കാറഡുക്ക ∙ സോളർ തൂക്കുവേലി നിർമിച്ചതോടെ കാട്ടാനശല്യമൊഴിഞ്ഞ് കാറഡുക്ക ബ്ലോക്കിലെ കർഷകർക്ക് ദുരിതം മാറിയെങ്കിലും ഉറക്കം നഷ്ടപ്പെട്ട് വേലി നിർമിച്ച കരാറുകാരൻ. വേലിക്കായി ചെലവഴിച്ച ഒരു കോടിയോളം രൂപ കിട്ടാതെ ജപ്തി നടപടിയുടെ വക്കിലാണ്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മുൻകൈ എടുത്ത് നിർമിച്ച വേലിക്ക് 2 കോടിയോളം രൂപയാണ് ചെലവഴിച്ചത്.
22 കിലോമീറ്റർ വേലിയും വാച്ച് ടവറുമാണ് നിർമിച്ചത്. വേലിയുടെ പണി 2023ലും വാച്ച് ടവറിന്റെ നിർമാണം കഴിഞ്ഞ വർഷവും പൂർത്തിയായി.
കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷനെയാണ് (കെപിഎച്ച്സിസി) വനംവകുപ്പ് വേലിയുടെ നിർമാണം ഏൽപിച്ചത്.കെപിഎച്ച്സിസി ചെർക്കളയിലെ എം.എ.അബ്ദുൽ നാസറിനാണ് കരാർ നൽകിയത്.
പണി പൂർത്തിയാകുമ്പോൾ ബിൽ തുക അനുവദിക്കാമെന്നാണ് കരാർ വ്യവസ്ഥ. എന്നാൽ 2 വർഷമായിട്ടും പണം കിട്ടാതെ കടക്കെണിയിലാണ് കരാറുകാരൻ.ബാങ്കിൽനിന്ന് 11.5% പലിശ നിരക്കിൽ വായ്പയെടുത്താണ് വേലി നിർമിച്ചതെന്നു കരാറുകാരൻ പറയുന്നു.
കാട്ടാനശല്യം തടയാൻ തദ്ദേശ സ്ഥാപനങ്ങൾ മുൻകയ്യെടുത്ത് സംസ്ഥാനത്ത് ആദ്യമായി ഒരുക്കിയ ആന പ്രതിരോധ പദ്ധതി എന്ന നിലയിൽ മാതൃകാ പദ്ധതിയായി സർക്കാരും മന്ത്രിയും പ്രശംസിച്ചതാണ്.വേലി നിർമിച്ചതോടെ കാട്ടാനശല്യം ഒഴിയുകയും ചെയ്തു. 2 പതിറ്റാണ്ടോളം കാട്ടാനകൾ താണ്ഡവമാടിയ കാറഡുക്ക ബ്ലോക്കിലെ ദേലംപാടി, മുളിയാർ, ബേഡഡുക്ക, കാറഡുക്ക, കുറ്റിക്കോൽ പഞ്ചായത്തുകളിൽ കഴിഞ്ഞ 2 വർഷമായി പേരിനുപോലും ആനശല്യമില്ല.
ഇതോടെ, നഷ്ടപ്പെട്ട കൃഷി തിരിച്ചുപിടിക്കാനുള്ള പ്രയത്നത്തിലാണ് കർഷകർ.
പക്ഷേ ഇതിനു നേതൃത്വം നൽകിയ കരാറുകാരൻ പ്രതിസന്ധിയിലുമായി.
ഈ സാമ്പത്തിക വർഷം പദ്ധതിക്കായി കാറഡുക്ക ബ്ലോക്കും അനുബന്ധ പഞ്ചായത്തുകളും 58 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും പ്രിൻസിപ്പൽ കൃഷി ഓഫിസർ പണം കൈമാറാൻ അനുമതി (വെറ്റ്) നൽകാത്തതാണ് കാരണമെന്നാണ് അധികൃതർ പറയുന്നത്. പഴയ പദ്ധതി ആണെന്നാണ് ഇതിനു അദ്ദേഹം പറയുന്ന ന്യായം.
കൃഷിവകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതി ആയതിനാൽ അദ്ദേഹം വെറ്റ് ചെയ്യാതെ പണം നൽകാനും സാധിക്കില്ല. പലതവണ ചർച്ച ചെയ്തിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഒരാഴ്ചയ്ക്കുള്ളിൽ പണം നൽകിയില്ലെങ്കിൽ പലിശ ഉൾപ്പെടെ നൽകണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് കരാറുകാരൻ.
29 കിലോമീറ്റർ വേലി നിർമിക്കാനാണ് ആദ്യം പദ്ധതി തയാറാക്കിയത്. ഇതിൽ 22 കിലോമീറ്ററാണ് നിർമിച്ചത്. ബാക്കി ഭാഗം നിർമിക്കാനുള്ള തടസ്സവും ഈ സാങ്കേതിക പ്രശ്നമാണ്.
സംസ്ഥാന സർക്കാർ പദ്ധതിക്കായി പ്രഖ്യാപിച്ച 65 ലക്ഷം രൂപയുടെ ഗ്രാന്റും ഇതുവരെ അനുവദിച്ചിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

