചത്.
പ്രാഥമിക നടപടിയായി 27 ന് കർമസമിതിയുടെ നേതൃത്വത്തിൽ ഡിഎഫ്ഒയുമായി വിഷയം ചർച്ച ചെയ്യും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കാനും യോഗം തീരുമാനിച്ചു.
സ്വയം സന്നദ്ധത പുനരധിവാസ പദ്ധതി; യോഗം വിളിക്കാതെ വനം വകുപ്പ്
മാനന്തവാടി ∙ നഗരസഭയിലെ പിലാക്കാവ് പഞ്ചാരക്കൊല്ലി മണിയൻകുന്ന് പ്രദേശങ്ങളിൽ ഉൾപ്പെടുന്ന സ്വയം സന്നദ്ധത പുനരധിവാസ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേർക്കാതെ വനം വകുപ്പ്. 17ന് യോഗം നടത്താൻ ആദ്യം നിശ്ചയിച്ചിരുന്നു.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് 21 ലേക്ക് യോഗം മാറ്റിയിരുന്നു.
എന്നാൽ നാട്ടുകാരിൽ പ്രതിഷേധം വ്യാപകമായതോടെ തൽക്കാലം യോഗം വിളിച്ച് പദ്ധതിയുമായി മുന്നോട്ട് പേകേണ്ടതില്ല എന്ന നിലപാടിലാണ് വനപാലകർ. ബേഗൂർ റേഞ്ച് ഓഫിസർ വിളിച്ച യോഗത്തിൽ മാനന്തവാടി നഗരസഭാ സെക്രട്ടറി, പിലാക്കാവ് നഗരസഭാ കൗൺസിൽ അംഗം വി.കെ.ശിവൻ, മാനന്തവാടി വില്ലേജ് ഓഫിസർ തുടങ്ങിയവരാണ് പങ്കെടുക്കേണ്ടിയിരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

