ഹരിപ്പാട് ∙ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിലെ പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ പണം അപഹരിക്കാൻ ശ്രമിച്ച ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ വാച്ചർ കുമാരപുരം പൊത്തപ്പള്ളി തെക്ക് വൈഷ്ണവത്തിൽ രാകേഷ് കൃഷ്ണനാണ്(40) അറസ്റ്റിലായത്. ഇന്ന് കോടതിയിൽ ഹാജരാക്കും.
സംഭവത്തെ തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന രാകേഷ് കൃഷ്ണനെ ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ 20നായിരുന്നു സംഭവം. ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറുടെ മേൽനോട്ടത്തിലാണ് ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിലെ പണം എണ്ണി തിട്ടപ്പെടുത്തിയത്. വഞ്ചിയിൽ നിന്നു ലഭിച്ച നാലു ലക്ഷത്തോളം രൂപ ബാങ്കിലെ ജീവനക്കാർ എത്തി തിട്ടപ്പെടുത്തി കൊണ്ടുപോയി.
മറ്റ് ജീവനക്കാർ പോയ ശേഷം രാകേഷ് കൃഷ്ണൻ അവിടെ നിൽക്കുന്നതിൽ അസിസ്റ്റന്റ് കമ്മിഷണർക്ക് സംശയം തോന്നി. രാകേഷ് കൃഷ്ണൻ പണം എണ്ണിയിടത്ത് കിടന്നിരുന്ന പ്ലാസ്റ്റിക് ചാക്കുകൾ കൊണ്ടു പോകുന്നതിനുള്ള കാർഡ് ബോർഡ് പെട്ടിയുമായി പോകുന്നതിനിടെ ദേവസ്വം സബ് ഗ്രൂപ്പ് ഓഫിസർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.
500 രൂപയുടെ 12 നോട്ടുകൾ ചുരുട്ടി കയ്യിൽ വച്ചിരുന്നു എന്നും കാർഡ് ബോർഡ് പെട്ടിയിൽ വച്ചിരുന്ന ചാക്കുകൾ പരിശോധിച്ചപ്പോൾ 100ന്റെ 63 നോട്ടുകളും 20 രൂപയുടെ 1000 നോട്ടുകളും കണ്ടെത്തി എന്നുമാണ് പൊലീസിൽ നൽകിയ പരാതി.
32300 രൂപ രാകേഷ് കൃഷ്ണനിൽ നിന്നു കണ്ടെടുത്തതായും ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ സബ് ഗ്രൂപ്പ് ഓഫിസറുടെ പരാതിയിലുണ്ട്.
രാകേഷ് കൃഷ്ണനെക്കുറിച്ച് നേരത്തെ ചിലർ സംശയം പ്രകടിപ്പിച്ചതിനാൽ ദേവസ്വം വിജിലൻസ് പ്രത്യേകം ശ്രദ്ധിക്കണം എന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നതായും പറയുന്നു. ക്ഷേത്രത്തിലെ ആനക്കൊട്ടിലിലാണ് കാണിക്കവഞ്ചിയിലെ പണം എണ്ണി തിട്ടപ്പെടുത്തിയത്.
അവിടെ സിസിടിവി ക്യാമറയുണ്ടായിരുന്നെങ്കിലും പ്രവർത്തന ക്ഷമമല്ലെന്നു പൊലീസ് പറഞ്ഞു. സംഭവസമയത്ത് അവിടെയുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എസ്എച്ച്ഒ മുഹമ്മദ് ഷാഫി പറഞ്ഞു. കോൺഗ്രസ് പ്രവർത്തകനായ രാകേഷ് കൃഷ്ണൻ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ഹരിപ്പാട് ഗ്രൂപ്പ് പ്രസിഡന്റാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

