നടവയൽ∙ ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ ഇതു തിറയാട്ടക്കാലം. തണുത്ത കാലാവസ്ഥയിൽ നാടും നാട്ടുകാരും ഒത്തൊരുമിക്കുന്ന കാലം.
ദേവതകളുടെയും മൺമറഞ്ഞുപോയ വീരയോദ്ധാക്കളുടെയും കോലം കെട്ടിയാടുന്ന അനുഷ്ഠാന കലാരൂപത്തിന്റെ കാലം. ഭഗവതിയും മലക്കാരിയും ഗുളികനും കുട്ടിച്ചാത്തനും വസൂരമാലിയും പൂതാടി ദൈവവും ഇളംകരുവനും കാളിമല തമ്പുരാനും, കെട്ടുകാരനും ഒക്കെ ചേർന്ന വയനാടൻ തിറയാട്ടക്കാലം.
അമ്പലങ്ങളിലും മറ്റും നടക്കുന്ന തിറയാട്ടം കാണാൻ ദൂരദേശത്തു നിന്നു പോലും ആളുകൾ എത്താറുണ്ട്. കുരുത്തോല, പാള, ചിരട്ട, മുള എന്നിവ വച്ച് കോലങ്ങൾ ഒരുക്കുമ്പോൾ നിറങ്ങൾ വച്ചാണ് ഭൈവച്ചമയങ്ങൾ ഒരുക്കുന്നത്.
മണിക്കൂറുകളോളം നീളുന്ന ചായമിടൽ വേണ്ടിവരും ദൈവച്ചമയങ്ങൾ ഒരുക്കുന്നതിന്.
തിറ മഹോത്സവത്തിന് കൊടിയേറിയാൽ രാവും പകലുമൊക്കെ ആട്ടമുണ്ടാകും. ധനു മാസത്തിൽ തുടങ്ങി മേടം വരെ നീളുന്ന തിറയാട്ടത്തിന് ജില്ലയിലെ പലയിടങ്ങളും സാക്ഷിയാകും.
ദേവത സങ്കൽപങ്ങളിലുള്ള കാവുകളും തറവാട്ടുസ്ഥാനങ്ങളുമൊക്കെ വേദിയാകും. ഭഗവതി തിറയ്ക്കാണ് ജില്ലയിൽ മുൻതൂക്കം.
ചെണ്ടക്കൊപ്പം ചുറ്റും കൂടി നിൽക്കുന്നവരുടെ ആർപ്പുവിളിയുടെ ആരവത്തിൽ തിറക്കോലം ഉറഞ്ഞുതുള്ളും. ഭക്തർക്ക് അനുഗ്രഹങ്ങളും അരുളപ്പാടുകളും നൽകും.
തെയ്യങ്ങളെ പോലെ വ്രതമെടുത്താണ് തിറയാട്ടത്തിനും ഒരുങ്ങുക.
ഒരു നേരം അരിയാഹാരം കഴിച്ച് തിറയാടാൻ ഓരോരുത്തരും മനസ്സും ശരീരവും നേരത്തെ മുതൽ പാകമാക്കും. മനുഷ്യനും പ്രകൃതിയും ദൈവവും ഒന്നാകുന്ന ഉത്സവമെന്നാണ് തിറയെ വിശേഷിപ്പിക്കുക. ദേവതകളുടെയും മൺമറഞ്ഞുപോയ വീരയോദ്ധാക്കളുടെയും കോലം കെട്ടിയാടുന്ന അനുഷ്ഠാന കലാരൂപമാണു തിറ എന്നു തന്നെ പറയാം.
തിറ എന്ന വാക്കിനു ദൈവദർശനമെന്നും ആത്മ സമർപ്പണമെന്നും ചരിത്രകാരൻമാർ വിശേഷിപ്പിക്കുന്നു.
കഴിഞ്ഞദിവസം നടവയൽ പേരൂർ പരദേവതാ ക്ഷേത്രത്തിൽ പൊങ്ങിണി കുഞ്ഞിരാമ പണിക്കരും പാർട്ടിയും ഭഗവതി തിറ അടക്കം 6 തരം തിറകൾക്ക് പുറമേ തമ്പുരാന്മാരുടെ വെള്ളാട്ടും നടത്തി. പാതിരി സൗത്ത് സെക്ഷൻ വനത്തോടു ചേർന്ന വയലിന്റെ കരയിലുള്ള ഈ ക്ഷേത്രത്തിൽ വർഷങ്ങളായി നടത്തിവരുന്ന തിറ മഹോത്സവത്തിന് കാരണമില്ലാതെ കമ്മിറ്റി ഇതുവരെ മുടക്കം വരുത്തിയിട്ടില്ല.
ഇവിടെ നടക്കുന്ന തിറയാട്ടം കാണുന്നതിന് ജാതിമതഭേദമില്ലാതെ നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

