ഇന്ത്യക്കാരും ചൈനക്കാരും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാൽ അമേരിക്കയിൽ വൈദ്യുതി ബിൽ കൂടുമോ? കഴിഞ്ഞ ദിവസം മുതൽ ഇന്റർനെറ്റിലെ സംസാര വിഷയമാണിത്. ഒരു പോഡ്കാസ്റ്റിനിടെ വൈറ്റ് ഹൗസ് ട്രേഡ് ഉപദേശകൻ പീറ്റർ നവാരോയുടെ പ്രസ്താവനയാണ് ഇത്തരം ചർച്ചകൾക്ക് തുടക്കമിട്ടത്.
ഇന്ത്യക്കാർക്ക് എഐ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാന്‍ അമേരിക്കൻ കമ്പനികൾ ചാരിറ്റി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ നവാരോയുടെ പ്രസ്താവന ശരിയല്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് സാമ്പത്തിക വിദഗ്ധർ.
ചാറ്റ് ജിപിടി അമേരിക്കൻ മണ്ണിലാണ് പ്രവർത്തിക്കുന്നത്.
അമേരിക്കയിൽ നിർമിക്കുന്ന വൈദ്യുതിയാണ് ഇതിന് വേണ്ട ഡേറ്റ സെന്ററുകള്‍ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്നത്.
എന്നാൽ അതിന്റെ സേവനങ്ങൾ ഉപയോഗിക്കുന്നത് ലോകത്തിന്റെ മറ്റിടങ്ങളിലാണ്. പ്രത്യേകിച്ചും ഇന്ത്യയിലും ചൈനയിലും.
ഇക്കാര്യം യുഎസ് സൂക്ഷ്മമായി പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലും യുഎസ് കൈവക്കുമെന്ന ആശങ്കയും ശക്തമായി. ട്രംപിന്റെ തീരുവ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചയാളാണ് നവാരോ.
ഇന്ത്യയെ തീരുവയുടെ മഹാരാജാവെന്ന് വിശേഷിപ്പിച്ച അദ്ദേഹം ലോകത്തിൽ ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യയെന്നും ആരോപിച്ചിരുന്നു.
അതേസമയം, നവാരോയുടെ പ്രസ്താവന ശരിയല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ.
ഗൂഗിൾ, ചാറ്റ് ജിപിടി പോലുള്ള കമ്പനികൾ നിശ്ചിത കാലത്തേക്ക് കുറഞ്ഞ വിലയിൽ ഇന്ത്യയിൽ എഐ പ്ലാറ്റ്ഫോമുകൾ ഓഫർ ചെയ്യുന്നതിൽ രണ്ട് ലക്ഷ്യങ്ങളുണ്ടെന്നാണ് വിലയിരുത്തൽ.
ഒന്ന്, നിലവിൽ പ്രാരംഭഘട്ടത്തിലുള്ള എഐ പ്ലാറ്റ്ഫോമുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് വലിയ തോതിലുള്ള ഡേറ്റ ആവശ്യമാണ്. ഇന്ത്യക്കാർ ഇത്തരം പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന ഡേറ്റയാണ് അമേരിക്കൻ കമ്പനികളുടെ ലക്ഷ്യം.
ഈ മേഖലയിൽ ചൈനീസ് കമ്പനികൾ ആധിപത്യം സ്ഥാപിക്കുനത് തടയണമെന്ന ലക്ഷ്യവും കമ്പനികൾക്കുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ വിശദീകരിക്കുന്നത്.
ഇന്ത്യ നേരത്തെ കണ്ടു
എന്നാൽ എഐ മേഖലയിൽ വിദേശ കമ്പനികൾ ആധിപത്യം സ്ഥാപിക്കുന്നത് അപകടമാകുമെന്ന് ഇന്ത്യ നേരത്തെ മനസിലാക്കിയിരുന്നു. ഈ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള ഊർജ്ജിത ശ്രമത്തിലാണ് നിലവിൽ ഇന്ത്യ. എഐ പ്ലാറ്റ്ഫോമുകൾക്ക് ആവശ്യമായ സെമി കണ്ടക്ടറുകൾ, ഡേറ്റ സെന്റുകൾ, പരിശീലനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം സാധ്യമാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്.
രാജ്യത്തെ ഭാഷകളും സംസ്ക്കാരവും മനസിലാക്കാവുന്ന എഐ പ്ലാറ്റ്ഫോമുകളും വികസിപ്പിക്കാനുള്ള ഗവേഷണങ്ങൾ നടന്നുവരികയാണ്. 2024ല്‍ 10,372 കോടി രൂപയുടെ ഇന്ത്യ എഐ മിഷനും കേന്ദ്രസർക്കാർ രൂപം കൊടുത്തിരുന്നു.
ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിലും എഐ മേഖലയിൽ വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡേറ്റ സെന്ററുകൾക്ക് ആവശ്യമായ ഹരിത വൈദ്യുതിയുടെ നിർമാണം, എഐ കമ്പനികൾക്കുള്ള നികുതിയിളവ്, കൂടുതല്‍ ജിപിയു ശേഷി എന്നിവയ്ക്കുള്ള പദ്ധതികൾ വേണമെന്ന് വിദഗ്ധർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2035 എത്തുമ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖല ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ 155 ലക്ഷം കോടി രൂപ സംഭാവന ചെയ്യുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

