പാലക്കാട് ∙ ജവാൻ റമ്മിനു ശേഷം സർക്കാർ നേരിട്ട് നിർമിക്കുന്ന ബ്രാൻഡി അടുത്തമാസം വിൽപനയ്ക്കെത്തും. ചിറ്റൂർ മേനോൻപാറയിൽ സർക്കാർ നിയന്ത്രണത്തിലുള്ള മലബാർ ഡിസ്റ്റിലറീസിൽ പ്ലാന്റിന് ആവശ്യമായ ടാങ്കുകൾ സ്ഥാപിച്ചു.
മറ്റു യന്ത്രങ്ങളും അടുത്ത ദിവസങ്ങളിൽ ഘടിപ്പിക്കും. അടുത്തമാസം നിർമാണോദ്ഘാടനം നടത്താനുള്ള തരത്തിലാണു ക്രമീകരണങ്ങൾ മുന്നോട്ടു പോകുന്നതെന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
ലീറ്ററിന് 1000 രൂപയിൽ താഴെയാകും വിലയെന്നാണു ലഭ്യമാകുന്ന വിവരങ്ങൾ.
മദ്യനിർമാണത്തിന് ആവശ്യമായ ഇഎൻഎ (എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ) സൂക്ഷിക്കുന്നതിനു രണ്ടരലക്ഷം ലീറ്ററിന്റെ 3 ടാങ്കുകളാണു സ്ഥാപിച്ചത്. വെള്ളം സൂക്ഷിക്കുന്നതിനു 2 ലക്ഷം ലീറ്ററിന്റെ ടാങ്കും ബ്ലെൻഡിങ്ങിനായി 75,000 ലീറ്ററിന്റെ 6 ടാങ്കുകളും സ്ഥാപിച്ചിട്ടുണ്ട്.
ലേബലിങ് മെഷീനുകളും എത്തി.
കുപ്പികളും മറ്റ് യന്ത്രഭാഗങ്ങളും ഉടൻ എത്തിക്കും. മൂന്നു ലൈൻ ശേഷിയുള്ള ഓട്ടമാറ്റിക് യൂണിറ്റിൽ നിന്നു പ്രതിദിനം 13,500 കെയ്സ് മദ്യം ഉൽപാദിപ്പിക്കാനാകും.
സർക്കാർ അംഗീകൃത ഏജൻസിയായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് (കെൽ) ആണു നിർമാണം.
ഡിസ്റ്റിലറിക്കു ശുദ്ധജലം ലഭ്യമാക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം വരുന്നതു വരെ ടാങ്കറിൽ എത്തിക്കും. ജലവിതരണത്തിന് 1.87 കോടി രൂപയുടെ പദ്ധതി തയാറാക്കുകയും ജല അതോറിറ്റിയിൽ ബവ്റിജസ് കോർപറേഷൻ തുക കെട്ടിവയ്ക്കുകയും പൈപ് എത്തിക്കുകയും ചെയ്തിരുന്നു.
ചിറ്റൂർപുഴയിലെ കുന്നങ്കാട്ടുപതി പദ്ധതിയിൽ നിന്നുള്ള വെള്ളം പൈപ് ലൈനിലൂടെ പ്ലാന്റിൽ എത്തിക്കാനുള്ള നീക്കം വടകരപ്പതി, എലപ്പുള്ളി ഗ്രാമപ്പഞ്ചായത്തുകളിലെ എതിർപ്പു മൂലം മുടങ്ങുകയായിരുന്നു. ഇരുനൂറിലധികം ജീവനക്കാരെയാണ് മദ്യനിർമാണത്തിന് ആവശ്യമായി വരിക.
മലബാർ ഡിസ്റ്റിലറീസിന് നിലവിൽ സ്റ്റാഫ് പാറ്റേൺ ഇല്ല, കുടുംബശ്രീ വഴി ഉൾപ്പെടെ താൽക്കാലിക ജീവനക്കാരെ നിയമിക്കാനാണ് ആലോചനയെന്ന് അറിയുന്നു.
പേരുകൾ 40,000; ഏറെയും ട്രോളുകൾ
∙ മലബാർ ഡിസ്റ്റിലറീസിലെ ബ്രാൻഡിക്കു യോജ്യമായ പേരു ക്ഷണിച്ചതു ബവ്കോയ്ക്കു പുലിവാലായി. കാരണഭൂതൻ, കപ്പിത്താൻ, പോറ്റിയെ കേറ്റി, കേരള ലഹരി, കെ ബ്രാൻഡി, കെ–രസം, സഖാവ് ബ്രാൻഡി തുടങ്ങി നാൽപതിനായിരത്തോളം പേരുകൾ ലഭിച്ചു.
മലബാർ എന്ന പേരുമായി ബന്ധപ്പെട്ടതുമുണ്ട്.
മദ്യത്തിന് പേരും ലോഗോയും നൽകുന്നവർക്ക് 10,000 രൂപ നൽകുമെന്ന ബവ്കോ പരസ്യം വിവാദമായിരുന്നു. ഇത്തരത്തിൽ പേര് ക്ഷണിക്കുന്നത് മദ്യം ഉപയോഗിക്കാനുള്ള പ്രേരണയാകില്ലേ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. വിഷയത്തിൽ മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

