
തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് സഹകരണ ബാങ്കുകളിലെ തട്ടിപ്പ് കേസെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സഹകരണത്തിന്റെ മറവിൽ കള്ളപ്പണ ഇടപാടാണ് നടക്കുന്നത്. സിപിഎം ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും കള്ളപ്പണ ഇടപാടുകളിൽ പങ്കുണ്ട്. പാർട്ടി അന്വേഷിച്ച് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടും സംരക്ഷണം നൽകി. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഇതിനെതിരെ സമരപരിപാടികൾ ശക്തിപ്പെടുത്തുമെന്നും വിഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബാങ്ക് കൊള്ളയിൽ ഏത് അന്വേഷണം വേണമെന്ന് യുഡിഎഫ് ആലോചിച്ചു പറയും. കേരളത്തിൽ ഇത്രയും വലിയ ധനപ്രതിസന്ധി ഉണ്ടാക്കിയത് തോമസ് ഐസകാണ്. പ്രതിപക്ഷ നേതാവിനെ ചാരി ധനമന്ത്രിയെ കുറ്റപ്പെടുത്താനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. നികുതി വെട്ടിപ്പുകാരുടെ പറുദീസയായി കേരളത്തെ മാറ്റുന്നതിൽ ഐസക് വഹിച്ച പങ്ക് ചെറുതല്ലെന്നും സതീശൻ പറഞ്ഞു. ഇന്ത്യ മുന്നണിയുമായി സഹകരിക്കേണ്ട എന്നാണ് കേരളത്തിലെ സിപിഎമ്മിന്റെ തീരുമാനം. കേരളത്തിലെ ബിജെപിയുമായി ഒത്തുതീർപ്പുള്ളതിനാൽ അവർക്ക് ഭയമാണ്. ബിജെപിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പിന്മാറ്റം. ദേശീയ നേതൃത്വത്തെ സമ്മർദ്ദത്തിലാക്കിയത് കേരള ഘടകമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
നെൽ കർഷകർ ഇപ്പോഴും പ്രതിസന്ധിയിലാണ്. സംഭരിച്ച നെല്ലിന്റെ തുക ഇനിയും നൽകിയിട്ടില്ല. വണ്ടാനത്ത് ആത്മഹത്യ ചെയ്ത കർഷകന്റെ കടങ്ങൾ സർക്കാർ ഏറ്റെടുക്കണം. ഇനിയും കർഷകർ ആത്മഹത്യ ചെയ്യാൻ ഇടവരരുതെന്നും സതീശൻ പറഞ്ഞു.
Last Updated Sep 19, 2023, 12:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]