തിരുവനന്തപുരം ∙ പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി എം.ബി.രാജേഷിനെ എസ്പിജി ഉദ്യോഗസ്ഥർ തടഞ്ഞു. തിരിച്ചറിയാൻ ആധാർ കാർഡ് കാട്ടണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ആവശ്യം.
ഔദ്യോഗിക കാറിൽ എത്തിയ മന്ത്രി വേദിക്കരികിലേക്കു പ്രവേശിക്കാൻ ഒരുങ്ങുമ്പോഴാണ് തടഞ്ഞത്. ആധാർ കാണിക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് ക്ഷണിച്ചിട്ടാണ് താൻ എത്തിയതെന്നും മന്ത്രി അറിയിച്ചെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് ആധാർ കാട്ടണമെന്ന് ഉദ്യോഗസ്ഥർ ശാഠ്യം പിടിച്ചു.
സംസ്ഥാന പ്രോട്ടോക്കോൾ വകുപ്പിലെ ഉദ്യോഗസ്ഥർ ഇടപെട്ടിട്ടും എസ്പിജി ഉദ്യോഗസ്ഥർ വഴങ്ങിയില്ല.
ഇതോടെ പരിപാടിയിൽ പങ്കെടുക്കേണ്ടെന്നു തീരുമാനിച്ച് മന്ത്രി തിരികെ നടന്നു. പരിപാടിയിൽ പങ്കെടുക്കാനെത്തിയ മേയർ വി.വി.രാജേഷ് ഇതുകണ്ട് ഇടപെട്ടു.
ആധാർ പരിശോധിക്കാതെ തന്നെ മന്ത്രിയെ വേദിയിൽ പ്രവേശിപ്പിക്കണമെന്ന് മേയർ ആവശ്യപ്പെട്ടു. അൽപനേരത്തെ തർക്കത്തിനൊടുവിൽ മേയറും പ്രോട്ടോക്കോൾ ഉദ്യോഗസ്ഥരും വീണ്ടും സമ്മർദം ചെലുത്തിയതോടെ എസ്പിജി ഉദ്യോഗസ്ഥർ വഴങ്ങുകയായിരുന്നു.
വ്യാഴാഴ്ച നിയമസഭാ സമ്മേളനം കഴിഞ്ഞ് പാലക്കാട്ടേക്കു മടങ്ങാൻ തീരുമാനിച്ചിരുന്ന എം.ബി.രാജേഷ്, പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നു ക്ഷണം ലഭിച്ചതോടെ യാത്ര റദ്ദാക്കി തിരുവനന്തപുരത്തു തങ്ങുകയായിരുന്നു.
വഴിയോര കച്ചവടക്കാർക്ക് വായ്പയും ക്രെഡിറ്റ് കാർഡും നൽകുന്ന പിഎം സ്വനിധി പദ്ധതിയുടെ കേരളത്തിലെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുന്നതിന്റെ ഭാഗമായാണ് എം.ബി.രാജേഷിനെ ക്ഷണിച്ചത്. ഇൗ പദ്ധതി നടപ്പാക്കുന്നത് സംസ്ഥാനങ്ങളിലെ തദ്ദേശ വകുപ്പിന്റെ കൂടി സഹകരണത്തിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

