ചാരുംമൂട്∙ ഫ്രീഫാബ് ടെക്നോളജിയിൽ നിർമിച്ച കെഎസ്ഇബി സെക്ഷൻ ഓഫിസ് നിലംപൊത്താറായ അവസ്ഥയിൽ. ചോർച്ച മൂലം മഴക്കാലത്ത് എല്ലാ മുറിയിലും വെള്ളക്കെട്ടുകളുണ്ടാകുന്നു. കെട്ടിടത്തിന്റെ നിർമാണവും ഉപയോഗിച്ചിട്ടുള്ള സാമഗ്രികളുടെ പ്രശ്നവും കാരണമാണ് ചോർച്ചയടയ്ക്കാൻ കഴിയാത്തത്.
ഇതിന്റെ അടിവശം ഭൂമിയുമായുള്ള ബന്ധം വിട്ടു നിൽക്കുമ്പോൾ മേൽക്കൂരയും വീഴാറായ നിലയിലാണ്.
നിലവിൽ കൊല്ലം–തേനി ദേശീപാതയോരത്ത് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് സമീപമാണ് ഓഫിസ് പ്രവർത്തിക്കുന്നത്. 2010 മുതൽ കെഐപിയുടെ ഒഴിഞ്ഞ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫിസ് പിന്നീട് സ്വന്തം സ്ഥലത്തു ഫ്രീ ഫാബ് ടെക്നോളജിയിൽ നിർമിച്ച കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.
2015ൽ കേരളത്തിൽ നടന്ന നാഷനൽ ഗെയിംസിനു വേണ്ടിയാണ് ഫ്രീഫാബ് ടെക്നോളജിയിലൂടെ നൂറുകണക്കിനു താൽക്കാലിക വില്ലകൾ പണിതത്. ഗെയിംസ് കഴിഞ്ഞതോടെ ഉപയോഗശൂന്യമായ വില്ലകൾ അന്ന് കെഎസ്ഇബി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് സർക്കാർ നൽകി.
പൊളിച്ചുമാറ്റി മറ്റൊരു സ്ഥലത്ത് നിർമിക്കാവുന്ന തരത്തിലായിരുന്നു വില്ലകൾ.
ഒരു വില്ല ഒരു ഹൗസിങ് യൂണിറ്റായി കണക്കാക്കി 50 യൂണിറ്റുകളാണ് കെഎസ്ഇബിക്കു ലഭിച്ചത്. ഇത്തരം മൂന്ന് യൂണിറ്റുകളാണ് ചാരുംമൂട് വൈദ്യുതി ഓഫിസിന്റെ നിർമാണത്തിനായി അന്ന് ലഭിച്ചത്.
2000 സ്ക്വയർഫീറ്റ് വിസ്തീർണത്തിൽ എൽ ആകൃതിയിലാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.
തിരുവനന്തപുരം ഫ്രീഫാബ് സെല്ലിനു നിർമാണ ചുമതലയും നൽകി. 17 ലക്ഷം രൂപ മുടക്കിയാണ് നിർമിച്ചത്. ഫ്രീഫാബ് ടെക്നോളജി ഉപയോഗിച്ചുള്ള കെഎസ്ബിയുടെ രണ്ടാമത്തെ കെട്ടിടമാണ് ചാരുംമൂട്ടിലേത്.
കെട്ടിടത്തിന്റെ ശോചനീയാവസ്ഥയെ കുറിച്ച് ഒട്ടേറെ തവണ കെഎസ്ഇബി ഉദ്യോഗസ്ഥർ പരാതി ഉന്നയിച്ചിട്ടുണ്ടെങ്കിലും പരിഹാരം കണ്ടിട്ടില്ല.
നിർമ്മിച്ചപ്പോൾ മുതൽ തന്നെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ പിന്നിലായിരുന്നു. കെഎസ്ഇബിയുടെ സാധന സാമഗ്രികൾ പോലും സൂക്ഷിക്കാൻ സ്ഥലമില്ല.
വരാൻ പോകുന്ന ശക്തമായ മഴയ്ക്കും കാറ്റിനും മുമ്പ് ചാരുംമൂട് കെഎസ്ഇബി സെക്ഷൻ ഓഫിസിന് വേണ്ടി സുരക്ഷിത കെട്ടിടം നിർമിക്കുന്നതിനുള്ള നടപടികൾ സർക്കാർതലത്തിൽ തുടങ്ങണമെന്നാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

