ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നും കനത്ത നഷ്ടത്തിൽ. യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുവ ഭീഷണി മുഴക്കിയത് ലോകത്തിലെ പ്രമുഖ ഓഹരി വിപണികളെയെല്ലാം ഇന്ന് നഷ്ടത്തിലാക്കിയിരുന്നു.
ഇതിന്റെ ചുവട് പിടിച്ചാണ് ഇന്ത്യൻ സൂചികകളും ചുവപ്പിലായത്.
മുഖ്യഓഹരി സൂചികയായ സെൻസെക്സ് 1,065 പോയിന്റ് (1.28 ശതമാനം) നഷ്ടത്തിൽ 82,180.47 ലെത്തി. 1.38 ശതമാനം (353 പോയിന്റുകൾ) ഇടിഞ്ഞ നിഫ്റ്റി വ്യാപാരാന്ത്യം 25,232.50 എന്ന നിലയിലുമെത്തി.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിപണി നേരിടുന്ന ഏറ്റവും വലിയ നഷ്ടമാണിത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 465 ലക്ഷം കോടി രൂപയിൽ നിന്ന് 455 ലക്ഷം കോടി രൂപയായി കുറഞ്ഞു.
നിക്ഷേപകർക്ക് നഷ്ടം 10 ലക്ഷം കോടി രൂപയോളം. ഇന്നലത്തെ നഷ്ടവും കൂടി ചേർത്താൽ നിക്ഷേപകരുടെ പോക്കറ്റിൽ നിന്ന് ചോർന്നത് 12 ലക്ഷം കോടി രൂപയാകും.
ഇന്ന് ബിഎസ്ഇയില് 4,402 ഓഹരികളാണ് ട്രേഡ് ചെയ്യാൻ എത്തിയത്.
ഇതിൽ 3,503 എണ്ണവും നഷ്ടത്തിലായി. 780 ഓഹരികൾ മുന്നേറി.
65 ഓഹരികൾ ഒരു വർഷത്തെ ഉയരത്തിലെത്തിയപ്പോൾ 713 ഓഹരികളാണ് 52 ആഴ്ചയിലെ താഴ്ച്ചയിലേക്ക് കൂപ്പുകുത്തിയത്. 13 ഓഹരികൾ അപ്പർ സർക്യൂട്ടിലും 9 എണ്ണം ലോവർ സർക്യൂട്ടിലുമായി.
ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ റെഡ്ഡീസ് ലബോറട്ടറീസ് എന്നീ ഓഹരികൾ മാത്രമാണ് സൂചികയിൽ നേട്ടമുണ്ടാക്കിയത്. അദാനി എന്റർപ്രൈസസ്, ബജാജ് ഫിനാൻസ്, ജിയോ ഫിനാൻഷ്യൽ സർവീസസ് എന്നീ ഓഹരികൾ കനത്ത നഷ്ടത്തിലായി.
നിഫ്റ്റിയിലെ സെക്ടറുകളുടെ പ്രകടനവും മോശമായിരുന്നു.
റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ്, ഓട്ടോ, ഐടി, മെറ്റൽ, ഫാർമ സെക്ടറുകളായിരുന്നു കൂടുതൽ നഷ്ടം നേരിട്ടത്.
എന്താണ് കാരണം
ട്രംപ് തുടങ്ങിവച്ച തീരുവ യുദ്ധവും വിദേശ നിക്ഷേപകരുടെ ഓഹരി വിൽക്കലുമാണ് വിപണിയെ ഇന്ന് ഇടിവിലാക്കിയത്. ഇക്കൊല്ലം മാത്രം 29,300 കോടി രൂപയ്ക്ക് തുല്യമായ ഓഹരികൾ വിദേശികൾ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചു.
ഇന്ത്യൻ കമ്പനികളുടെ മൂന്നാം പാാദ ഫലങ്ങൾ സമ്മിശ്രമായതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. പല കമ്പനികളുടെയും പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നാണ് വിപണിയിലെ വിലയിരുത്തൽ.
ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പാലിക്കുന്നതായും വിദഗ്ധർ പറയുന്നു.
രാജ്യത്തെ ഉപഭോഗം കൂട്ടാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്ന് ഉറപ്പാണ്. എന്നാൽ കടബാധ്യത കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സർക്കാർ ചെലവിടലിൽ കുറവ് വരുത്തുമെന്ന ആശങ്ക നിക്ഷേപകർക്കുണ്ട്.
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞതും മറ്റൊരു കാരണമാണ്.
ഇന്ന് ഒരു ഡോളറിന് 90.97 രൂപ എന്ന നിലയിലാണ് കറൻസി വ്യാപാരം അവസാനിച്ചത്.
താരിഫ് വിഷയത്തിൽ അമേരിക്കൻ കോടതിയുടെ വിധിപ്രഖ്യാപനം വരുന്നതും നിക്ഷേപകരെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കേരള കമ്പനികളും ഇന്ന് കനത്ത നഷ്ടത്തിലായിരുന്നു. കിംഗ്സ് ഇൻഫ്ര, ഈസ്റ്റേൺ ട്രെഡ്സ്, സ്കൂബീഡേ, പ്രൈമ അഗ്രോ, സ്റ്റെൽ ഹോൾഡിങ്സ്, ഇസാഫ്, ടോളിൻസ് ടയേഴ്സ്, മുത്തൂറ്റ് ക്യാപിറ്റൽ, ബിപിഎൽ, ന്യൂമലയാളം സ്റ്റീൽ, സോൾവ് പ്ലാസ്റ്റിക്സ് എന്നിവ അഞ്ച് മുതൽ പത്ത് ശതമാനം വരെ ഇടിഞ്ഞു.
പോപുലർ വെഹിക്കിൾസ്, സ്റ്റെല്ല സ്പേസ്, ആസ്പിൻവാൾ, ടിസിഎം എന്നിവ മാത്രമാണ് പച്ച തൊട്ടത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

