സംസ്ഥാനത്തെ സ്വർണവില പുതിയ റെക്കോര്‍ഡിൽ. ഗ്രാമിന് 225 രൂപ വർധിച്ച് 14,915 രൂപയിലെത്തി.
പവൻ വില 1,800 രൂപ കൂടി 1,19,320 രൂപയുമായി. രാജ്യാന്തര വിപണിയിൽ സ്വർണവില പുതിയ റെക്കോർഡിൽ എത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്തും വിലക്കയറ്റം.
ജനുവരി 25ന് രേഖപ്പെടുത്തിയ പവന് 1,17,520 രൂപയെന്ന വിലയാണ് സംസ്ഥാനത്ത് ഇതുവരെയുണ്ടായിരുന്ന റെക്കോർഡ്.
രാജ്യാന്തര വിപണിയിൽ സ്വർണവും വെള്ളിയും കുതിക്കുകയാണ്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ മോശമായതോടെ സ്വർണവില ഔൺസിന് ചരിത്രത്തിലാദ്യമായി 5,000 ഡോളർ കടന്നു.
രണ്ട് ശതമാനത്തിലധികം വില വർധിച്ച് 5,090 ഡോളർ വരെ എത്തിയ ശേഷം നിലവിൽ 5,080 ഡോളറിലാണ് വ്യാപാരം. ആളുകൾ സുരക്ഷിത നിക്ഷേപം തേടിയത്, യുഎസ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ, കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങൽ കൂട്ടിയത്, ഇടിഎഫുകളിലേക്കുള്ള ഒഴുക്ക് കൂടിയത് തുടങ്ങിയ കാരണങ്ങളാണ് വില വർധിക്കാൻ ഇടയാക്കിയത്.
വില എങ്ങോട്ട്
പിടിവിട്ട് കുതിക്കുന്ന സ്വർണവില 5,000 ഡോളറിലെത്തുമ്പോൾ തിരുത്തലുണ്ടാകുമെന്നായിരുന്നു വിപണിയുടെ പ്രതീക്ഷ.
എന്നാല്‍ അതുണ്ടായില്ല. ലാഭമെടുക്കൽ ശക്തമാകുമ്പോഴെല്ലാം വിപണിയിൽ സ്വർണം വാങ്ങാനുള്ള ട്രെൻഡും വർധിക്കുന്നതാണ് പുതിയ പ്രവണത.
നിലവിലെ ട്രെൻഡുകൾ പരിശോധിച്ചാൽ അധികം വൈകാതെ വില 5,100 ഡോളർ പിന്നിടും. ഇക്കൊല്ലം അവസാനത്തോടെ വില 6,000 ഡോളറിലേക്ക് എത്തുമെന്നും പ്രവചനങ്ങളുണ്ട്.
ധനകാര്യ സ്ഥാപനമായ ജെഫറീസിന്റെ പ്രവചനം സ്വർണവില 6,600 ഡോളർ കടക്കുമെന്നാണ്.
താരിഫ് വിഷയത്തിൽ യുഎസ് കോടതിയുടെ വിധിയും ബുധനാഴ്ച പുറത്തുവരുന്ന യുഎസ് പണനയ തീരുമാനവും സ്വർണവിലയില്‍ നിർണായകമാകും. കേന്ദ്രബജറ്റില്‍ സ്വർണ ഇറക്കുമതി നികുതിയിൽ മാറ്റമുണ്ടായാൽ പ്രാദേശിക വിപണിയിലെ സ്വർണവിലയെ സ്വാധീനിച്ചേക്കും.
വിപണിയിൽ വെള്ളിവില ഔൺസിന് 108 ഡോളറെന്ന നിലയിലാണ്.
ഇന്ന് മാത്രം ഏഴ് ശതമാനത്തോളം വില വർധിച്ചു.
ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1.35 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. മൂന്നു മുതൽ 30 ശതമാനം വരെയാണ് സാധാരണ സ്വർണത്തിന് പണിക്കൂലി ഈടാക്കുന്നത്.
സ്വർണവും പണിക്കൂലിയും ചേർത്തുള്ള തുകയ്ക്ക് 3 ശതമാനം ജിഎസ്ടിയും ബാധകമാണ്. ഇതിന് പുറമെ 45 രൂപ ഹോൾമാർക്കിങ് ചാർജും 18 ശതമാനം ജിഎസ്ടിയും നൽകേണ്ടി വരും.
10 ശതമാനം പണിക്കൂലിയും ചേർത്തുള്ള തുകയാണ് മുകളിൽ നൽകിയിരിക്കുന്നത്. വില ഇനിയും വർധിക്കുകയാണെങ്കിൽ ദിവസങ്ങള്‍ക്കുള്ളിൽ ആഭരണ വില 1.5 ലക്ഷത്തിലെത്തും. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

