പയ്യന്നൂർ∙ പയ്യന്നൂരിൽ കോൺഗ്രസ്, ബിജെപി പ്രതിഷേധ റാലികൾക്കു നേരെയുള്ള ആക്രമണത്തിൽ വ്യാപക പ്രതിഷേധം. ടി.ഐ.മധുസൂദനൻ എംഎൽഎയുടെ രാജി ആവശ്യപ്പെട്ടായിരുന്നു സ്ത്രീകളടക്കം പങ്കെടുത്ത കോൺഗ്രസ് പ്രകടനം. സഹകരണ ആശുപത്രിക്കു സമീപത്തുനിന്ന് സെൻട്രൽ ബസാറിലേക്ക് വരുന്നതിനിടെ പിറകിലൂടെയെത്തിയ അൻപതോളം സിപിഎം പ്രവർത്തകരാണ് ആക്രമിച്ചതെന്ന് കോൺഗ്രസ് പറയുന്നു.
ഡിസിസി സെക്രട്ടറി എ.പി.നാരായണൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.രൂപേഷ്, കെ.പി.ഹരീഷ്, ടി.രാജൻ എന്നിവർക്കു പരുക്കേറ്റു. ഇവർ ചികിത്സയിലാണ്.
മധുസൂദനനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ബിജെപിയുടെ പ്രകടനം.
സെൻട്രൽ ബസാറിനടുത്താണ് ഈ പ്രകടനവും ആക്രമിക്കപ്പെട്ടത്. സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ ബിജെപി പ്രകടനത്തിലേക്ക് ഇരച്ചുകയറി കൊടി പിടിച്ചുവാങ്ങി ആക്രമിക്കുകയായിരുന്നു.
രണ്ടു സ്ഥലങ്ങളിലും പൊലീസ് ഇടപെട്ടെങ്കിലും അക്രമികളെ നിയന്ത്രിക്കാനായില്ല. വൈകിട്ടായിരുന്നു അക്രമപരമ്പര.
ബിജെപി പ്രവർത്തകരായ സുജിത്ത് കേളോത്ത്, അശോകൻ പുഞ്ചക്കാട്, ഒ.വി.ലോഹിതൻ എന്നിവർ പരുക്കേറ്റ് ചികിത്സയിലാണ്.
രക്തസാക്ഷി ഫണ്ട് വെട്ടിപ്പിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് സിപിഎം അക്രമം അഴിച്ചുവിട്ടതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കുറ്റപ്പെടുത്തി. കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മധുസൂദനന്റെ ക്വട്ടേഷൻ സംഘമാണ് ബിജെപി പ്രവർത്തകരെ ആക്രമിച്ചതെന്ന് നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ് കുമാർ ആരോപിച്ചു. ഫണ്ട് മുക്കിയവരെ സിപിഎം സംരക്ഷിക്കുകയാണെന്നും എംഎൽഎയുടെ അനധികൃത സ്വത്ത് അന്വേഷിക്കണമെന്നും അദ്ദേഹം പയ്യന്നൂരിൽ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

