കൽപറ്റ ∙ ഹിമാലയത്തിനു മുകളിലൂടെ പറന്നു ദേശാടനം നടത്തുന്ന കുറിത്തലയൻ വാത്ത് വയനാട്ടിൽ. ജില്ലയിലെ തണ്ണീർത്തടങ്ങളുടെ ആരോഗ്യവും പക്ഷി സമ്പത്തും വിലയിരുത്തുന്നതിനായി നടത്തിയ ഈ വർഷത്തെ ഏഷ്യൻ നീർ പക്ഷി സെൻസസിലാണു കുറിത്തലയൻ വാത്തിനെ കണ്ടെത്തിയത്.
ടിബറ്റൻ പീഠഭൂമിയിലാണ് ഇവ സാധാരണ കൂട് ഉണ്ടാക്കുന്നത്. തണുപ്പു കാലത്ത് ഹിമാലയം താണ്ടി തെക്കൻ ഏഷ്യയിലേക്കു ചേക്കേറുന്ന ഇവ ഇന്ത്യയുടെ തെക്കേ അറ്റം വരെ എത്തുന്നു.
ഓക്സിജൻ അളവ് കുറഞ്ഞ, ഉയരത്തിൽ പറക്കുന്ന ഈ പക്ഷി ജീവ ലോകത്തെ ഒരു അദ്ഭുതമാണ്.
ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ഒൻപതോളം പ്രധാന തണ്ണീർത്തടങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ സർവേയിൽ ദേശാടന പക്ഷികളും തദ്ദേശീയ പക്ഷികളും ഉൾപ്പെടെ ആകെ 159 ഇനം പക്ഷികളിലായി 1467 പക്ഷികളെ കണ്ടെത്തി. ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി, സോഷ്യൽ ഫോറസ്ട്രി വയനാട്, സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, വയനാട് ബേഡേഴ്സ് എന്നിവ സംയുക്തമായാണു സർവേ സംഘടിപ്പിച്ചത്.
പനമരം, വള്ളിയൂർക്കാവ്, ആറാട്ടുതറ, കാരാപ്പുഴ, നെല്ലാറച്ചാൽ, ചേകാടി, കൊളവള്ളി, ബാണാസുര ഡാം എന്നിവിടങ്ങളിലും വയനാട് വന്യജീവി സങ്കേതത്തിലെ ഗോളൂർ, അമ്മവയൽ എന്നീ ഭാഗങ്ങളിലുമാണു നീർ പക്ഷി സർവേ നടന്നത്.
മുതിർന്ന പക്ഷി നിരീക്ഷകർ, പരിസ്ഥിതി പ്രവർത്തകർ, വിദ്യാർഥികൾ എന്നിവരടക്കം 35 പേർ സർവേക്കു നേതൃത്വം നൽകി. വയനാടിന്റെ സ്വന്തം ‘വയനാട് കുട്ടി ബേഡേഴ്സ്’ അംഗങ്ങളുടെ സജീവ പങ്കാളിത്തം സർവേക്ക് ഉണ്ടായി.
സോഷ്യൽ ഫോറസ്ട്രി ആർഎഫ്ഒ പി.സജീവൻ ഉദ്ഘാടനം നിർവഹിച്ചു.
കുറിത്തലയൻ വാത്ത് കൂടാതെ അപൂർവ ഇനം പക്ഷികളായ തീപ്പൊരിക്കണ്ണൻ, മഴക്കൊച്ച എന്നിവയും ദേശാടകനായി എത്തിയ വലിയ പുള്ളി പരുന്തും സർവേയിൽ കണ്ടെത്തി. വയനാട്ടിൽ അപൂർവമായി കാണപ്പെടുന്നതും എന്നാൽ കേരളത്തിൽ മറ്റിടങ്ങളിൽ കാണപ്പെടുന്നതുമായ പവിഴക്കാലിയെയും കണ്ടെത്താൻ കഴിഞ്ഞു.
കാലാവസ്ഥാ വ്യതിയാനവും തണ്ണീർത്തടങ്ങളുടെ വിസ്തൃതി കുറയുന്നതും പക്ഷി വൈവിധ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് വിലയിരുത്താൻ ഇത്തരം ശാസ്ത്രീയമായ കണക്കെടുപ്പുകൾ സഹായിക്കുമെന്ന് സർവേ കോഓർഡിനേറ്റർമാരായ ആർ.എൽ.രതീഷും അഹമ്മദ് സഈദും അഭിപ്രായപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

