ബൈസൺവാലി ∙ റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി 146.67 കോടി രൂപ ചെലവിൽ നിർമിച്ച ചെമ്മണ്ണാർ–ഗ്യാപ് റോഡിൽ കാക്കാകട മുതൽ ഗ്യാപ് വരെയുള്ള 7 കിലോമീറ്റർ റോഡിൽ വീണ്ടും വാഹനാപകടം.
ചാെക്രമുടി കുടിക്ക് സമീപം ശനിയാഴ്ച രാവിലെ പത്തരയോടെയാണ് വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് 6 പേർക്ക് പരുക്കേറ്റത്. ഇതിൽ 2 പേരുടെ നില ഗുരുതരമാണ്.
റോഡ് നിർമാണം പൂർത്തിയായ ശേഷം ഇതുവരെ നാൽപതിലധികം വാഹനാപകടങ്ങളാണ് കാക്കാകട
മുതൽ ഗ്യാപ് വരെയുള്ള ഭാഗത്തുണ്ടായത്. ഇതുവരെ 11 യാത്രക്കാർ മരിച്ചു.
കുത്തനെയുള്ള ഇറക്കവും വളവുകളും നിറഞ്ഞ 7 കിലോമീറ്റർ റോഡ് നിർമിച്ചത് അശാസ്ത്രീയമായാണെന്നും ഇതാണ് വഴി പരിചയമില്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങൾ അപകടത്തിൽപെടാൻ കാരണമെന്നുമാണ് നാട്ടുകാർ പറയുന്നത്. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചതല്ലാതെ മറ്റാെരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
കുത്തനെയുള്ള ഇറക്കത്തിൽ വാഹനങ്ങളിൽ ചെറു ഗിയറുകളുപയോഗിക്കുന്നത് അപകട
സാധ്യത വർധിപ്പിക്കുന്നു. തുടർച്ചയായി ബ്രേക്ക് പ്രയോഗിക്കുന്നതുമൂലം ബ്രേക്ക് നഷ്ടപ്പെടുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.
സമുദ്ര നിരപ്പിൽനിന്ന് 7,200 അടി ഉയരത്തിലുള്ള ചാെക്രമുടി ഭാഗത്ത് റോഡ് നിർമിച്ചപ്പോൾ ശാസ്ത്രീയ പഠനങ്ങളാെന്നും നടത്തിയില്ലെന്ന് വിദഗ്ധർ പറയുന്നു. ഇവിടെ ചുരത്തിന്റെ മാതൃകയിലാണ് റോഡ് നിർമിക്കേണ്ടത്.
എന്നാൽ പഠനമാെന്നും നടത്താതെ ലഭിച്ച ഡിപിആർ അനുസരിച്ച് റോഡ് നിർമാണം പൂർത്തിയാക്കുകയാണ് നിർമാണ കരാറെടുത്ത കെഎസ്ടിപി ചെയ്തത്.
ഉപവാസ സമരവുമായി ബ്ലോക്ക് പഞ്ചായത്തംഗം
ചെമ്മണ്ണാർ – ഗ്യാപ് റോഡിൽ വാഹനാപകടങ്ങളും അപകട മരണങ്ങളും തുടർക്കഥയായിട്ടും ഉദ്യോഗസ്ഥർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് ആരോപിച്ച് അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം ടി.എം.രതീഷ് ഉപവാസ സമരം നടത്തി.
ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ജേക്കബ്, വ്യാപാരി വ്യവസായി ഏകോപന സമിതി ബൈസൺവാലി യൂണിറ്റ് പ്രസിഡന്റ് ജി.ആനന്ദ്, പഞ്ചായത്തംഗങ്ങൾ, സന്നദ്ധ സംഘടന ഭാരവാഹികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, നാട്ടുകാർ എന്നിവരുൾപ്പെടെ ഒട്ടേറപ്പേർ സമരത്തിന് പിന്തുണയുമായെത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

