കൊല്ലം ∙ ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷയറ്റ് എങ്ങോട്ടു പോകണമെന്ന് അറിയാതെ ബസിൽ കയറിയ യുവതിക്കും കുഞ്ഞിനും തുണയായി കെഎസ്ആർടിസി വനിതാ കണ്ടക്ടറുടെയും അധികൃതരുടെയും സമയോചിത ഇടപെടൽ. ഗാർഹിക പീഡനത്തെ തുടർന്നു വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്ന യുവതിക്കും കുഞ്ഞിനുമാണ് അധികൃതർ രക്ഷാകരങ്ങളൊരുക്കിയത്.
കഴിഞ്ഞ 18ന് ആറ്റിങ്ങലിൽ നിന്നു കൊല്ലത്തേക്കു വന്ന കെഎസ്ആർടിസി ബസിലാണ് സംഭവം. ബസിലെ കണ്ടക്ടറും കൊല്ലം താന്നിക്കമുക്ക് സ്വദേശിയുമായ ആശ രാമചന്ദ്രന്റെ ഇടപെടലും കരുതലുമാണ് യുവതിക്കും കുഞ്ഞിനും തുണയായത്.
18നു വൈകിട്ട് 4.45ന് ആറ്റിങ്ങൽ സ്റ്റാൻഡിൽ ബസ് എത്തിയപ്പോഴാണ് ഈ ബസ് എങ്ങോട്ടാണെന്നു ചോദിച്ചു യുവതി ആശയുടെ അടുത്തെത്തുന്നത്.
എവിടേക്കാണ് നിങ്ങൾക്കു പോകേണ്ടതെന്നു ചോദിച്ചപ്പോൾ കൊട്ടിയം പോകുമോ എന്നു മറുചോദ്യം. പോകുമെന്നു പറഞ്ഞപ്പോൾ ബസിൽ കയറി.
കമ്പിളി പുതച്ചു വിയർത്തു കുളിച്ചിരിക്കുന്ന ഒരു വയസ്സ് തോന്നാത്ത കുഞ്ഞും ചുരുട്ടിപ്പിടിച്ച 100 രൂപയും മാത്രമാണ് യുവതിയുടെ കയ്യിലുണ്ടായിരുന്നത്. കൊട്ടിയത്തേക്കുള്ള ടിക്കറ്റെടുത്ത ശേഷം അവിടെ എത്തുമ്പോൾ പറയണേ എന്നു യുവതി ആശയോടു പറഞ്ഞു.
ഒരുതവണ കുട്ടി ബസിന്റെ വിൻഡോയിലൂടെ പുറത്തേക്കു നോക്കാൻ ശ്രമിച്ചപ്പോൾ ആശയാണു കുട്ടിയെ ശരിയായി പിടിക്കാൻ യുവതിയോട് പറഞ്ഞത്.
തുടർന്ന് ഇവരുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും ആദ്യമൊക്കെ പ്രതികരിക്കാൻ വിസമ്മതിച്ച യുവതി പിന്നീട് സംസാരിച്ചു. ‘വീട്ടിൽ നിന്ന് ഭർത്താവുമായി വഴക്കിട്ട് ഇറങ്ങിയതാണ്.
കൊട്ടിയത്ത് ഒരു ബന്ധുവുണ്ട്, പെട്ടെന്ന് അവിടേക്ക് പോകാമെന്ന് കരുതി. എന്നാൽ വഴിയറിയില്ല’.
പന്തികേടു തോന്നിയ ആശ ബസിലെ ഡ്രൈവറായ ആലപ്പുഴ സ്വദേശി രഞ്ജിത്തിനോടു കാര്യം പറഞ്ഞപ്പോൾ പൊലീസിനെ വിളിക്കാമെന്നു നിർദേശം. തുടർന്നു ബന്ധുവും പൊലീസ് ഉദ്യോഗസ്ഥനുമായ കലേഷ് കൃഷ്ണനെ വിളിച്ചു വിവരം പറഞ്ഞു.
അദ്ദേഹത്തിന്റെ നിർദേശ പ്രകാരം 112 ൽ വിളിച്ചു.
ബസ് ചാത്തന്നൂർ എത്തുമ്പോൾ പൊലീസ് വരുമെന്ന് അറിയിപ്പ് ലഭിച്ചു. വൈകിട്ട് 6ന് ബസ് ചാത്തന്നൂർ എത്തിയപ്പോഴേക്കും പൊലീസെത്തി യുവതിയെയും കുഞ്ഞിനെയും കൂട്ടിക്കൊണ്ടു പോയി.
അപ്പോഴാണ് യുവതിയുടെ വലത് കവിളിൽ അടി കൊണ്ട പാട് ആശ ശ്രദ്ധിക്കുന്നത്.
കണ്ടക്ടറും ഡ്രൈവറുമല്ലാതെ ബസിലെ ആരും ഈ സംഭവങ്ങൾ അറിഞ്ഞിരുന്നില്ല. വിവരങ്ങൾ കൈമാറിയ ശേഷം ബസ് യാത്ര തുടർന്നു.കൊല്ലത്തെത്തിയ ശേഷം വിവരങ്ങൾ അന്വേഷിച്ചപ്പോളാണ് ഇവരെ വനിതാ പൊലീസ് സ്റ്റേഷനിലേക്കും പിന്നീട് സഖി വൺ സ്റ്റോപ്പ് സെന്ററിലേക്കും മാറ്റിയ കാര്യം ആശ അറിയുന്നത്.
അടുത്ത ദിവസം സഖിയിൽ വിളിച്ചപ്പോൾ യുവതിയുടെ ബന്ധുക്കൾ വന്ന് അവരെ കൂട്ടിക്കൊണ്ടു പോയെന്ന് അറിയിച്ചു.
അതോടെയാണ് ആശയ്ക്ക് ആശ്വാസമായത്. ആശയുടെ സുഹൃത്തും കാസർകോട് കെഎസ്ആർടിസി കണ്ടക്ടറുമായ രശ്മി നാരായണനാണ് ഈ കഥ പുറംലോകത്തേക്കെത്തിക്കുന്നത്. സംഭവത്തിൽ കൂടെ നിന്ന ഡ്രൈവർക്കും സുഹൃത്തിനും പൊലീസ് ഉദ്യോഗസ്ഥർക്കും സഖി ജീവനക്കാർക്കുമെല്ലാം ഈ ദൗത്യത്തിൽ വലിയ പങ്കുണ്ടെന്നും അവരുടെയെല്ലാം പിന്തുണയില്ലായിരുന്നെങ്കിൽ ഇതു സാധ്യമാകില്ലായിരുന്നെന്നും ആശ പറയുന്നു.
ജില്ലയിലെ സഖി സെന്റർ നെടുങ്ങോലത്ത്
കൊല്ലം ∙ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനും അതിക്രമത്തിന് ഇരയാകുന്നവർക്ക് ആവശ്യമായ സഹായം നൽകുന്നതിനുമായാണ് നെടുങ്ങോലത്തുള്ള ജില്ലയിലെ സഖി വൺ സ്റ്റോപ് സെന്റർ പ്രവർത്തിക്കുന്നത്.
ആവശ്യമായ കൗൺസലിങ്, വൈദ്യസഹായം, നിയമസഹായം, പൊലീസ് സഹായം, സുരക്ഷിത അഭയം എന്നിങ്ങനെയുള്ള സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭിക്കും.
കലക്ടർ അധ്യക്ഷനും വനിതാ പ്രൊട്ടക്ഷൻ ഓഫിസർ കൺവീനറുമായ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയാണിത്. അതിക്രമങ്ങൾ നേരിടുന്നവർക്ക് ഏതു സമയത്തും സൗജന്യമായി അഭയം തേടാവുന്ന സ്ഥാപനമാണ് സഖി. 0474 2957827
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

