ഇന്ത്യയുമായി ധാരണയിലെത്തിയ വ്യാപാര കരാറിന് തടസം നിന്നത് യുഎസ് പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്തരെന്ന് വെളിപ്പെടുത്തൽ. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേശകൻ പീറ്റർ നവാരോ എന്നിവരാണ് കരാറിന് തടസം നിന്നതെന്ന് യുഎസ് സെനറ്റർ ടെഡ് ക്രൂസ് ആരോപിച്ചു.
ചില നേരങ്ങളിൽ ട്രംപും കരാറിന് തടസം നിന്നതായും പുറത്തായ ഓഡിയോ സന്ദേശത്തിൽ ക്രൂസ് ആരോപിക്കുന്നു. യുഎസ് പ്രസിഡന്റിന്റെ വ്യാപാര നയങ്ങള്‍ തെറ്റാണെന്നും ഇതിൽ ക്രൂസ് പറയുന്നുണ്ട്.
ട്രംപ് ഭരണകൂടത്തിൽ സ്വരച്ചേർച്ച ഇല്ലാത്തതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തൽ.
ട്രംപിന്റെ തീരുവ യുദ്ധം തുടരുന്നത് സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നും അദ്ദേഹം ആരോപിക്കുന്നു. വിലക്കയറ്റം വർധിച്ചാൽ ഇക്കൊല്ലം നവംബറിൽ നടക്കുന്ന സെനറ്റ് തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങേണ്ടി വരും.
ഇതോടെ ബാക്കിയുള്ള രണ്ട് വർഷക്കാലം ട്രംപിന് തുടർച്ചയായ ഇംപീച്ച്മെന്റ് നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. 2026 നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് ട്രംപിന് നിർണായകമാണ്.
ഇതിൽ ട്രംപിന്റെ റിപബ്ലിക്കൻ പാർട്ടിക്ക് മേധാവിത്തം നഷ്ടമായാൽ വലിയ തിരിച്ചടിയാകും.
16 ലക്ഷം കോടി
ഇന്ത്യൻ ഓഹരി വിപണി വെള്ളിയാഴ്ചയും നഷ്ടത്തിലായിരുന്നു. പോയവാരം നിക്ഷേപകർക്ക് നഷ്ടപ്പെട്ടത് 16 ലക്ഷം കോടി രൂപയാണെന്നും കണക്കുകൾ പറയുന്നു.
അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 91.90 ലാണ് ക്ലോസ് ചെയ്തത്. അദാനി ഓഹരികളിലുണ്ടായ വിൽപന സമ്മർദ്ദം മറ്റ് ഓഹരികളിലേക്ക് കൂടി വ്യാപിച്ചെന്നാണ് വിലയിരുത്തൽ.
746 പോയിന്റ് ഇടിവിൽ 81,537 എന്ന നിലയിലാണ് സെൻസെക്സ്. 241 പോയിന്റ് നഷ്ടത്തോടെ 25,048 എന്ന നിലയിൽ നിഫ്റ്റിയും.
റിപബ്ലിക് ദിനം പ്രമാണിച്ച് ഇന്ന് വിപണിക്ക് അവധിയാണ്. ഇന്ത്യ–ഇയു വ്യാപാര കരാർ നാളെ ഒപ്പുവക്കുമെന്ന വാർത്തകളും ബജറ്റ് പ്രഖ്യാപനങ്ങളും വിപണിയെ സ്വാധീനിക്കും.
ബജറ്റ് ദിനമായ ഫെബ്രുവരി ഒന്ന് ഞായറാഴ്ചയാണെങ്കിലും വിപണി പ്രവർത്തിക്കും.
യുഎസ് വിപണി ജാഗ്രതയോടെയാണ് ഈ ആഴ്ചത്തെ വ്യാപാരം തുടങ്ങുന്നത്. മൂന്ന് സൂചികകളുടെയും ഫ്യൂച്ചർ വ്യാപാരം നഷ്ടത്തിലാണ് പുരോഗമിക്കുന്നത്.
കമ്പനികളുടെ പാദ ഫലങ്ങൾ പുറത്തുവരുന്നതും ഫെഡ് റിസർവിന്റെ യോഗവുമാണ് നിക്ഷേപകരെ ജാഗ്രതയിലാക്കിയത്. ഫെഡ് റിസർവ് ഇക്കൊല്ലത്തെ പണനയം ബുധനാഴ്ച പ്രഖ്യാപിക്കും.
അടിസ്ഥാന പലിശ നിരക്ക് നിലനിർത്തുമെന്നാണ് വിപണി കരുതുന്നത്
ഏഷ്യൻ വിപണികൾ ഇടിവിലാണ്. ജപ്പാനിലെ നിക്കെയ് സൂചിക 1.61 ശതമാനത്തോളം നഷ്ടത്തിലായി.
അമേരിക്കൻ ഡോളറിനെതിരെ ജാപ്പനീസ് യെൻ കറൻസിയുടെ വിനിമയ നിരക്ക് ഉയർന്നിരുന്നു. ഇതിന് പിന്നിൽ ഊഹക്കച്ചവടമാമെന്ന സംശയത്തിലാണ് ജാപ്പനീസ് അധികൃതർ.
ഇതിനെ തടയാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജപ്പാൻ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഷാന്‍ഹായ് സൂചിക 0.20 ശതമാനവും ഹോങ്കോങ് സൂചിക 0.28 ശതമാനവും നഷ്ടത്തിലായി.
മിന്നിച്ച് സ്വർണം
രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 5,000 ഡോളറെന്ന റെക്കോർഡ് വില കടന്ന് കുതിച്ചു.
5,084 ഡോളർ വരെ എത്തിയ സ്വർണവില നിലവിൽ 5,076 ഡോളറെന്ന നിലയിലാണ്. 2024ൽ ഔൺസിന് 2,000 ഡോളറായിരുന്നുവെന്ന് ഓർക്കണം.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളാണ് നിലവിൽ സ്വർണവില ഉയരാനുള്ള പ്രധാന കാരണം.
ഗ്രീന്‍ലൻഡ് ഏറ്റെടുക്കുമെന്ന അവകാശവാദവും ഫെഡറൽ റിസർവിന് നേരെയുള്ള നീക്കവുമെല്ലാം നിക്ഷേപകരുടെ ആശങ്കയ്ക്ക് കാരണമായി. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ വഷളായതും കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങുന്നത് കൂട്ടിയതും വിലക്കയറ്റത്തിന് ഇടയാക്കി.
വെള്ളി വില ഔൺസിന് 107 ഡോളറെന്ന നിലയിലാണ്. ഇതോടെ സംസ്ഥാനത്ത് ഇന്ന് സ്വർണം, വെള്ളി വില കുത്തനെ കൂടുമെന്ന് ഉറപ്പായി. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

