1,000 കോടി രൂപയുടെ പാൻ-ഇന്ത്യ ഓൺലൈൻ മണിചെയിൻ കുംഭകോണവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഗോവിന്ദയെ ചോദ്യം ചെയ്യും. ഒഡീഷ ഇക്കണോമിക് ഒഫൻസസ് വിങ് (ഇ.ഒ.ഡബ്ല്യു) ആണ് താരത്തെ ചോദ്യംചെയ്യുക. നിരവധി രാജ്യങ്ങളിൽ ഓൺലൈൻ സാന്നിധ്യമുള്ള സോളാർ ടെക്നോ അലയൻസ് (എസ്ടിഎ-ടോക്കൺ) എന്ന കമ്പനി ക്രിപ്റ്റോ നിക്ഷേപത്തിന്റെ മറവിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.
സോളാർ ടെക്നോ അലയൻസിനുവേണ്ടി പരസ്യങ്ങളിലൂടെ പ്രചാരണം നടത്തിയെന്ന കാരണത്താലാണ് ഇ.ഒ.ഡബ്ല്യു ഗോവിന്ദയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ജൂലൈയിൽ ഗോവയിൽ നടന്ന ചടങ്ങിൽ ഗോവിന്ദ പങ്കെടുത്തിരുന്നെന്നും ചില വീഡിയോകളിലൂടെ ഈ കമ്പനിക്ക് അനുകൂലമായ പ്രചാരണങ്ങൾ നടത്തിയെന്നും ഇ.ഒ.ഡബ്ല്യു ഇൻസ്പെക്ടർ ജനറൽ ജെ എൻ പങ്കജ് ദേശീയ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ഗോവിന്ദയെ ചോദ്യം ചെയ്യാൻ ഉടൻതന്നെ ഒരു സംഘത്തെ മുംബൈയിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഗോവിന്ദ കുറ്റാരോപിതനോ പ്രതിയോ അല്ല. അന്വേഷണത്തിന് ശേഷമേ ഇദ്ദേഹത്തിന്റെ കൃത്യമായ പങ്ക് വ്യക്തമാകൂ. ബിസിനസ് എഗ്രിമെന്റിന്റെ ഭാഗമായുള്ള പ്രചാരണത്തിൽ സഹകരിക്കുക മാത്രമാണ് ഗോവിന്ദ ചെയ്തിട്ടുള്ളതെങ്കിൽ അദ്ദേഹത്തെ കേസിൽ സാക്ഷിയാക്കുമെന്നും പങ്കജ് വ്യക്തമാക്കി.
കമ്പനി ആളുകളെ നിക്ഷേപത്തിലേക്ക് ആകർഷിക്കുകയും ഇവരോട് കൂടുതൽ നിക്ഷേപകരെ തങ്ങളുടെ കീഴിൽ ചേർക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പലിശയുടെയും ബോണസിന്റെയും സ്കെയിൽ അവർ റിക്രൂട്ട് ചെയ്യുന്ന നിക്ഷേപകരുടെ എണ്ണത്തെ ആശ്രയിച്ചായിരിക്കുമെന്ന് കമ്പനി വാഗ്ദാനം നൽകിയിരുന്നു. ഒരു നെറ്റ്വർക്ക് നിർമ്മിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബിഹാർ, ഉത്തർപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാണ, ഡൽഹി, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിക്ഷേപകരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ച് കമ്പനി വെട്ടിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
ഓഗസ്റ്റ് 7 ന് കമ്പനിയുടെ രാജ്യത്തെയും ഒഡീഷ മേധാവികളായ ഗുർതേജ് സിംഗ് സിദ്ധുവിനെയും നിരോദ് ദാസിനെയും ഒഡീഷ ഇക്കണോമിക് ഒഫൻസസ് വിങ് അറസ്റ്റ് ചെയ്തതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിദ്ധുവുമായുള്ള ബന്ധത്തിന്റെ പേരിൽ ഭുവനേശ്വർ ആസ്ഥാനമായുള്ള നിക്ഷേപ ഉപദേഷ്ടാവ് രത്നാകർ പാലായിയെ ഓഗസ്റ്റ് 16 ന് അറസ്റ്റ് ചെയ്തു. ഹംഗേറിയൻ പൗരനായ കമ്പനി മേധാവി ഡേവിഡ് ഗെസിനെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]