കോഴിക്കോട്∙ ‘നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ…ഒരമ്മ പെറ്റതുപോലെ, എല്ലാരും അങ്ങനെത്തന്ന്യാ..’ സ്കൂൾ കലോത്സവങ്ങളിലെ നാടകമത്സരങ്ങളുടെ ഇടവേളകളിലും രാജ്യാന്തര തിയറ്റർ ഫെസ്റ്റിവൽ വേദികളിലും മുഴങ്ങിക്കേട്ട പാട്ട്.
പ്രളയകാലത്തും കോവിഡ്കാലത്തും മലയാളികൾ ഏറ്റുപാടിയ പാട്ട്. ഏതോ നാടകക്യാംപിൽ കെ.വി.വിജേഷ് എഴുതി കൊട്ടിപ്പാടിയ വരികൾ.
വിങ്ങിനിൽക്കുന്ന ടൗൺഹാളിൽ ഇന്നലെ ഓരോരുത്തരുടെ ഉള്ളിലും മുഴങ്ങിയത് ആ വരികളാണ്. അരങ്ങിൽ അഭിനയിച്ചു കൊണ്ടിരിക്കെ കൊഴിഞ്ഞുപോകുകയാണ് ഏതൊരു നാടകക്കാരന്റെയും സ്വപ്നം.
ക്യാംപസ് തിയറ്ററിന്റെ നാടകത്തട്ടിൽ നാടകം പഠിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ വിജേഷ് തന്റെ വേഷമഴിച്ചുവച്ച് ഇറങ്ങിപ്പോയി.
തേവര സേക്രഡ് ഹാർട്ട് കോളജിലെ നാടകപരിശീലനത്തിനിടെയാണു വിജേഷ് പക്ഷാഘാതത്തെ തുടർന്നു കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി പതിനൊന്നരയോടെ അന്ത്യം സംഭവിച്ചു.
ഇന്നലെ രാവിലെ തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ പൊതുദർശനത്തിനു ശേഷമാണ് കോഴിക്കോട്ട് എത്തിച്ചത്. പുതിയറ സേവക് ബാലജനസഖ്യത്തിന്റെ നാടകപരിശീലന ക്യാംപിലൂടെയാണു വിജേഷ് നാടകങ്ങളുടെ ലോകത്തേക്ക് എത്തിയത്.
ഗുരുവായൂരപ്പൻ കോളജിലെ പഠനകാലത്ത് ക്യാംപസ് നാടകങ്ങളിൽ ശ്രദ്ധേയനായി. സ്കൂൾ ഓഫ് ഡ്രാമയിൽനിന്നു പുറത്തുവന്നതോടെ ‘ഞാൻ വിജേഷ്, നാടകക്കാരനാണ്…’ എന്ന് ആത്മവിശ്വാസത്തോടെ സ്വയം പരിചയപ്പെടുത്തി.
കോളജ് ക്യാംപസ് നാടകങ്ങളും സ്കൂൾ നാടകങ്ങളും എഴുതി സംവിധാനം ചെയ്തു സമ്മാനങ്ങൾ നേടിയാളാണ് വിജേഷ്.
രണ്ടു പതിറ്റാണ്ടായി കേരളത്തിലെ ക്യാംപസുകളിൽനിന്ന് ഓരോ വർഷവും പുറത്തുവന്ന അനേകം യുവഅഭിനേതാക്കളെ തന്റെ പരിശീലനക്കളരിയിലൂടെ വളർത്തി. പുതുതലമുറ ചെറുകഥാകൃത്തുക്കളുടെ ചെറുകഥകൾ കണ്ടെത്തി അവ നാടകമാക്കി മാറ്റി അരങ്ങിലെത്തിക്കുന്നതിൽ മിടുക്കനായിരുന്നു വിജേഷ്.
സിനിമാഗാനരചയിതാവായും അഭിനേതാക്കളുടെ പരിശീലകനായും നാടകത്തിനു വേണ്ടിയാണ് വിജേഷ് ജീവിച്ചത്. ഇത്തവണ തൃശൂരിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നാടകവേദിക്കു പുറത്ത് നാടകപ്രവർത്തകന്റെ കൊച്ചുമകനൊപ്പം വിജേഷ് നൃത്തം ചവിട്ടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
തൃശൂരിൽനിന്ന് രാവിലെ പതിനൊന്നോടെ വിജേഷിന്റെ ശരീരം ടൗൺഹാളിലെത്തിച്ചു.
കോഴിക്കോട്ടെ നാടകപ്രവർത്തകർ ഒന്നടങ്കം അവിടെ കാത്തുനിൽക്കുകയായിരുന്നു. മേയർ ഒ.സദാശിവൻ, വി.ആർ.സുധീഷ്, ഫ്രാൻസിസ് നൊറോണ, കെ.ഇ.എൻ.കുഞ്ഞഹമ്മദ്, കെ.
അജിത, പി.കെ.പോക്കർ, അഭിനേതാക്കളായ സന്തോഷ് കീഴാറ്റൂർ, ഹരീഷ് പേരടി, നിർമൽ പാലാഴി, വിനോദ് കോവൂർ, അപ്പുണ്ണി ശശി, ജയരാജ് കോഴിക്കോട്, സുധി ബാലുശ്ശേരി, സുരഭി ലക്ഷ്മി, ദേവരാജ് ദേവ്, വിജയൻ കാരന്തൂർ, വിജയൻ പി. നായർ, വിൽസൺ സാമുവൽ, ശിവദാസ് പൊയിൽക്കാവ്, തിരക്കഥാകൃത്ത് അനീഷ് അഞ്ജലി, സുനിൽ അശോകപുരം, കെ.ടി.
കുഞ്ഞിക്കണ്ണൻ, യു.ഹേമന്ദ് കുമാർ, ജാനമ്മ കുഞ്ഞുണ്ണി, സതീഷ് കെ. സതീഷ്, ഗിരീഷ് പി.സി.പാലം, ടി.
സുരേഷ് ബാബു, എം.സി. സന്തോഷ്, എം.വി.
ബിജു തുടങ്ങിയവർ ടൗൺഹാളിൽ ആദാരഞ്ജലി അർപ്പിക്കാനെത്തി. തുടർന്ന് നാടകപ്രവർത്തകർ ടൗൺഹാളിലെ വേദിയിൽ വിജേഷിനു ചുറ്റുംനിന്ന് ഉറക്കെയുറക്കെ ആ പാട്ടുപാടി.. ‘മരിക്കും ന്നുള്ളത് നേരാ.. മരിക്കും ന്നുള്ളത് സത്യാ.. ആരുടെ കൂടെ നിൽക്കും?..
നിങ്ങള് ആരുടെ കൂടെ നിൽക്കും? പാട്ടിനുശേഷം യവനിക വീണില്ല. കാണികൾ കയ്യടിച്ചില്ല.
കണ്ണീരുപടർന്ന പടികളിറങ്ങി വിജേഷിന്റെ ശരീരം യാത്രയായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

