കോട്ടയം∙ അന്ധതയെ അക്ഷരവെട്ടം കൊണ്ടു കീഴടക്കി; കാർത്തിക ഇനി അധ്യാപിക. കുമാരനല്ലൂർ ദേവീവിലാസം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയായി ചുമതലയേൽക്കുന്ന എസ്.കാർത്തികയുടെ അനുഭവപാഠം പലർക്കും മാതൃകയാവുന്ന ജീവിതവിജയ അധ്യായമാണ്.
കുമാരനല്ലൂർ മള്ളൂശേരി പുല്ലരിക്കുന്ന് അമൃതംഗമയ വീട്ടിൽ റിട്ട. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എം.ബി.ജയചന്ദ്രന്റെയും എം.ശ്യാമയുടെയും മകളാണ് കാർത്തിക.
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ബാധിച്ച അസുഖം കാർത്തികയുടെ കണ്ണിൽ ഇരുൾ നിറച്ചപ്പോൾ മാതാപിതാക്കളും സഹോദരനും സ്നേഹത്തിന്റെ നിലാവെട്ടം നൽകി അതിജീവനത്തിനു കരുത്തു നൽകി.
അധ്യാപികയായിരുന്ന അമ്മ മകൾക്കായി ജോലി ഉപേക്ഷിച്ചു. കാരാപ്പുഴ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി പത്താം ക്ലാസ് ജയിച്ച കാർത്തിക, കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്നു ഹ്യുമാനിറ്റീസ് പരീക്ഷയിൽ 1200ൽ മുഴുവൻ മാർക്കും വാങ്ങിയാണ് പ്ലസ് ടു വിജയിച്ചത്.
ബിസിഎം കോളജിൽനിന്നു ലിറ്ററേച്ചറിൽ ബിരുദം.
ഹൈദരാബാദിലെ ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിൽ (ഇഫ്ലു) നിന്നാണ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. കോട്ടയം മൗണ്ട് കാർമൽ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽനിന്നു ബിഎഡും നേടി.
6 മാസമായി കുമാരനല്ലൂർ ദേവീ വിലാസം വിഎച്ച്എസ്എസിൽ ഗെസ്റ്റ് അധ്യാപികയായി ജോലി നോക്കിവരുകയായിരുന്നു.
എയ്്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണത്തിൽപെട്ടവർക്കുള്ള ജില്ലാതല നിയമന ഉത്തരവുകൾ നൽകുന്ന ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി.അലക്സാണ്ടർ, കാർത്തികയ്ക്ക് എൽപി വിഭാഗത്തിൽ സ്ഥിരം നിയമന ഉത്തരവ് കൈമാറി. വിദ്യാഭ്യാസ ഉപഡയറക്ടറേറ്റ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എസ്.ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ കെ.എ.മുരളി കാഞ്ഞിരക്കാട്ട് ഇല്ലം പ്രസംഗിച്ചു. മാതാപിതാക്കളോടൊപ്പം കാർത്തികയുടെ സഹോദരൻ ജെ.ജയകൃഷ്ണനും (വിദ്യാർഥി, ന്യൂസീലൻഡ്) പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

