കട്ടാങ്ങൽ∙ സംസ്ഥാന പാതയുടെ ഇരു വശത്തുമുള്ള എൻഐടി ക്യാംപസുകളെ ബന്ധിപ്പിച്ച് മുക്കം റോഡിൽ നിർമിക്കുന്ന അടിപ്പാത പ്രവൃത്തി വൈകുന്നത് മൂലം രൂക്ഷമായ ഗതാഗതക്കുരുക്ക്. ഒരു വശത്ത് പൂർത്തിയാക്കിയ പാലത്തിലൂടെ മാത്രമാണ് വാഹനങ്ങൾ കടത്തി വിടുന്നത്.
ഒരു ദിശയിലേക്ക് മാത്രം വാഹനങ്ങൾ കടന്നു പോകാൻ സൗകര്യമുള്ളത് മൂലം തിരക്കേറിയ സമയങ്ങളിൽ ഈ ഭാഗത്ത് വാഹനങ്ങളും യാത്രക്കാരും ഏറെ സമയം കാത്തു നിൽക്കേണ്ട സാഹചര്യമാണ്. പദ്ധതിയുടെ ഭാഗമായ പ്രധാന ക്യാംപസിന്റെ ഭാഗത്തു നിർമാണം പൂർത്തിയായ പാലവും തുറന്നു കൊടുത്താൽ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
എന്നാൽ ഈ ഭാഗത്ത് കാര്യമായ പ്രവൃത്തികൾ ഒന്നും നടക്കാതെ അടച്ചിട്ടിരിക്കുകയാണെന്നു നാട്ടുകാർ പരാതി പറയുന്നു.
പാലം റോഡുമായി ചേരുന്ന ഭാഗത്ത് റോഡും അരികിൽ സംരക്ഷണ ഭിത്തിയും നിർമിച്ച് ഗതാഗതത്തിനു തുറന്നു കൊടുത്താൽ ഗതാഗതക്കുരുക്ക് പരിഹരിക്കാം. 10 കോടിയോളം രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പെയ്ഡ് വർക്ക് ആയി നടത്തുന്ന അടിപ്പാത നിർമാണം തുടങ്ങിയിട്ട് രണ്ട് വർഷമായി.
സംസ്ഥാന പാതയ്ക്കു കുറുകെ 20 മീറ്റർ കോൺക്രീറ്റ് ചട്ടക്കൂടിൽ പാലവും ഇരു വശത്തും ഇരുനൂറ് മീറ്ററോളം അപ്രോച്ച് റോഡും നടപ്പാതയും റോഡിലേക്ക് കയറുന്നതിന് സൗകര്യവുമാണ് ഒരുക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ബ്രിജ്സ് സെക്ഷന്റെ നേതൃത്വത്തിലാണ് പ്രവൃത്തി നടക്കുന്നത്.
നിർമാണ പ്രവൃത്തികളുടെ പേരിൽ റോഡുകളിൽ ഗതാഗതക്കുരുക്കും മണ്ണ് അടക്കം കടകളിൽ എത്തുകയും ചെയ്യുന്നത് മൂലം ഉപഭോക്താക്കൾ വരാൻ മടിക്കുന്നത് സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നു എന്നാണ് കട്ടാങ്ങൽ അങ്ങാടിയിലെയും പരിസരത്തെയും വ്യാപാരികളുടെ പരാതി.
ഈ ഭാഗത്തെ 2 പ്രധാന റോഡുകളായ മുക്കം റോഡും ആർഇസി– മലയമ്മ– പുത്തൂർ റോഡും വർഷങ്ങളായി നവീകരണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. എൻഐടി ക്യാംപസിന് കുറുകെ നിർമിക്കുന്ന അടിപ്പാതയുടെ ഭാഗമായ രണ്ടാമത്തെ പാലവും തുറന്ന് കൊടുത്ത് ഗതാഗത കുരുക്ക് പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ഷരീഫ് മലയമ്മ അധികൃതർക്ക് പരാതി നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

