കുമ്പള ∙ അഭിഭാഷകയുടെ വീട്ടിൽനിന്ന് 30 പവനോളം സ്വർണവും കാൽലക്ഷം രൂപയുടെ വെള്ളിയും 5000 രൂപയും കവർന്ന കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക പുത്തൂർ സ്വദേശിയും കൊടിയമ്മയിലെ താമസക്കാരനുമായ ഇബ്രാഹിം കലന്തറിനെയാണ് (41) കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്.
ജില്ലയിൽ നേരത്തെ ക്ഷേത്ര കവർച്ചകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന പ്രതിയാണ് ഇബ്രാഹിം കലന്തർ എന്നു പൊലീസ് പറഞ്ഞു.കഴിഞ്ഞ 18ന് വൈകിട്ട് 6നും രാത്രി 8.30നും ഇടയിലാണ് കുമ്പള നായ്ക്കാപ്പിലെ മിന ഹൗസിൽ ചൈത്രയുടെ വീട്ടിൽ കവർച്ച നടന്നത്. വീട്ടുകാർ ക്ഷേത്രത്തിൽ ഉത്സവത്തിനുപോയ സമയത്ത് വീടിന്റെ പിൻവശത്തെ വാതിലിന്റെ പൂട്ട് തകർത്തായിരുന്നു കവർച്ച.
സ്വർണവും വെള്ളിയും പണവും ഉൾപ്പെടെ 31.67 ലക്ഷം രൂപയുടെ സാധനങ്ങളാണ് കവർന്നത്.
വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് കവർന്നത്.സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളുമാണ് കേസ് അന്വേഷണത്തിൽ നിർണായകമായത്. പിന്നീട് ഇയാളെ നിരീക്ഷിക്കുകയും സൈബർ വിഭാഗത്തിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതി പൊലീസിന്റെ പിടിയിലാകുന്നത്.
എന്നാൽ കവർച്ച ചെയ്യപ്പെട്ട ആഭരണങ്ങൾ ഉൾപ്പെടെ കണ്ടെത്തിയിട്ടില്ലെന്നും കവർച്ചയ്ക്കു പിന്നിൽ വേറെ ആളുകൾ ഉണ്ടോയെന്ന് ഇതുവരെ പ്രതി വെളിപ്പെടുത്തിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു. 2024 നവംബർ 4ന് പുലർച്ചെ മാന്യയിലെ അയ്യപ്പഭജന മന്ദിരത്തിൽനിന്ന് 6 ലക്ഷം രൂപ വിലമതിക്കുന്ന വെള്ളി വിഗ്രഹവും രുദ്രാക്ഷ മാലയും കവർന്നതടക്കം കർണാടകയിലും കാസർകോട്ടുമായി 25ൽ അധികം കേസുകളാണ് പ്രതിക്കെതിരെയുള്ളതെന്നും പൊലീസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

