ന്യൂഡൽഹി∙ സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിൽ ഏപ്രിൽ ഒന്നു മുതൽ കേന്ദ്രസർക്കാർ മാറിയ അളവുകോലും നയരീതിയുമാകും സ്വീകരിക്കുക. ഇത് സാധ്യമാക്കുന്നതിനുള്ള നടപടികൾ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ പ്രതീക്ഷിക്കാം.
കഴിഞ്ഞ വർഷങ്ങളായി ധനക്കമ്മി നിയന്ത്രണത്തിലാക്കുകയായിരുന്നു കേന്ദ്രത്തിന്റെ ലക്ഷ്യം. എന്നാൽ, വരുന്ന സാമ്പത്തികവർഷം മുതൽ മൊത്തം കടബാധ്യത ആകെ സമ്പദ്വ്യവസ്ഥയുടെ എത്രത്തോളം വരെയാകാമെന്നതിനായിരിക്കും (ഡെറ്റ് ടു ജിഡിപി അനുപാതം) ഊന്നൽ.
എന്താണ് വ്യത്യാസം?
ഓരോ വർഷവും സർക്കാരിന്റെ ആകെ ചെലവും വരുമാനവും തമ്മിലുള്ള അന്തരമാണ് ധനക്കമ്മി.
കമ്മി നികത്താൻ കടമെടുക്കണം. ചുരുക്കത്തിൽ ഒരു വർഷം വരുമാനത്തിനപ്പുറം നിങ്ങൾ അധികമായി ചെലവഴിച്ച തുകയാണ് ധനക്കമ്മി.
100 രൂപ വരുമാനമുള്ള സർക്കാർ 110 രൂപ ചെലവഴിച്ചെങ്കിൽ 10 രൂപയാണ് ധനക്കമ്മി. വർഷാവർഷമായി നിലനിൽക്കുന്ന ആകെ കടബാധ്യത രാജ്യത്തിന് കൈകാര്യം ചെയ്യാനാകുമോയെന്നതാണ് കടബാധ്യതാ (ഡെറ്റ് ടു ജിഡിപി) അനുപാതത്തിൽ പരിശോധിക്കുന്നത്.
ഒരു കുടുംബം നിശ്ചിത തുക കടമെടുക്കുന്നുവെന്ന് കരുതുക.
തുക കേൾക്കുമ്പോൾ വലിയ സംഖ്യയെന്നു തോന്നുമെങ്കിലും കുടുംബത്തിന്റെ മൊത്തം വരുമാനവും സാമ്പത്തികസ്ഥിതിയും കണക്കിലെടുത്താൽ ഇതത്ര പ്രശ്നമുള്ള തുകയായിരിക്കില്ല. ഇതേ രീതിയിലാണ് രാജ്യത്തിന്റെ കടത്തെയും വിലയിരുത്തുന്നത്.
നിലവിൽ രാജ്യത്തിന്റെ മൊത്തം സമ്പദ്വ്യവസ്ഥയുടെ (ജിഡിപി) 56–57% വരെയായ കടബാധ്യത 2030–31ൽ 50 ശതമാനമാക്കി കുറയ്ക്കാനാണ് ശ്രമം.
എങ്ങനെ കുറയ്ക്കും?
സമ്പദ്വ്യവസ്ഥ (ജിഡിപി) അതിവേഗം വളർന്നാൽ അനുപാതം കുറയും. ഉദാഹരണത്തിന് 200 രൂപയുടെ സമ്പദ്വ്യവസ്ഥയുള്ള രാജ്യത്തിന്റെ കടം 100 രൂപയാണെങ്കിൽ കടബാധ്യതാ അനുപാതം 50 ശതമാനമാണ്.
കടം അതേരീതിയിൽ തുടരുമ്പോഴും ജിഡിപി 200 രൂപയായി വർധിച്ചാൽ അനുപാതം 40 ശതമാനമായി കുറയും. ഫലത്തിൽ വലിയ സമ്പദ്വ്യവസ്ഥയുള്ള രാജ്യത്തിന് മെച്ചപ്പെട്ട
രീതിയിൽ കടം കൈകാര്യം ചെയ്യാനാകും. സമ്പദ്വ്യവസ്ഥ വലുതാക്കാനായി ബജറ്റിൽ അടിസ്ഥാസൗകര്യപദ്ധതികൾക്ക് ഊന്നൽ നൽകാം.
സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കാൻ നടപടികളുമുണ്ടായേക്കും.
മറ്റൊരു മാർഗം കടമെടുക്കുന്നത് കുറയ്ക്കുകയെന്നതാണ്. ഇതിന് അനാവശ്യചെലവുകൾ കുറയ്ക്കുകയും സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുകയും ചെയ്യണം.
മൂന്നാമത്തെ മാർഗം വരുമാനം വർധിപ്പിക്കുകയെന്നതാണ്. ഇതിന് നികുതിപിരിവ് കാര്യക്ഷമമാക്കൽ, പൊതുമേഖലാ ആസ്തികളിലെ ഓഹരി വിറ്റൊഴിക്കൽ തുടങ്ങിയവ മാർഗങ്ങളാണ്.
എന്തുകൊണ്ട്?
വായ്പ തിരിച്ചടയ്ക്കാനുള്ള രാജ്യത്തിന്റെ ശേഷി, അപ്രതീക്ഷിതമായ തിരിച്ചടികൾ നേരിടാനുള്ള കെൽപ്, ക്ഷേമപ്രവർത്തനങ്ങൾക്കും അടിസ്ഥാനസൗകര്യവികസനത്തിനും ചെലവഴിക്കാനുള്ള കഴിവ്, ധനകാര്യമേഖലയിൽ സർക്കാരിന്റെ വിശ്വാസ്യത തുടങ്ങിയവയ്ക്ക് രാജ്യാന്തര രംഗത്ത് ഇന്നുപയോഗിക്കുന്ന പ്രധാന സൂചിക ‘ഡെറ്റ് ടു ജിഡിപി’ അനുപാതമാണ്.
രാജ്യാന്തര നിക്ഷേപകരും ക്രെഡിറ്റ് റേറ്റിങ് ഏജൻസികളും ഇത് പരിഗണിക്കാറുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

