തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷം സംസ്ഥാനത്ത് വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നതിനായി സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലെയും പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാരും സർവ്വകലാശാലകൾ, കോളേജുകൾ, സ്കൂളുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവടങ്ങളിലെ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കണം.
തലസ്ഥാന നഗരത്തിൽ രാവിലെ ഒമ്പതിന് ഗവർണർ ദേശീയ പതാക ഉയർത്തും. കരസേന, വ്യോമസേന, പോലീസ്, അശ്വാരൂഢസേന, എൻ.സി.സി, എൻ.എസ്.എസ് തുടങ്ങിയ വിഭാഗങ്ങളുടെ അഭിവാദ്യം ഗവർണർ സ്വീകരിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്യും.
ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ പതാക ഉയർത്തുകയും പോലീസ്, ഹോം ഗാർഡ്സ്/ എൻ.സി.സി. സ്കൗട്ട്സ് എന്നിവയുടെ അഭിവാദ്യം സ്വീകരിക്കുകയും ചെയ്യും.
സബ് ഡിവിഷണൽ, ബ്ലോക്ക് തലങ്ങളിൽ മജിസ്ട്രേറ്റുമാരോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരോ പതാക ഉയർത്തണം. തദ്ദേശ സ്ഥാപനങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റുമാർ, മുനിസിപ്പൽ ചെയർപേഴ്സൺമാർ അല്ലെങ്കിൽ മേയർമാർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളിലും അതത് വകുപ്പ് മേധാവികൾ പതാക ഉയർത്തുകയും പരമാവധി ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കുകയും വേണം. ആഘോഷങ്ങൾ നടത്തുമ്പോൾ 2002-ലെ ഫ്ലാഗ് കോഡ് വ്യവസ്ഥകൾ കൃത്യമായി പാലിക്കണം.
പ്ലാസ്റ്റിക് കൊണ്ടുള്ള ദേശീയ പതാകകളുടെ നിർമ്മാണവും ഉപയോഗവും പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. കൂടാതെ, എല്ലാ ആഘോഷങ്ങളിലും ഹരിത ചട്ടം പാലിക്കണം.
ദേശീയഗാനം ആലപിക്കുമ്പോൾ സദസ്സ് എഴുന്നേറ്റു നിൽക്കണമെന്നും യൂണിഫോമിലുള്ള ഉദ്യോഗസ്ഥർ സല്യൂട്ട് നൽകണമെന്നും പൊതുഭരണ വകുപ്പ് സർക്കുലറിൽ വ്യക്തമാക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

