പനമരം∙ ബീനാച്ചി – പനമരം റോഡ് പണി നിലച്ചുതോടെ ജനങ്ങൾ പൊടി തിന്നു മടുക്കുന്നു. കിഫ്ബിയിൽ ഉൾപ്പെടുത്തി കരാർ നൽകി പ്രവൃത്തി ആരംഭിച്ച റോഡുപണിയാണ് വർഷങ്ങൾ കഴിഞ്ഞും പൂർത്തീകരിക്കാതെ ജനങ്ങളെയും യാത്രക്കാരെയും ഒരേപോലെ ദുരിതത്തിലാക്കുന്നത്.
പുഞ്ചവയൽ മുതൽ പനമരം ടൗൺ വരെയുള്ള ഭാഗത്തെ നവീകരണ പ്രവൃത്തിയാണ് നിലച്ചത്. പണി നിലച്ചതോടെ പൊളിച്ചിട്ടതും തകർന്നുകിടക്കുന്നതുമായ ഈ ഭാഗത്ത് റോഡിനിരുവശത്തുമുള്ള കുടുംബങ്ങളും കച്ചവടക്കാരും യാത്രക്കാരും വാഹനങ്ങൾ കടന്നു പോകുമ്പോഴുള്ള പൊടി മൂലം പൊറുതിമുട്ടുകയാണു.
മാത്തൂർ വയൽ മുതൽ പനമരം ടൗൺ വരെയുള്ള ഭാഗത്തെ ജനങ്ങളാണ് പൊടിശല്യം മൂലം ഏറെ ദുരിതത്തിലായത്.
കരാർക്കമ്പനി ഈ ഭാഗത്തെ പണി നിർത്തി മറ്റൊരു റോഡ് പണിക്ക് പോയതിനാൽ റോഡ് നനയ്ക്കാൻ പോലും കൂട്ടാക്കാത്തതാണു ജനങ്ങളെ ദുരിതത്തിലാക്കിയത്. റോഡ് നനയ്ക്കാത്തതു മൂലം മാത്തൂർ പാദ്രേപിയോ പള്ളിക്ക് സമീപത്തെ കച്ചവടക്കാരും വാഹന വർക്ഷോപ് ജീവനക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്.
പൊടിശല്യം മൂലം വർക്ഷോപ്പിൽ ഇരുന്ന് പണി എടുക്കാൻ കഴിയാതായതോടെ വർക്ഷോപ് നടത്തുന്നവർ സ്വന്തം നിലയ്ക്ക് ഒരു ദിവസം തന്നെ പല തവണ മോട്ടർ വച്ച് റോഡിലേക്ക് വെള്ളം പമ്പ് ചെയ്താണ് വർക്ഷോപ്പിലിരുന്ന് പണിയെടുക്കുന്നത്.
പണി നിർത്തിവച്ചതിനു പിന്നിൽ പല കാരണങ്ങൾ പറയുന്നുണ്ടെങ്കിലും ഇതു പരിഹരിക്കുന്നതു വരെ റോഡിലെ പൊടിശല്യം നിയന്ത്രിക്കുന്നതിനുള്ള നടപടിയെങ്കിലും സ്വീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
ഇതിനിടെ പാലത്തിന്റെ പണി പൂർത്തീകരിച്ച് അപ്രോച്ച് റോഡിൽ സോളിങ് നിരത്തി വാഹനഗതാഗതം ആരംഭിച്ചെങ്കിലും ബാക്കി പണികൾ പൂർത്തീകരിക്കാത്തതും മെറ്റലുകൾ ഇളകി തുടങ്ങിയതും ഇരുചക്രവാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടാകുന്നുണ്ട്. അപ്രോച്ച് റോഡ് പലപ്പോഴും പേരിനു മാത്രം നനയ്ക്കുന്നതിനാൽ ഈ ഭാഗത്തും പലപ്പോഴും വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ പൊടിശല്യം രൂക്ഷമാണ്.
22.200 കിലോമീറ്റർ ദൂരമുള്ള ബീനാച്ചി – പനമരം റോഡ് പ്രവൃത്തികൾക്കായി കിഫ്ബിയിൽ ഉൾപ്പെടുത്തി 54. 4 കോടി രൂപ അനുവദിച്ച് 2019 ജൂണിൽ ആരംഭിച്ച പ്രവൃത്തിയാണ് 6 വർഷം കഴിഞ്ഞും പൂർണമായും പൂർത്തീകരിക്കാതെ ജനങ്ങൾക്ക് പണി കൊടുത്ത് ഇഴയുന്നത്.
ആദ്യ കരാറുകാരന്റെ അലംഭാവം മൂലം ജനങ്ങളുടെയും ജനപ്രതിനിധികളുടെയും പരാതികളെ തുടർന്ന് ബീനാച്ചി മുതൽ അരിവയൽ വരെയും നടവയൽ പള്ളിത്താഴെ മുതൽ പനമരം വരെയുമുള്ള പ്രവൃത്തി 9 മീറ്റർ വീതിയിൽ ടാറിങ് നടത്താൻ മറ്റൊരു കമ്പനിക്ക് കരാർ നൽകിയെങ്കിലും ഈ കരാറുകാരനും പണി ഇട്ടു താമസിപ്പിച്ച് ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കുന്ന രീതി തുടരുകയാണ്.
എത്രയും പെട്ടെന്ന് പുഞ്ചവയൽ മുതൽ പനമരം ടൗൺ വരെയുള്ള ഭാഗത്തെ റോഡ് പണി പൂർത്തീകരിക്കാൻ നടപടി എടുത്തില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

