വടശേരിക്കര ∙ ടൗണിലും പരിസരങ്ങളിലും താമസിക്കുന്നവർ ജാഗ്രതൈ. കല്ലാറിന്റെ തീരത്തെ കാടും പടലും മറയാക്കി കാട്ടാനക്കൂട്ടം വടശേരിക്കരയിലേക്ക് എത്തുകയാണ്.
തിങ്കളാഴ്ച രാത്രിയിലും കാഴ്ച പ്രകടമായിരുന്നു. ഒളികല്ല് താമരപ്പള്ളി തോട്ടത്തിൽ നിന്ന് ജനവാസ മേഖലയിലൂടെ വടശേരിക്കരയിലേക്കു നീങ്ങുന്ന കാട്ടാനകൾ മിക്കപ്പോഴും പാതിവഴിയിലെത്തി മടങ്ങുകയാണ്.
അടുത്തിടെ ചെറുകാവ് അമ്പലത്തിനു സമീപമെത്തി വാഴ നശിപ്പിച്ചിരുന്നു. ബൗണ്ടറി, ചെമ്പരത്തിമൂട്, ആർക്കേമൺ, ഒളികല്ല്, കുമ്പളത്താമൺ, ചിറക്കൽ എന്നിവിടങ്ങളിലെല്ലാം മിക്ക ദിവസവും കാട്ടാനകൾ ഒറ്റയ്ക്കും കൂട്ടവുമായെത്തുന്നു.
കാട്ടാനകളെ ഭയന്നാണു ജനം യാത്ര നടത്തുന്നതും വീടുകളിൽ നിന്നു പുറത്തിറങ്ങുന്നതും.
വീടുകൾക്കു മുന്നിലൂടെയാണു കാട്ടാനകൾ വിഹരിക്കുന്നത്. വഴികളിലൂടെ അവ ചുറ്റുന്നു.
കൃഷിയിടങ്ങളിലെത്തി മേയുന്നു. റബർ തോട്ടങ്ങളിൽ ഇറങ്ങി മരങ്ങൾ പിഴുതു തള്ളുന്നു.
കൈത കൃഷിയിടത്തിൽ ഇറങ്ങി കൂട്ടത്തോടെ അവ നശിപ്പിക്കുന്നു. സൗരോർജ വേലിയും പടക്കം പൊട്ടിക്കലും ടോർച്ചടിക്കുന്നതുമൊന്നും ആനകൾക്കു ഭീഷണിയാകുന്നില്ല.
ജനം കൂട്ടത്തോടെ ഇറങ്ങി ബഹളം സൃഷ്ടിച്ചാണ് ആനകളെ ഓടിക്കുന്നത്. നാട്ടിലെ പുരുഷന്മാർക്ക് ഉറക്കമില്ലാതായിട്ടു കാലങ്ങളായി.
കാട്ടാനകളെത്തുമ്പോൾ വനപാലകരെ വിവരം അറിയിക്കും.
അവർ എത്തുമ്പോൾ ആനകൾ അടുത്ത സ്ഥലങ്ങളിലേക്കു നീങ്ങിയിരിക്കും. പിന്നീട് അവരുടെ ശകാരം കൂടി നാട്ടുകാർ കേൾക്കണമത്രേ.
ആനയെ കാട്ടിക്കൊടുക്കാനാണ് അവർ ആവശ്യപ്പെടുന്നത്. ഉറക്കം കളയുന്നതിന്റെ ദേഷ്യം നാട്ടുകാരോടു തീർക്കുകയാണെന്നാണു പരാതി.
കാട് സംരക്ഷിക്കണം. അതു മനുഷ്യ ജീവനുകളെ ബലി കഴിച്ചിട്ടാകരുതെന്നാണ് മലയോരവാസികളുടെ നിർദേശം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

