ഗ്രീൻലൻഡ് വിഷയത്തിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ പ്രഖ്യാപിച്ച തീരുവ പിൻവലിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്നും പകരം ചർച്ചയിലൂടെ ധാരണയിലെത്തുമെന്നുമാണ് ട്രംപിന്റെ നിലപാട്.
ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിലെത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. ഇതോടെ രാജ്യാന്തര സാമ്പത്തിക മേഖലയിൽ താൽകാലിക ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
എന്നാൽ യുഎസ്–ഇറാൻ തർക്കം സൈനിക നടപടിയിലേക്ക് നീങ്ങിയേക്കുമെന്ന റിപ്പോർട്ടുകൾ വിപണികളിൽ ആശങ്കയാണ്.
നാറ്റോ തലവൻ മാർക്ക് റൂട്ടെയുമായി നടത്തിയ ചർച്ചയിൽ ഗ്രീൻലൻഡ് വിഷയത്തിൽ ഭാവി കരാറുകൾക്ക് ചട്ടക്കൂട് തീരുമാനിച്ചെന്ന് ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചു. നിലവിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം യുഎസിനും എല്ലാ യൂറോപ്യൻ രാജ്യങ്ങൾക്കും പ്രയോജനപ്പെടും.
ഫെബ്രുവരി ഒന്ന് മുതൽ നടപ്പിലാക്കാനിരുന്ന തീരുവയും പിൻവലിക്കുകയാണ്. ഗോൾഡൻ ഡോം വിഷയത്തിൽ അടക്കം ചർച്ചകൾ നടന്നു.
കൂടുതൽ കാര്യങ്ങൾ പിന്നാലെ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ നാറ്റോയുമായി എന്തു കരാറിലാണ് എത്തിയതെന്ന് ട്രംപ് വെളിപ്പെടുത്തിയില്ല. ട്രംപിന്റെ നിലപാട് മാറ്റം ഡെൻമാർക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.
ഡെന്മാർക്കിന്റെ നിയന്ത്രണത്തിലുള്ള ആർട്ടിക്കിലെ സ്വയംഭരണ അവകാശമുള്ള ദ്വീപാണ് ഗ്രീൻലൻഡ്.
വിപണി ഇടിവിൽ
തുടർച്ചയായ മൂന്നാം ദിവസവും ഇന്ത്യൻ ഓഹരി വിപണി തകർച്ച നേരിട്ടു. സെൻസെക്സ് 270.84 പോയിന്റ് ഇടിഞ്ഞ് 81,909.63ലും നിഫ്റ്റി 75 പോയിന്റ് നഷ്ടത്തിൽ 25,157, 50ലുമാണു ക്ലോസ് ചെയ്തത്.
സൂചികകൾ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ട്രംപിന്റെ യൂറോപ്യൻ തീരുവ, പ്രതീക്ഷയ്ക്കൊത്തുയരാത്ത മൂന്നാം പാദ ഫലങ്ങൾ, വിദേശ നിക്ഷേപകരുടെ വിൽപന, വിപണി വീണ്ടും താഴേക്ക് പോകുമെന്ന സൂചന എന്നിവയാണ് കാരണം.ഇന്നലെ വിദേശ നിക്ഷേപകര് 1,787 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്.
ഇന്ന് ഗിഫ്റ്റി നിഫ്റ്റി മുന്നേറ്റത്തിലാണ്. ഇന്ത്യൻ ഓഹരി വിപണി മികച്ച നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ഇന്നലെ അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 91.50ലെത്തിയിരുന്നു.
യുഎസിൽ പച്ചവെളിച്ചം
യുഎസ് വിപണികള് ഇന്നലെ നേട്ടത്തിലായി.
ഗ്രീൻലൻഡ് വിഷയത്തിൽ ധാരണയിലെത്തുമെന്നും യൂറോപിനെതിരെ പ്രഖ്യാപിച്ച തീരുവ പിൻവലിച്ചേക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് നിക്ഷേപകർ. എസ് ആൻഡ് പി സൂചിക 1.16 ശതമാനം കുതിച്ചു.
രണ്ട് മാസത്തിനിടെ സ്വന്തമാക്കുന്ന ഏറ്റവും മികച്ച നേട്ടം. ഡോ 1.21 ശതമാനവും നാസ്ഡാക്ക് 1.18 ശതമാനവും കുതിച്ചു.
കഴിഞ്ഞ ദിവസത്തെ കൂട്ടത്തകർച്ചയ്ക്ക് ശേഷമാണ് നേട്ടം. ഇന്നലെ തുടക്കത്തിൽ തന്നെ പോസിറ്റീവ് ട്രെൻഡിലായിരുന്ന സൂചികകൾ ട്രംപിന്റെ പ്രഖ്യാപനം വന്നതോടെ റോക്കറ്റ് പോലെ കുതിച്ചു.
യൂറോപ്യൻ സൂചികകൾ സമ്മിശ്രമായാണ് ക്ലോസ് ചെയ്തത്.
ട്രംപിന്റെ ദാവോസ് പ്രസംഗത്തിന് മുമ്പ് ക്ലോസ് ചെയ്ത വിപണിയിലെ പല സൂചികകളും നഷ്ടത്തിലായി. എന്നാൽ ഏഷ്യൻ ഓഹരികൾ ഇന്ന് മികച്ച മുന്നേറ്റം നടത്തി ജപ്പാനിലെ നിക്കെയ് 1.74 ശതമാനം കുതിച്ചു.
ഷാൻഹായ് സൂചിക അരശതമാനവും ഹോങ്കോങ് സൂചിക 0.22 ശതമാനവും മുന്നേറ്റത്തിലാണ്.
സ്വർണവില എങ്ങോട്ട്
സ്വർണം ഇന്നലത്തെ റെക്കോർഡ് വിലയിൽ നിന്ന് താഴേക്ക് ഇറങ്ങി. ഇന്ന് രാജ്യാന്തര വിപണിയിൽ ഡോളറിന് 4,853 ഡോളർ വരെ കയറിയ സ്വർണം നിലവിൽ 4,790 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
ഇന്നലെ കേരളത്തിൽ മൂന്ന് തവണയാണ് സ്വർണ വില കൂടിയത്. ആദ്യ രണ്ടുതവണ പവന് 5,480 രൂപ കൂടിയെങ്കിലും വൈകുന്നേരം 480 രൂപ കുറഞ്ഞ് 1,14,840 രൂപയിലെത്തി.
ഇന്ന് കേരളത്തിൽ വില കുറയാനാണ് സാധ്യത.
വെള്ളി വില മൂന്ന് ശതമാനത്തോളം കുറഞ്ഞ് ഔൺസിന് 92 ഡോളറിലെത്തി. ക്രൂഡ് ഓയിൽ വില ഒരൽപ്പം മെച്ചപ്പെട്ടിട്ടുണ്ട്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

