മുണ്ടക്കയം ഈസ്റ്റ് ∙ വള്ളിയാങ്കാവ് ദേവീക്ഷേത്രത്തിലേക്ക് ഉൾപ്പെടെയുള്ള 3 പ്രധാന പാതകൾ തകർന്നു കിടക്കുന്നു. പെരുവന്താനം പഞ്ചായത്തിലെ ടിആർ ആൻഡ് ടി എസ്റ്റേറ്റുമായി ബന്ധപ്പെട്ടു ജീവിക്കുന്ന ജനങ്ങളുടെ ദുരിതയാത്രയ്ക്ക് കാലങ്ങളുടെ പഴക്കമുണ്ടെങ്കിലും പരിഹാരം കാണാൻ അധികൃതർക്കു കഴിയുന്നില്ല.
വള്ളിയാങ്കാവ് റോഡിനൊപ്പം ചെന്നാപ്പാറ – മതമ്പ, മണിക്കൽ – ആനക്കുളം – മഞ്ഞക്കൽ റോഡുകളാണ് തകർന്നു കിടക്കുന്നത്.
വള്ളിയാങ്കാവിലേക്ക് കഠിനയാത്ര
കിഴക്കൻ കേരളത്തിലെ പ്രധാന ക്ഷേത്രമായ വള്ളിയാങ്കാവിലേക്കുള്ള ദുരിതയാത്ര തുടങ്ങിയിട്ട് വർഷങ്ങളായി. പ്രതിഷേധങ്ങൾക്ക് ഒടുവിൽ 2 വർഷം മുൻപ് റോഡ് നിർമാണത്തിനു പദ്ധതി ഇട്ടതോടെ ജനങ്ങൾ പ്രതീക്ഷയിലായിരുന്നു.
എന്നാൽ നിർമാണം തുടങ്ങി റോഡിൽ മെറ്റൽ ഇട്ട ശേഷം കരാറുകാരൻ പണി ഉപേക്ഷിച്ചുപോയി.
ഇതോടെ മെറ്റിൽ ഇളകിത്തെറിച്ച് റോഡ് കൂടുതൽ പരിതാപകരമായ അവസ്ഥയിലായി.
കുപ്പക്കയം മേഖലയിലെ എസ്റ്റേറ്റ് തൊഴിലാളികളും വള്ളിയാങ്കാവ് നിവാസികളും കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ക്ഷേത്രത്തിലേക്ക് വരുന്നവരും ഇപ്പോഴും ദുരിത യാത്ര തുടരുകയാണ്. കാറുകളിൽ എത്തുന്ന ഭക്തർ കാർ മുണ്ടക്കയത്ത് ഇട്ട് ടാക്സി ജീപ്പുകളിലാണു യാത്ര തുടരുന്നത്.
തകർന്ന റോഡിലൂടെ ഒരു ബസ് സർവീസും നിലവിലുണ്ട്.
മതമ്പ റോഡ് മനുഷ്യന് പറ്റില്ല
വള്ളിയാങ്കാവ് റൂട്ടിനു സമാന്തരമായി ചെന്നാപ്പാറ, മതമ്പ എന്നിവിടങ്ങളിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമല്ലാതായതോടെ ജനങ്ങൾ ഭീതിയിലാണ്. കാരണം കാട്ടാന, പുലി, കടുവ, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശത്ത് വാഹനത്തിൽ പതുക്കെ പോകേണ്ട
അവസ്ഥയിൽ പേടിയോടെയാണ് ജനങ്ങളുടെ സഞ്ചാരം. വിജനമായ റോഡിൽ രാത്രിയാത്ര നാട്ടുകാർ ഉപേക്ഷിച്ചു കഴിഞ്ഞു.
ബസ് സർവീസ് നിർത്തിയതോടെ മതമ്പ, കൊമ്പൻപാറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ആളുകൾക്ക് മുണ്ടക്കയത്ത് എത്തണമെങ്കിൽ 2000 രൂപയോളം നൽകി ടാക്സികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ആനക്കുളം – മഞ്ഞക്കൽ റോഡ്
ടിആർ ആൻഡ് ടി എസ്റ്റേറ്റിലൂടെ മണിക്കല്ലിൽ നിന്ന് ആരംഭിക്കുന്ന റോഡാണിത്.
ആനക്കുളം ദേവീക്ഷേത്രം, മഞ്ഞക്കൽ, ഇടികെ തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകുന്ന റോഡിൽ ടാറിങ് തകർന്ന നിലയിലാണ്. എസ്റ്റേറ്റ് തൊഴിലാളികൾ പൂർണമായും ആശ്രയിക്കുന്ന ഈ റോഡ് നിർമാണം നടത്താൻ പദ്ധതികൾ ഒന്നുമുണ്ടായില്ല. ഇരുചക്ര വാഹനങ്ങൾക്കു പോലും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ് ഇവിടെ നിലവിലുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

