കൊരട്ടി ∙ തൃശൂർ–എറണാകുളം ദേശീയപാതയിൽ (എൻഎച്ച്–544) ചിറങ്ങര അടിപ്പാത നിർമാണസ്ഥലത്തു വാഹനങ്ങളോടുന്ന സർവീസ് റോഡിലേക്കു പാർശ്വഭിത്തിയുടെ കൂറ്റൻ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞുവീണു. പതിനഞ്ചടിയോളം ഉയരത്തിൽ നിന്നു യാത്രക്കാരുടെയോ വാഹനങ്ങളുടെയോ മേൽ പതിക്കാതെ സ്ലാബ് നിലത്തുവീണു ചിതറിയതു തലനാരിഴ വ്യത്യാസത്തിനാണ്.
ഇന്നലെ രാവിലെ 11 മണിയോടെയാണു സംഭവം.
ദേശീയപാത നിർമാണ മേഖലകളില് സുരക്ഷിതത്വം ഉറപ്പാക്കണമെന്നു കോടതിയടക്കം നിർദേശിച്ചിട്ടും തുടരുന്ന അപകടപരമ്പരയിൽ ഒടുവിലത്തേതാണു ചിറങ്ങരയിലുണ്ടായത്. കരാർക്കമ്പനി തൊഴിലാളികൾ മണ്ണുമാന്തി യന്ത്രമെത്തിച്ചു റോഡിൽ നിന്നു സ്ലാബ് നീക്കി.
5 വട്ടം പൊളിച്ചു പണിതിട്ടും പാർശ്വഭിത്തിയുടെ തകരാർ തുടരുന്നതു വൻ വീഴ്ചയായി.
അടിപ്പാത നിർമാണസ്ഥലത്തു കഴിഞ്ഞ ദിവസം സ്ലാബ് ഇളകി പുറത്തേക്കു തള്ളിയ നിലയിൽ കണ്ടെത്തിയതിന്റെ മറുഭാഗത്താണ് ഇന്നലെ സ്ലാബ് തകർന്നു വീണത്. റെഡിമെയ്ഡ് കോൺക്രീറ്റ് സ്ലാബുകൾ അടുക്കി ഉറപ്പിച്ചു പാർശ്വഭിത്തിയുടെ നിർമാണവും അതിന്റെ ഉൾവശത്തു മണ്ണിട്ടുറപ്പിച്ച് അപ്രോച്ച് റോഡ് നിർമാണവും പുരോഗമിക്കുന്നതിനിടെയാണ് അപകടം.
അടിപ്പാതയുടെ പ്രധാന ഭാഗമായ കോൺക്രീറ്റ് ബോക്സിന്റെ ഉയരത്തിലേക്ക് അപ്രോച്ച് റോഡ് ഉയർത്തിയിരുന്നു. രാപകൽ വ്യത്യാസമില്ലാതെ ഭാരവാഹനങ്ങൾ ഉൾപ്പെടെ പതിനായിരക്കണക്കിനു വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന സർവീസ് റോഡിലേക്കാണു സ്ലാബും പിന്നാലെ മണ്ണും പതിച്ചത്.
സർവീസ് റോഡിലൂടെ പോയ കണ്ടെയ്നർ ലോറി അപ്രോച്ച് റോഡിന്റെ മുകളിലുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രത്തിന്റെ കയ്യിൽ ഇടിച്ചതിനെ തുടർന്നു പാർശ്വഭിത്തിക്കു തകരാറുണ്ടായ ഭാഗത്താണ് ഇന്നലത്തെ അപകടം. നിർമാണത്തിലെ അശാസ്ത്രീയതയാണു കാരണമെന്നു പരാതിയുണ്ടെങ്കിലും കൃത്യമായ മേൽനോട്ടത്തിനോ അപാകതകൾ ശാസ്ത്രീയമായി പരിഹരിക്കാനോ നടപടിയില്ലാത്തതിൽ പ്രതിഷേധവും ശക്തമാണ്.
പാർശ്വഭിത്തി സ്ലാബുകൾ പ്രത്യേക ബെൽറ്റുകൾ ഉപയോഗിച്ച് ഇരുഭാഗത്തും മുറുക്കിയാണു സ്ഥാപിക്കുന്നത്.
ഈ സ്ലാബുകൾ കൊണ്ടുള്ള പാർശ്വഭിത്തികൾക്കിടയിൽ ഏകദേശം 15 അടി വരെ മണ്ണ് നിറച്ചിട്ടുണ്ട്. മണ്ണിട്ട് ഉയർത്തിയ റോഡിൽ റോളർ ഉപയോഗിച്ചു ബലപ്പെടുത്തുന്നതിനിടെ സ്ലാബ് പുറത്തേക്കു തള്ളിയ നിലയിൽ കണ്ടെത്തിയിരുന്നു.
ഇതോടെ കുറെ സ്ലാബുകളും മണ്ണും നീക്കം ചെയ്തു.
നീക്കം ചെയ്ത മണ്ണ് മറുഭാഗത്തേക്ക് അമിതമായി കൂട്ടിയിട്ടിരുന്നതായും അധികമായി ഇട്ട മണ്ണിന്റെ ഭാരമാകാം അശാസ്ത്രീയമായും ഗുണമേന്മയില്ലാതെയും ഉയർത്തിനിർത്തിയ റെഡിമെയ്ഡ് കോൺക്രീറ്റ് സ്ലാബുകൾ പുറത്തേക്കു തള്ളാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
നേരത്തെ കണ്ടെയ്നർ ലോറി മണ്ണുമാന്തി യന്ത്രത്തിൽ ഇടിച്ചതിന്റെ ആഘാതവും സ്ലാബ് തകരാൻ വഴിയൊരുക്കിയിട്ടുണ്ടാകാമെന്നുമാണ് സൂചന. സാങ്കേതികമികവ് ഉറപ്പാക്കാതെ നടത്തുന്ന നിർമാണ പ്രവർത്തനം കാരണം അപകടസാധ്യത നിലനിൽക്കുന്നതായാണ് ആശങ്ക.
മതിയായ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

