ശാസ്താംകോട്ട ∙ സായാഹ്ന സൂര്യനൊപ്പം തിളങ്ങി നിൽക്കുന്ന നാൽപതോളം ഗജകേസരികൾ.
ആർത്തിരമ്പുന്ന ആൾക്കടലിലേക്ക് പെയ്തിറങ്ങിയ പാണ്ടിമേളപ്പെരുമഴ. കാർഷിക സംസ്കൃതിയുടെ പ്രതാപം വിളിച്ചോതിയ വർണാഭമായ കെട്ടുകാഴ്ചകൾ.
നരഹരിയുടെ മണ്ണിൽ എല്ലാ കൺനിറയെ കണ്ട് ജനസഹസ്രങ്ങൾ വിസ്മയത്തേരിലേറിയപ്പോൾ ആനയടി ഗജമേളയ്ക്ക് പൂർണ ചന്ദ്രനോളം പൊൻപ്രഭ.
ശൂരനാട് വടക്ക് ആനയടി പഴയിടം നരസിംഹ സ്വാമി ക്ഷേത്രത്തിലെ പത്താം ഉത്സവത്തിന്റെ ഭാഗമായിട്ടാണ് ഗജമേള നടന്നത്. നരസിംഹപ്രിയൻ ആനയടി ദേവസ്വം അപ്പു ദേവന്റെ തിടമ്പേറ്റി.
വാദ്യമേളങ്ങളുടെ അകമ്പടിയിൽ ദേവന്റെ ഗ്രാമ പ്രദക്ഷിണം തുടങ്ങിയതോടെ പൂരാവേശത്തിനു തുടക്കമായി. ഉച്ചവെയിൽ ചാഞ്ഞതോടെ, തെക്കിന്റെ പൂര ഗ്രാമത്തിലേക്കുള്ള വഴികളെല്ലാം നിറഞ്ഞ് പുരുഷാരം ഏലായിലേക്കെത്തി.
ഓരോ കേന്ദ്രങ്ങളിൽ നിന്നും ആനപ്രേമി സംഘങ്ങൾ, തങ്ങളുടെ ആരാധനാ പാത്രങ്ങളായ കരിവീരൻമാരുമായി ഉത്സവ വരവ് ആഘോഷമാക്കി.
നരസിംഹ മൂർത്തിയെ വലംവച്ച ശേഷം കൊമ്പൻമാർ ഓരോരുത്തരായി ഏലായിലേക്ക് പ്രവേശിച്ചു. ഏലായുടെ മധ്യത്തിൽ ഉയർത്തി ഒരുക്കിയ മണ്ഡപത്തിൽ പെരുവനം സതീശൻ മാരാരും 51 അംഗ വാദ്യ കലാകാരൻമാരും ചേർന്നുള്ള പാണ്ടിമേളം മണിക്കൂറുകളോളം നീണ്ടു.
വർണാഭമായ കെട്ടുകാഴ്ചയും നടന്നെങ്കിലും ഗജമേള ആയിരുന്നു പ്രധാന ആകർഷണം. ക്ഷേത്ര പരിസരങ്ങൾ ഉൾപ്പെടുത്തി ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കിയിരുന്നു. ആറാട്ട് എഴുന്നള്ളത്ത് കഴിഞ്ഞെത്തിയ ദേവനു ഗജവീരന്മാർ അകമ്പടിയായി ക്ഷേത്ര ഗോപുരനടയിൽ ഒരുക്കിയ സേവയ്ക്ക് തിരുവല്ല രാധാകൃഷ്ണൻ നയിച്ച പഞ്ചാരിമേളം അഴക് പകർന്നു.
കലാപരിപാടികളോടെ ഉത്സവം രാത്രി കൊടിയിറങ്ങി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

